വെറൈറ്റി ലുക്കിൽ മോഹൻലാലും പൃഥ്വിരാജും! ഇരു താരങ്ങളുടേയും സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ 'ബ്രോ ഡാഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഡയറക്ട് റിലീസ് ആയിരിക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയിൽ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ, കാവ്യ ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സംവിധാനത്തിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്.




    മോഹൻലാലിൻറെയും പൃഥ്വിരാജിൻറെയും കഥാപാത്രങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.  സിനിമയുടെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവ്വഹിച്ചിരിക്കുന്നു. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം മോഹൻദാസ്, ഓഡിയോഗ്രഫി രാജാകൃഷ്‍ണൻ എം ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വാവ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഫസ്റ്റ് ലുക്ക് ഡിസൈൻ ഓൾഡ്‍മങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ എന്നിവരാണ്. ചിത്രം ടോട്ടൽ ഫാമിലി കോമഡി എൻറർടെയ്‍നർ ആയിരക്കുമെന്ന സൂചനയാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്.




  പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രോജക്റ്റ് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നു. അതേസമയം മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന സിനിമയൊരുക്കിയാണ് യുവനടൻ പൃഥ്വിരാജ് സുകുമാരൻ തൻ്റെ സിനിമാ കരിയറിൽ സംവിധായകൻ്റെ മേലങ്കി അണിഞ്ഞത്. ആദ്യ ചിത്രം തന്നെ മലയാള സിനിമയുടെ ചരിത്രത്തിലിടം നേടുന്ന ഒന്നായി മാറുകയും ചെയ്തിരുന്നു. തുടർന്നാണ് മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമയും പൃഥ്വിരാജ് ഒരുക്കിയത്. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. ഓടിടി വഴിയാകും ചിത്രമെത്തുക എന്നാണ് നിലവിലെ വിവരങ്ങൾ. ഇപ്പോഴിതാ പൃഥ്വിരാജ് ബോളിവുഡിലും സംവിധാനത്തിന് തയ്യാറെടുക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. വെബ് സീരീസാണ് പൃഥ്വിരാജ് ഹിന്ദിയിൽ ഒരുക്കുക. 





  ഇന്ത്യൻ വ്യവസായി രാജൻ പിള്ളയുടെ ജീവിത കഥയാണ് പൃഥ്വിരാജ് പറയുന്നത്. സീരീസ് സംവിധാനം ചെയ്യുന്നതിനു പുറമേ സീരീസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നതും പൃഥ്വിരാജ് തന്നെയാണ്. ബ്രിട്ടാണിയ ഇൻഡസ്ട്രീസിന്റെ ഉടമകളിൽ ഒരാളായിരുന്ന, ഇന്ത്യയുടെ ബിസ്‌കറ്റ് കിങ്ങ് കൂടിയായിരുന്ന രാജൻ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരീസിൻ്റെ അണിയറപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് താരമിപ്പോൾ. സാരിഗമയുടെ യൂഡ്‌ലീ ഫിലിംസാണ് സീരീസ് നിർമ്മിക്കുന്നത്. 2022ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

Find out more: