ഗ്രാമീണ ദൃശ്യഭംഗികൊണ്ടും പ്രമേയത്തിലെ പുതുമകൊണ്ടും തനി നാടൻ സീരിസ് എന്ന പേര് ഇതിനകം നേടിയിരിക്കുകയാണ് 'ഗ്യാങ്സ് ഓഫ് കല്ലേലി' എന്ന പേരിൽ പുറത്തിറങ്ങിയ പുത്തൻ വെബ് സീരിസ്. വെബ് സീരിസിനെ കുറിച്ച് സംവിധായകൻ പ്രഭുലാൽ ബാലൻ 'സമയം മലയാള'ത്തിനോട് മനസ്സ് തുറക്കുന്നു. ലോക്ക് ഡൗൺ സമയത്ത് നാട്ടിൽ സൗഹൃദ സദസ്സുകളിൽ ഞങ്ങൾ സിനിമയെ പറ്റി സംസാരിക്കുമായിരുന്നു. അങ്ങനെ ഒരവസരത്തിൽ ക്ലബ്ബുകളെയും മറ്റുമൊക്കെ അടിസ്ഥാനമാക്കി വെബ് സീരിസ് ഒരുക്കാനുള്ള ചിന്തയുണ്ടായി. നാട്ടിൽ തന്നെ പെട്ടെന്ന് ചെയ്യാൻ പറ്റുന്നതാണ് ആലോചിച്ചത്. അങ്ങനെ ഓരോരോ കണ്ടൻറ് ആലോചിച്ചു. പെട്ടെന്നാണ് തൊഴിലുറപ്പുകാരെ പറ്റിയായാലോ എന്ന ചിന്ത വരുന്നത്. അങ്ങനെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തു സെറ്റാക്കി. റെജി രാജ് നിർമ്മിക്കാമെന്നേറ്റു, ഒപ്പം ഏതാനും സുഹൃത്തുകളും. ഞങ്ങൾ പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരാണ്. 10 ബി ആയിരുന്നു ഞങ്ങളുടെ ക്ലാസ്.



 അങ്ങനെ ഞങ്ങളുടെ ബാനറിന് '10 ബി സ്റ്റുഡിയോസ്' എന്ന് പേരിടുകയായിരുന്നു, പ്രഭുലാലിൻറെ വാക്കുകൾ.വെബ് സീരിസ് സംവിധാനം ആദ്യമായിട്ടാണ്. ഒട്ടേറെ പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സിഞ്ചാർ സിനിമയുടെ സംവിധായകൻ സന്ദീപ് പാമ്പള്ളിയോടൊപ്പം ഏഴ് വർഷത്തോളം അസിസ്റ്റൻറായി പ്രവർത്തിച്ചിരുന്നു. ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒടുവിൽ ചെയ്ത ബോർഷെ എന്ന ഹ്രസ്വ ചിത്രം അടൂർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റ്, ചെന്നൈ ഫിലിംസ് ഓഫ് 19 തുടങ്ങി എട്ടോണം ഫിലിം ഫെസ്റ്റുവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മനോഹരമായ ഗ്രാമീണ പശ്ചാത്തലവും സ്വാഭാവിക നർമ്മവും കഥാപാത്രങ്ങളുടെ നാടകീയത കലരാത്ത അഭിനയവും കൊണ്ട് ഇത് ഏവരും ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ട്. 'കമലൻ' എന്നാണ് ആദ്യത്തെ എപ്പിസോഡിന് പേര്. അണിയറയിലും അഭിനയരംഗത്തും പ്രവർത്തിച്ചിരിക്കുന്നവരെല്ലാം തന്നെ കൊല്ലം ജില്ലയിലെ പവിത്രേശ്വരം പഞ്ചായത്ത് നിവാസികളാണ്.



 അഭിനയതാക്കളിൽ ഒട്ടുമിക്കപേരും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നവരുമാണ്, പ്രഭുലൻ പറയുന്നു.കല്ലേലി എന്നൊരു സാങ്കൽപ്പിക ഗ്രാമപഞ്ചായത്തിൻറെ പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന പല പ്രായത്തിലുള്ള ഒരു കൂട്ടം തൊഴിലാളികളുടെ തൊഴിലിടങ്ങളിലും കുടുംബജീവിതങ്ങളിലും സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ഞങ്ങളുടെ 'ഗ്യാങ്സ് ഓഫ് കല്ലേലി' മുന്നേറുന്നത്. വേറെ പുതുമുഖങ്ങളെ എടുക്കാമെന്ന് നിശ്ചയിച്ചു. രണ്ട് മൂന്ന് പേർ യഥാർഥത്തിൽ തൊഴിലുറപ്പ് ചെയ്യുന്നവർ തന്നെയാണ്. അവരുടെ ജോലി ചെയ്യുന്നിടത്ത് പോയി സംസാരിച്ചു. ചിലരുടെ റിഹേഴ്സൽ എടുത്തു, ഏകദേശം ശരിയാകുന്നവരെ കൂടെക്കൂട്ടി.



 ആദ്യം അവർക്കൊന്നും വലിയ ധാരണയില്ലായിരുന്നു. പക്ഷേ ഇപ്പോൾ ആദ്യ എപ്പിസോഡ് ഇറങ്ങി കഴിഞ്ഞപ്പോൾ എങ്ങനെയൊക്കെ ചെയ്യണമെന്ന് ശരിക്കവർക്ക് മനസ്സിലായി. അടുത്തതിൽ കുറച്ചുകൂടി സൂപ്പറാക്കാൻ ഇരിക്കുകയാണ്.ലോക്ക്‌ ഡൗൺ വിരസതയിൽ നിന്നൊരു മാറ്റമുണ്ടാകണമെന്ന ചിന്തയിലാണ് ഞങ്ങൾ തുടങ്ങിയത്. കൊറോണ കാലമായതിനാൽ എല്ലാവരും നാട്ടിൽ തന്നെയുണ്ടായിരുന്നു. സിനിമയുമായും മറ്റും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പണി കുറവായതിനാൽ നാട്ടിൽ തന്നെയുണ്ടായിരുന്നു. അടുത്തുള്ളവരാകുമ്പോൾ വേറെ പ്രശ്നവുമില്ലല്ലോ. ക്യാമറയും ആർട്ടും ശബ്‍ദവും എഡിറ്റിംഗും മറ്റുമൊക്കെ ചെയ്യാൻ എല്ലാവരേയും സംഘടിപ്പിച്ചു. അഭിനയിച്ച് പരിചയമുള്ള ചിലരെ കിട്ടി.  

Find out more: