ഒരിക്കൽ കഴിച്ചാൽ മറക്കാനാവാത്ത കേരളത്തിൻ്റെ സ്വന്തം വിഭവങ്ങൾ ഇതാ... കന്യാകുമാരി മുതൽ കാസർകോഡ് വരെ നീണ്ടു കിടക്കുന്ന രുചി ഭേദങ്ങൾ തന്നെയുണ്ട് നംമടുത്തെ ഈ കൊച്ചു കേരളത്തിന്. മാത്രമല്ല പേര് പോലെ ചില വിഭവങ്ങൾക്ക് മുൻപിൽ സ്ഥലപ്പേര് ചേർത്ത് വിളിയ്ക്കാറുണ്ട്. ഭക്ഷണപ്രിയരുടെ രുചി മുകുളങ്ങളെ അനിർവചനീയം സംതൃപ്തിപ്പെടുത്തിയത്തിനു ലഭിച്ച അനൗദ്യോഗികമായ അംഗീകാരങ്ങളാണ് അവ. രാമശ്ശേരി ഇഡ്ഡലി, തലശ്ശേരി ബിരിയാണി, കോഴിക്കോടൻ ഹൽവ എന്നിവയൊക്കെ അതിൽ ചിലതാണ്. മലബാർ ഭാഗത്തെ പേരുകേട്ട നോൺ വെജിറ്റേറിയൻ വിഭവങ്ങളും പാലക്കാട്, തൃശൂർ ഭാഗങ്ങളിലെ വിവാഹ സദ്യ ഒരുക്കുന്നവരുടെ കൈപ്പുണ്യവും ഏറെ പ്രശസ്തമാണ്. മധ്യ കേരളത്തിലെ ക്രിസ്തീയ വിഭാഗക്കാർ നല്ല രീതിയിൽ ചെയ്തെടുക്കുന്ന മാംസം, മത്സ്യ വിഭവങ്ങളും തിരുവനന്തപുരത്തെ ചില ചിക്കൻ വിഭവങ്ങളും ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ടതാണ്. 2020 അവസാനിക്കുമ്പോൾ ഈ വർഷവും രുചിക്കൂട്ടിൽ മുമ്പിൽ നമ്മുടെ ഈ തനത് വിഭവങ്ങൾ തന്നെ!


  കേരളത്തിലെ രുചികരമായ വിഭവങ്ങൾ ഒരിയ്ക്കലെങ്കിലും കഴിച്ചവർ അത് മറക്കാൻ സാധ്യത കുറവാണ്, കാരണം രുചി മുകുളങ്ങൾ ആ അനുഭവം നഷ്ടപ്പെടാതെ ഒളിച്ചു വെയ്ക്കും, വീണ്ടും കാണുമ്പോഴോ പേര് കേൾക്കുമ്പോഴോ അതിനായി നിങ്ങളെ പ്രേരിപ്പിയ്ക്കുകയും ചെയ്യും. കേരളത്തിൻറെ തനത് രുചി നിലനിർത്തുന്ന ചില വിഭവങ്ങളുണ്ട്, എക്കാലവും മുൻ പന്തിയിൽ നിൽക്കുന്ന ചിലത്.അത് ഏതൊക്കെയെന്നു നോക്കാം. വെളിച്ചെണ്ണയിൽ മൊരിയിച്ചെടുത്ത ചിപ്സ് ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല, കോഴിക്കോടുകാരുടെ ഭാഷയിൽ പറഞ്ഞാൽ കായ വറുത്തത്. കേരളത്തിന് പുറത്ത് പോലും ഏറെ പ്രചാരമുള്ളതാണ് നേന്ത്രക്കായ വറുത്തെടുക്കുന്നത്. പഴുത്ത നേന്ത്രക്കായ ഉപയോഗിച്ച് തയ്യാറാക്കുന്ന മധുരമുള്ള ചിപ്സിനും ആരാധകർ ഏറെയാണ്‌. ഒപ്പം ചക്ക, മരച്ചീനി എന്നിവയും ചിപ്സ് രൂപത്തിൽ വറുത്തെടുക്കുന്നത് ഏറെ പ്രിയമുള്ളതാണ്.  കറുവപ്പട്ടയുടെ ഗന്ധത്തിലുള്ള സ്റ്റ്യൂ അടുത്തെത്തിയാൽ വേണ്ടെന്നു വെയ്ക്കാനാകില്ല. നന്നായി പാകം ചെയ്ത പാലപ്പബും കറിയും അത് ഒന്ന് വേറെ തന്നെയാണ്.


