ജോജു ജോർജ്ജും, നിമിഷ സജയനും, കുഞ്ചാക്കോ ബോബനും, ഒന്നിച്ച 'നായാട്ട്' എന്ന ചിത്രം തീയേറ്റർ റിലീസിന് പിന്നാലെ നെറ്റ്‍ഫ്ലിക്സിൽ എത്തിയിരിക്കുകയാണ്. ലോകമെങ്ങുനിന്നും ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. ഷാഹി കബീർ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടാണ്. ക്യാമറയ്ക്ക് പിന്നിൽ മാത്രമല്ല അഭിനേതാവായും മാർ‍ട്ടിൻ മുമ്പൊരു സിനിമയിൽ എത്തിയിട്ടുണ്ടെന്നത് പലർക്കും അറിയില്ല. ഇപ്പോഴിതാ സിനിമാഗ്രൂപ്പുകളിൽ അദ്ദേഹം അഭിനയിച്ച പഴയൊരു സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.   ണ് ഏറെ നാൾ മാർട്ടിൻ പ്രക്കാട്ട് ജോലി ചെയ്തത് വനിത മാസികയുടെ ഫോട്ടോഗ്രാഫറായിട്ടാണ്. അതിനിടയിl 2005-ൽ സത്യൻ അന്തിക്കാട് ഒരുക്കിയ ‘അച്ചുവിൻറെ അമ്മ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു അഭിമുഖത്തിൻറെ ഭാഗമായി ചിത്രങ്ങളെടുക്കാൻ അദ്ദേഹമെത്തി. ആ വരവ് വെറുതെയായില്ല.




ചിത്രത്തിൽ അഭിനയിക്കാനും മാർട്ടിന് അവസരം ലഭിക്കുകയായിരുന്നു. ഉർവശി അവതരിപ്പിച്ച വനജ എന്ന കഥാപാത്രത്തിൻറെ വീട്ടിൽ തയ്ച്ച വസ്ത്രങ്ങൾ വാങ്ങാനെത്തുന്നയാളായാണ് മാർട്ടിൻ ചിത്രത്തിൽ എത്തിയത്. ഫാഷൻ ഹൗസ് എന്ന പേരുള്ളൊരു വണ്ടിയിലെത്തി ഉർവശിയോട് സംസാരിക്കുന്നതാണ് രംഗം. ബ്ലാക്കിൻറെ ഷെയ്ഡിൽ മഞ്ഞ ഡിസൈനുള്ളത് നന്നായി മൂവ് ചെയ്യുന്ന ഐറ്റമാ, അത് കുറച്ച് കൂടുതൽ കിട്ടിയാൽ കൊള്ളാന്ന് മുതലാളി പറഞ്ഞുവെന്നാണ് മാ‍ർട്ടിൻ പറയുന്ന ഡയലോഗ്.



മുതലാളിയോട് അഡ്വാൻസായിട്ട് കുറച്ച് കാശ് തരാൻ പറ മെറ്റീരിയൽസ് വാങ്ങണ്ടേയെന്നാണപ്പോൾ ഉർവശിയുടെ മറുപടി, ഈ ഉണ്ടാക്കുന്ന കാശൊക്കെ എവിടെക്കൊണ്ടേ വയ്ക്കുന്നു ചേച്ചിയെന്നാണപ്പോൾ മാർട്ടിൻറെ കൗണ്ടർ. സർവ്വകലാശാല കലോത്സവത്തിൽ കോളേജിൽ പഠിക്കുന്ന കാലത്ത് ബെസ്റ്റർ ആക്ടർ ആയിട്ടുള്ളയാൾ കൂടിയാണ് മാർട്ടിൻ. പത്തുവർഷത്തോളം ഫോട്ടോഗ്രാഫറായി ജോലിചെയ്തിരുന്ന മാർട്ടിൻ 2010ൽ മമ്മൂട്ടിയെ നായകനാക്കി ‘ബെസ്റ്റ് ആക്ടർ’ സംവിധാനം ചെയ്തായിരുന്നു സംവിധായകനായുള്ള തുടക്കം കുറിച്ചത്. തുടർന്ന് തീവ്രം എന്ന സിനിമയിൽ അഭിനയിച്ചു. അതിനുശേഷം ദുൽഖറിനെ നായകനാക്കി എ ബി സി ഡി, ചാർളി എന്നീ സിനിമകളൊരുക്കി.



 ചാർളിയിലൂടെ മികച്ച തിരക്കഥയ്ക്കും സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ശേഷം 'ഉദാഹരണം സുജാത' എന്ന സിനിമ നിർമ്മിച്ചിട്ടുമുണ്ട്. അതേസമയം മാർട്ടിൻ ആറ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. മികച്ച പ്രതികരണം നേടികൊണ്ട് നെറ്റ്ഫ്ലിക്സിൽ ജൈത്രയാത്ര തുടരുകയാണ് നായാട്ട്. ഗോൾഡ് ക്വയിൻ മോഷൻ പിക്ചേഴ്സ് കമ്പനിയുടേയും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിൻറെയും ബാനറിൽ രഞ്ജിത്തും പിഎം ശശിധരനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് നിർമ്മാണം.  

Find out more: