
കോവിഡ് പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുമ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങി മലയാള സിനിമ; എതിര്‍പ്പ് പ്രകടിപ്പിച്ച് തിയറ്റര്‍ ഉടമകള്‍ രംഗത്ത്.
ജയസൂര്യ നായകനും ബോളിവുഡ് നടി അദിതി റാവു നായികയുമായ സൂഫിയും സുജാതയും എന്ന സിനിമയാണ് ആദ്യമായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ(ഓവര്‍ ദ് ടോപ്, ഓണ്‍ലൈന്‍ വഴിയുള്ള സ്ട്രീമിങ് സേവനം) ആമസോണ്‍ പ്രൈമിലൂടെ റിലീസിനൊരുങ്ങുന്നത്.
നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിച്ചത്.
ജയസൂര്യയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്നറിയിച്ചത്.
എന്നാല്‍ തിയറ്റര്‍ ഉടമകളുമായോ സംഘടനാ ഭാരവാഹികളുമായോ ചര്‍ച്ച നടത്താതെ ഏകപക്ഷീയായാണ് ഓണ്‍ലൈന്‍ റിലീസിന് വിജയ് ബാബു തീരുമാനമെടുത്തതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തിയറ്റര്‍ ഉടകളുടെ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
തിയറ്ററില്‍ റിലീസ് ചെയ്യുന്നതു സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായി വിജയ് ബാബു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
കരാറിന്റെ ലംഘനമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള റിലീസെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഓണ്‍ലൈന്‍ റിലീസിനെതിരേ ഫിലിം ചേംബറും രംഗത്തെത്തി.
തിയറ്റര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും നഷ്ടമുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല.
ഇക്കാര്യം സൂഫിയും സുജാതയും സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
വിജയ് ബാബുവിന്റെയും നടന്‍ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി .
സിനിമാ വ്യവസായം ഒന്നടങ്കം പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് പ്രദര്‍ശനത്തിനായി മറ്റ് പ്ലാറ്റുഫോമുകള്‍ തെരഞ്ഞെടുക്കുന്നത് ചതിയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.