 വടക്കൻ കേരളത്തിലെ ബിരിയാണിയെ വെല്ലാൻ മറ്റാർക്കുമാകില്ല എന്ന് നിസംശയം പറയാം, പ്രത്യേകിച്ച് തലശ്ശേരി, കോഴിക്കോട് ഭാഗങ്ങളിൽ ലഭിയ്ക്കുന്ന ബിരിയാണി. തലശ്ശേരി ബിരിയാണി എന്നത് ബിരിയാണി വിൽപനയിലെ ഒരു ബ്രാൻഡ്‌ തന്നെയാണ്. വിദേശികൾക്ക് പോലും ഏറെ പ്രിയപ്പെട്ടതാണ് കേരളത്തിൻറെ സ്വന്തം കരിമീൻ. സീ ഫുഡ് വിഭാഗത്തിൽ ഏറെ പ്രശസ്തിയാർജിച്ചതും ഈ വിഭവം തന്നെ. ചുവന്നുള്ളി,കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് തവയിൽ വെച്ച് ചുട്ടെടുത്താണ് കരിമീൻ പൊള്ളിച്ചത് തയ്യാറാക്കുന്നത്. ഇലയിൽ വിളമ്പിയ സദ്യയുടെ രുചി വേറെ തന്നെയാണ്. വിവാഹ സത്കാരങ്ങളിലും ഉത്സവ വേളകളിലും വിഭവ സമൃദ്ദമായ സദ്യ ആരുടേയും രുചി സങ്കല്പങ്ങളെ പൂർത്തീകരിയ്ക്കുന്നതാണ്. ഓരോ വിഭവങ്ങളുടെയും രുചി വൈവിധ്യമാണ് സദ്യയെ കെങ്കേമമാക്കുന്നത്. 



  സദ്യയിൽ മികച്ച് നിൽക്കുന്ന വിഭവമാണ് ഉള്ളി തീയൽ. ഇരുണ്ട തവിട്ടു നിറത്തിലുള്ള ഗ്രേവിയിൽ ചെറിയ ഉള്ളി ചേർത്തുള്ള തീയൽ ഏറെ രുചികരമാണ്. വറുത്ത തേങ്ങയുടെ രുചിയും പുളിയും കൂടെ സമരസപ്പെട്ട രുചിയാണ് തീയലിന്. പാവയ്ക്ക, അല്ലെങ്കിൽ ചെമ്മീൻ എന്നിവ ചേർത്തും തീയൽ തയ്യാറാക്കാം.മധ്യ കേരളത്തിലെ ക്രിസ്ത്യൻ വീടുകളിലെ ശ്രദ്ധേയമായ വിഭവമാണ് ഇറച്ചി ഉലർത്തിയത്. കുട്ടനാടൻ മേഖലയിൽ എല്ലായിടത്തും ഈ വിഭവം രുചികരമായി ലഭിയ്ക്കും. വെള്ളം ചേർക്കാതെ വരട്ടി വേവിച്ച ബീഫ് വിഭവങ്ങൾ പൊറോട്ട അല്ലെങ്കിൽ നെയ്ച്ചോർ എന്നിവയുടെ കൂടെ മികച്ച കോമ്പിനേഷനാണ്. ഇറച്ചി ഉണക്കി സൂക്ഷിച്ച് തയ്യാറാക്കുന്ന ഇടിയിറച്ചിയും ഈ പ്രദേശത്തെ രുചികരമായ നോൺ വെജിറ്റേറിയൻ വിഭവമാണ്.

Find out more: