
മലയാള സിനിമയുടെ ഏറ്റവും നല്ല വര്‍ഷങ്ങളിലൊന്നാണ് 2019
മുതല്‍മുടക്ക് തിരിച്ചുപിടിക്കുന്നതില്‍ വാണിജ്യപരമായി ഇന്‍ഡസ്ട്രിക്ക് ഇത് അത്ര നല്ല കാലമല്ലെങ്കിലും രാഷ്ട്രീയമായും കലാപരമായും സാങ്കേതികമായുമൊക്കെ മലയാള സിനിമ അടയാളപ്പെടുത്തിയ കാലമാണ് കടന്നുപോകുന്നത് .
എണ്ണൂറ് കോടിയോളം മുതല്‍ മുടക്കില്‍ 194 ചിത്രങ്ങള്‍. ഇതില്‍ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫിസിനെ ചലിപ്പിച്ചത്. അതിനിടയിലും ലൂസിഫര്‍ എന്ന ചിത്രം ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയെന്നത് എടുത്തു പറയേണ്ട കാര്യം തന്നെ ആണ്.
വര്‍ഷാവസാനം റിലീസ് ചെയ്ത മാമാങ്കം 100 കോടിക്ക് മുകളില്‍ നേട്ടവുമായി പ്രദര്‍ശനം തുടരുന്നു. ജല്ലിക്കട്ടും ചോലയും മൂത്തോനും വെയില്‍മരങ്ങളും ബിരിയാണിയുമൊക്കെ വിദേശമേളകളില്‍ നേടിയ പുരസ്‌കാരങ്ങള്‍ വേറെയും.
റിലീസ് ചെയ്ത 194 ചിത്രങ്ങളില്‍ 113 സിനിമകളും നവാഗത സംവിധായകരുടേതാണ് എന്നത് മലയാള സിനിമയുടെ ഭാവിയെക്കൂടിയാണ് വ്യക്തമാക്കുന്നത്റിയലിസ്റ്റിക് പരീക്ഷണങ്ങള്‍, ജനപ്രിയത എന്നിവയ്ക്കൊപ്പം മുഖ്യധാരയിലും സിനിമ സധൈര്യം രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് തുടങ്ങിയെന്നത് ഏറെ ആശാവഹമാണ്. ഉണ്ട, ഉയരെ, ജെല്ലിക്കെട്ട്, ഇഷ്‌ക്, മൂത്തോന്‍, കെട്ട്യോളാണ് എന്റെ മാലാഖ, കുമ്പളങ്ങി നൈറ്റ്സ്, തമാശ എന്നിങ്ങനെയുളള മുഖ്യധാര ചിത്രങ്ങള്‍ അതിന്റെ ഉദാഹരണവുമാണ്.
താരകേന്ദ്രീകൃതമല്ലെങ്കില്‍ പോലും കഥ, മേക്കിങ്ങ്, അഭിനയം എന്നിവയിലൂടെ ബോക്സ് ഓഫിസിനെ ഇളക്കിമറിക്കാന്‍ ആകുമെന്ന് തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ നവാഗത സംവിധായകനായ എ.ഡി ഗിരീഷ് കാട്ടിത്തന്ന വര്‍ഷം കൂടിയാണ് ഇത് എന്നത് വാസ്തവം.