ബോഡി ഷെയിമിങിനെ കുറിച്ച് പ്രിയ മണി മനസ്സ് തുറക്കുന്നു! മനോജ് ബാജ്‌പേയ് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് ദ ഫാമിലിമാൻ എന്ന ബോളിവുഡ് വെബ് സീരീസിൽ പ്രിയ അഭിനയിക്കുന്നത്. നീരജ് മാധവും സീരീസിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. വെബ്‌ സീരിസിന്റെ രണ്ടാം സീസണും വിജയകരമായി മുന്നോട്ട് പോകുന്ന സന്തോഷം പങ്കുവച്ച് സംസാരിക്കവെയാണ് താനും ബോഡി ഷെയിമിങിന് ഇരയായിട്ടുണ്ട് എന്ന് പ്രിയ മണി വെളിപ്പെടുത്തിയത്. തന്റെ വെബ്‌ സീരിന്റെ രണ്ടാം സീസണും മികച്ച വിജയം നേടിയ സന്തോഷത്തിലാണ് പ്രിയ മണി. പല അവസരങ്ങളിലും തന്നെ കറുത്തവൾ എന്നും തടിച്ചവൾ എന്നും ആൻറി എന്നുമൊക്കെ വിളിച്ചവരുണ്ടെന്ന് ബോളിവുഡ് ബബ്ബളിന് നൽകിയ അഭിമുഖത്തിൽ പ്രിയ മണി പറഞ്ഞു.



ആദ്യമൊക്കെ അതൊരു പ്രശ്‌നമായി തോന്നിയെങ്കിലും, പിന്നീട് ഞാൻ എങ്ങിനെയാണോ അങ്ങിനെ തന്നെയാണെന്ന് അംഗീകരിക്കുകയായിരുന്നു.സത്യസന്ധമായി പറയുകയാണെങ്കിൽ, എനിക്ക് 65 കിലോയിൽ അധികം ശരീര ഭാരം ഉള്ള സമയത്ത് ഞാൻ ഇപ്പോൾ ഉള്ളതിനെക്കാളും പ്രായം മതിക്കുമായിരുന്നു. അപ്പോൾ പലരും പറഞ്ഞു, നീ തടിച്ചിരിയ്ക്കുന്നു, നിന്നെ ഭയങ്കര വലുപ്പം തോന്നുന്നു എന്നൊക്കെ. ഇപ്പോൾ പറയുന്നത്, നീ ഒരുപാട് മെലിഞ്ഞു പോയി, തടിച്ചിരിയ്ക്കുന്നത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം എന്നാണ്. നിങ്ങളുടെ മനസ്സ് ഒന്ന് സ്ഥിരപ്പെടുത്തുക. ഞാൻ മെലിഞ്ഞിരിയ്ക്കുന്നതാണോ തടിച്ചിരിയ്ക്കുന്നതാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്.



എന്ത് തന്നെയാണെങ്കിലും വലുപ്പമാണെങ്കിലും ചെറുപ്പമാണെങ്കിലും എങ്ങിനെയാണോ ഒരു വ്യക്തിയുള്ളത് അങ്ങിനെ തന്നെ അംഗീകരിക്കാൻ ശ്രമിയ്ക്കുക. ആരെയും ശരീര ഘടനയുടെ പേരിൽ വിമർശിക്കാതിരിയ്ക്കുക. 'മുഖം വെളുത്തിരിയ്ക്കുന്നു, കാൽ കറത്തിരിക്കുന്നു' എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ഒരു ഫോട്ടോയ്ക്ക് വന്ന കമന്റ്.. ഹലോ എന്താണ് നിങ്ങളുയെ യഥാർത്ഥ പ്രശ്‌നം എന്നാണ് പ്രിയ ഈ ബാലിശമായ കമന്റുകൾ എഴുതുന്നവരോട് ചോദിയ്ക്കുന്നത്.



മേക്കപ്പ് ഇല്ലാതെ ഫോട്ടോ ഇടുമ്പോൾ പലരും പറഞ്ഞു എനിക്ക് പ്രായം മതിയ്ക്കുന്നു, എന്നെ കാണാൻ ആൻറിമാരെ പോലെയുണ്ട് എന്ന്. ഇതിനെക്കാളൊക്കെ അപ്പുറം എന്നെ വേദനിപ്പിച്ചത് നിറത്തിന്റെ പേരിലുള്ള വിമർശനങ്ങളാണ്. അതേസമയം നേരത്തെ വിദ്യ ബാലനും ബോഡി ഷെയിമിങിനെ കുറിച്ചുള്ള കമന്റുകളോട് പ്രതികരിച്ചിരുന്നു. തന്റെ ശരീര വണ്ണം ഇപ്പോഴൊരു ദേശീയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നാണ് വിദ്യ ബാലൻ പറഞ്ഞത്.

Find out more: