ജോണറിൽ നിറം മാറുന്ന തവളമനുഷ്യൻ; ആവാസവ്യൂഹത്തിന്റെ വിശേഷം അറിയാം! ഐഎഫ്എഫ്കെ -യിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ ഈ ചിത്രമിപ്പോൾ സോണി ലിവിലൂടെ കാണാൻ കഴിയുന്നതാണ്. കൃഷാന്ത് ആർകെ സംവിധാനം ചെയ്ത ചിത്രത്തിൽ രാഹുൽ രാജഗോപാൽ, നിലീൻ സാന്ദ്ര, ഴിൻസ് ഷാൻ, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കും ഉള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രമാണ് 'ആവാസവ്യൂഹം'.മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും വളരെ വ്യത്യസ്തമായ പാതയിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം. ഡോക്യുമെൻററി, ഡോക്യുഫിക്ഷൻ, അഭിമുഖം, ത്രില്ലർ, ബ്ലാക്ക് കോമഡി തുടങ്ങിയ വിഭിന്ന സ്വഭാവങ്ങൾ ഭംഗിയായി വിളക്കിച്ചേർത്താണ് സംവിധായകൻ കഥ അവതരിപ്പിച്ചിരിക്കുന്നത്.





   അതിനാൽ തന്നെ ഒട്ടും മുഷിച്ചിലുണ്ടാകില്ലെന്ന് മാത്രമല്ല, ആവേശത്തോടെ ചിത്രം കണ്ടിരിക്കാൻ സാധിക്കുമെന്നും ഉറപ്പുതരാം.സാധാരണ പ്രേക്ഷകൾ 'അവാർഡ് ഫിലിം' എന്ന് വിശേഷിപ്പിക്കുന്ന പതിവ് ചട്ടക്കൂടുകളെ തച്ചുടയ്ക്കുന്ന ആവാസവ്യൂഹം അത്ഭുതകരമായ രണ്ട് മണിക്കൂറുകളാണ് സമ്മാനിക്കുന്നത്.ആവാസവ്യൂഹം എന്ന പേരുപോലെ ചിത്രത്തിൻ്റെ ഘടനയും ശ്രദ്ധയാകർഷിക്കുന്നതാണ്. മനുഷ്യർക്കൊപ്പം മറ്റു ജീവജാലങ്ങളുമടങ്ങിയ പ്രകൃതിയെന്ന വലിയ കാൻവാസിലാണ് സംവിധായകൻ കഥ പറയുന്നത്. പ്രകൃതിയേക്കുറിച്ചും അതിലെ വൈവിധ്യമാർന്ന ജീവവർഗ്ഗങ്ങളേക്കുറിച്ചും ഒരു ഡോക്യുമെൻററിയിലേതുപോലെ ആഖ്യാനം ചെയ്യുന്നുണ്ട് ചിത്രത്തിൽ.




   അവയുടെ വാസസ്ഥലങ്ങളെക്കുറിച്ചും മറ്റ് പ്രത്യേകതകളേക്കുറിച്ചും അവ നേരിടുന്ന ഭീഷണികളേക്കുറിച്ചും അതാത് മേഖലയിലെ വിദഗ്ധർ ആധികാരികതയോടെയാണ് ചർച്ചചെയ്യുന്നത്. അതിനൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങൾ അഭിമുഖം നൽകുന്ന രീതിയിലാണ് പ്രധാന കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഡോക്യുമെൻ്ററി, അഭിമുഖം എന്നീ നിലകളിൽ കഥ അനാവരണം ചെയ്യുന്നതിനൊപ്പം ഫിക്ഷണൽ ഫീച്ചർ സിനിമയുടെ എലമെൻ്റുകളും സമാസമം ചിത്രത്തിൽ ചേർത്തിട്ടുണ്ട്. പറയുമ്പോൾ തികച്ചും അസാധാരണമായ അവതരണ ശൈലിയാണ് പിന്തുടർന്നതെങ്കിലും കാഴ്ചക്കാരിൽ ഒട്ടും ആശങ്ക സൃഷ്ടിക്കാതെയാണ് സംവിധായകൻ കാര്യങ്ങൾ കൈകാര്യം ചെയ്തത്. എറണാകുളം ജില്ലയിലെ പുതുവൈപ്പ് എന്ന പ്രദേശമാണ് ചിത്രത്തിൻറെ കഥാപശ്ചാത്തലം.




  കടലും കരയും ഒന്നുചേരുന്ന പ്രദേശം കഥയ്ക്ക് ജീവൻ നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. എവിടുന്നു വന്നുവെന്ന് ആർക്കുമറിയാത്ത ജോയ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥയുള്ളത്. ചിലർ ബംഗാളിയായും, ചിലർ ശ്രീലങ്കൻ സ്വദേശിയായും ഒക്കെയാണ് അയാളെ കരുതുന്നത്. ചില പ്രത്യേക ശബ്‍ദങ്ങൾ പുറപ്പെടുവിച്ച് മത്സ്യങ്ങളേയും, തവളകളേയുമൊക്കെ വിളിച്ചുവരുത്താനുള്ള കഴിവ് ജോയിക്കുണ്ടായിരുന്നു. മറ്റുള്ളവർ ജോയിയെ അന്യനായി കാണുമ്പോഴും, ഒപ്പം കൂട്ടുന്നവർക്ക് അയാൾ നല്ലകാലം സമ്മാനിച്ചിരുന്നു. ജോയി സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റ് കഥാപാത്രങ്ങളുടെ വിവരണത്തിലൂടെയാണ് അയാളേക്കുറിച്ചും അയാളിലെ അമാനുഷികതയേക്കുറിച്ചും അറിയാനാകുന്നത്.





  ഓരോ ഭാഗങ്ങളായാണ് ചിത്രം അതൊക്കെ പരിചയപ്പെടുത്തുന്നത്. തവള, തുമ്പി, പുഴു, പാമ്പ്, പക്ഷികൾ എന്നിങ്ങനെ പ്രകൃതി സൃഷ്ടിച്ച ആവാസവ്യവസ്ഥയെക്കുറിച്ച് വളരെ ആഴത്തിലുള്ള വിവരങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. അതിന് പിന്നിലുള്ള ഗവേഷങ്ങൾ അനുമോദനം അർഹിക്കുന്നതാണ്.കടലും-കരയും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും, ജീവജാലങ്ങളിലെ വൈവിധ്യവും- അവ നേരിടുന്ന വംശനാശ ഭീഷണിയും, മനുഷ്യരുടെ ഇടപെടലുകൾ പ്രകൃതിനിയമങ്ങളെ ഭേദിക്കുന്നതും അടക്കമുള്ള ഒട്ടേറെ വിഷയങ്ങൾ മനോഹരമായി ഉൾപ്പെടുത്തിയിരിക്കുന്ന കഥയിൽ ഫാൻ്റസി കലർത്തിയതാണ് ചിത്രത്തിൻ്റെ മുഖ്യ ആകർഷണം.
 
 

Find out more: