കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണദോഷഫലങ്ങൾ അനുസരിച്ചായിരിയ്ക്കും നമ്മുടെ ആരോഗ്യവും. ആരോഗ്യവും അനാരോഗ്യവും നൽകുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്നത് ഭക്ഷണമായതിനാൽ തന്നെയാണിത്. ചില പ്രത്യേക ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതാണ്.ആഹാര സാധനങ്ങളിൽ പോഷകങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ശരീരത്തിന് അത് സ്വാംശീകരിക്കാൻ കഴിയാറില്ല. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് തടസ്സമാകുന്ന ആന്റി ന്യൂട്രിയന്റുകളാണ് ഇവിടെ വില്ലന്മാരാകുന്നത്. ഇവയെ നശിപ്പിക്കാനും പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് സാധിക്കും.എല്ലുകൾക്ക് ആവശ്യമായ ധാതുക്കൾ വളരെ പെട്ടന്ന് ആഗിരണം ചെയ്യാനും അതുവഴി എല്ലുകളെ ബലപ്പെടുത്താനും പുളിപ്പിച്ച ഭക്ഷണങ്ങൾ പതിവാക്കുന്നത് സഹായിക്കും.അതിനാൽ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഇത്തരം ഭക്ഷണങ്ങൾ പതിവാക്കാം.പുളിപ്പിച്ച ഭക്ഷണങ്ങൾ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പുളിപ്പിച്ച ഭക്ഷണങ്ങളിൽ വിറ്റാമിൻ സി, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇത് ഏറെ സഹായകമാണ്. കുടലിലെ പ്രോബയോട്ടിക് അളവ് കൂടുന്നതുവഴി രോഗങ്ങളെ പ്രതിരിധിക്കാനുള്ള കഴിവ് ശരീരത്തിനുണ്ടാകും.ഇത് ദഹന രസം ഉത്പാദിപ്പിക്കുന്നതിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ദഹന പ്രവർത്തനങ്ങൾ കൃത്യമാകുന്നത് വഴി അമിതവണ്ണം, ഗ്യാസ് എന്നിവ പോലുള്ള പ്രയാസങ്ങൾ മറികടക്കാനും കഴിയും. ഇത് അൾസറിന്റെ സാധ്യത ഇല്ലാതാക്കും.കുടലിന്റെ ആരോഗ്യം വർധിപ്പിക്കാനും ഇത് ഗുണകരമാണ്.
കുടലിന്റെ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുന്ന ആരോഗ്യകരമായ ബാക്ടീരിയകൾ വളരുന്നതിന് പുളിപ്പിച്ച ഭക്ഷണം സഹായിക്കും. പ്രോ ബയോട്ടിക്‌സ് എന്നറിയപ്പെടുന്ന ഈ ബാക്ടീരിയകൾ മലബന്ധം കുറയ്ക്കുകയും വയറിളക്കം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.മനുഷ്യന്റെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ സെറോട്ടോണിൻ ഉൽപാദനം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ സഹായിക്കും. മാനസികമായ സന്തുലിതാവസ്ഥ നിലനിർത്താൻ ഇതിന് കഴിയും. പുളിപ്പിച്ച ഭക്ഷണം കാരണം അളവ് കൂടുന്ന കുടലിലെ പ്രോബയോട്ടിക് ബാക്ടീരിയയുടെ പ്രവർത്തനം വിഷാദം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കാൻ കഴിവുള്ളതാണ്.