സുനാമി എന്ന പേര് നെഗറ്റീവ് വൈബ് നൽകുന്നതല്ലേ ? ആണോ? സുനാമി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പേരിനെ വിമർശിച്ച ഒരു ആരാധകൻ്റെ കമൻ്റിന് ജൂനിയർ ലാൽ നൽകിയ റിപ്ലേ കൈയ്യടി നേടുകയാണ്. ചിത്രത്തിൻ്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ സംവിധായകൻ സോഷ്യൽ മീഡിയയിൽ ഒരു കമൻ്റിന് നൽകിയ മറുപടിയാണ് വൈറലാകുന്നത്. ബാലു വർഗ്ഗീസിനെ നായകനാക്കി നടൻ ലാലിൻ്റെ മകനും സംവിധായകനുമായ ജൂനിയർ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി.

 

 

 

   ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കവേയായിരുന്നു കൊവിഡ് മൂലം ഷൂട്ടിങ്ങ് അടക്കം നിർത്തി വെച്ചത്. കൊവിഡ് നിയന്ത്രണത്തിലായ ശേഷം രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുനഃരാരംഭിച്ചത്. ചിത്രത്തിൻ്റെ പേര് സുനാമി നെഗറ്റീവ് വൈബാണ് പരത്തുന്നതെന്നും ദുരന്തമോർമ്മിപ്പിക്കുന്ന ഈ പേര് മാറ്റിക്കൂടേ എന്നുമായിരുന്നു ആ കമൻ്റ്.ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്ന് പകർത്തിയ ഒരു ചിത്രം ജീൻ പോൾ ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് കമൻ്റുമായി ഒരാൾ എത്തിയത്.

 

 

 

  ഈ കമൻ്റിന് കിടിലൻ മറുപടിയുമായി ജീൻ ഉടനെത്തി. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിനെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജീൻ മറുപടി നൽകിയത്.ജീനിൻ്റെ മറുപടിയ്ക്ക് ആരാധകരും സുഹൃത്തുക്കളും കൈയ്യടി നൽകുകയാണിപ്പോൾ.നിങ്ങൾ അത്തരത്തിൽ നോക്കിക്കാണുന്നത് കൊണ്ട് മാത്രമാണ് ആ പേര് നെഗറ്റീവായി തോന്നുന്നതെന്നും മലയാളത്തിൽ ഏറെ പണം വാരിയ ചിത്രം ലൂസിഫർ ഓർമ്മയില്ലേ എന്തുകൊണ്ടാണ് അത്തരത്തിൽ ചിന്തിക്കാത്തത് എന്നുമായിരുന്നു ജീൻ പോൾ ലാൽ ചോദിച്ചത്.

 

 

 

  അച്ഛനും മകനുമായ ലാൽ, ജീൻ പോൾ ലാൽ എന്നിവർ ചേർന്നാണ് ഈ സിനിമ സംവിധാനം ചെയുന്നത്. ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവരാണ് മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രതീഷ് രാജ് എഡിറ്റിംഗ് ചെയ്യുമ്പോൾ സംഗീതം ഒരുക്കുന്നത് യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ്.

 

 

  ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും സുനാമിയ്ക്കുണ്ട്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും നടനും സംവിധായകനുമായ ലാൽ തന്നെയാണ്. 

Find out more: