രാജ്യാന്തര ചലച്ചിത്രമേളക്ക് ഇനി ദിവസങ്ങൾ മാത്രം! പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഇക്കുറി മേള സംഘടിപ്പിക്കുന്നത്. 15 തീയേറ്ററുകളിലായി ഏഴു വിഭാഗങ്ങളിൽ 173 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തീയേറ്ററുകളിലെ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി ഇക്കുറി മേളയ്ക്കുണ്ട്. ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരിതെളിയാൻ ഇനി ആറുനാൾ കൂടി. മാർച്ച് 18 മുതൽ 25 വരെയാണ് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം 19 ന് വൈകിട്ട് ആറിന് തിരുവനന്തപുരത്ത് നടക്കും. എട്ട് ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയിൽ പതിനായിരത്തോളം പ്രതിനിധികൾക്ക് ഇക്കുറി പ്രവേശനം അനുവദനീയമാണ്.
കൊവിഡ് മഹാമാരിയും റഷ്യൻ യുദ്ധവുമൊക്കെ പ്രതിസന്ധിയിലാഴ്ത്തിയ മനുഷ്യരുടെ അതിജീവനക്കാഴ്ചയും രാജ്യാന്തര ചലച്ചിത്രമേളയിലുണ്ടാകും. ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജാണ് മേളയിലെ പ്രധാന ആകർഷണം. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഏതാനും സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തരിച്ച മലയാള സിനിമയുടെ മഹാനടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചു കൊണ്ടുള്ള റെട്രോസ്പെക്റ്റീവും ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് ,നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്, ഉദ്ധരണി, അവനോവിലോന, ബനേർ ഘട്ട, പ്രാപ്പേട, ചവിട്ട്, സണ്ണി, എന്നിവർ, നിറയെ തത്തകളുള്ള മരം, ആർക്കറിയാം, വുമൺ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദന്റെ കുമ്മാട്ടി റീഡിസ്‌കവറിങ് ദി ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
തമ്പ്,ആരവം ,അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് നടൻ നെടുമുടി വേണുവിന് ആദരമായി മേളയിൽ പ്രദർശിപ്പിക്കുന്നത്. കെ പി എ സി ലളിത ,പി ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ,ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. 26 മലയാള ചിത്രങ്ങൾ ഇക്കുറി പ്രദർശിപ്പിക്കുന്നുണ്ട്. നിഷിദ്ധോ, ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും 2020ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ള നോട്ടം എന്ന ചിത്രത്തിൻറെ ഇന്ത്യയിലെ ആദ്യപ്രദർശനവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
Find out more: