നടൻ പൃഥ്വിരാജിനു ഇന്ന് നാല്പതാം പിറന്നാൾ! രണ്ടു പതിറ്റാണ്ടിൻ്റെ കരിയറിൽ തൻ്റേതായ വഴികൾ അയാൾ വെട്ടിത്തെളിച്ച് തനിക്കുള്ള രാജപാതകൾ തീർത്തു. മുന്നിൽ മന്നന്മാർ ഒരുപാടുണ്ടെങ്കിലും ഇന്നു കേരളത്തിനു പുറത്ത് മലയാള സിനിമ സമം പൃഥ്വിരാജ് എന്ന മേൽവിലാസമാക്കി അയാൾ മാറ്റിയെടുത്തു. കെജിഎഫ് പോലെ ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ നിർമാതാക്കളും സംവിധായകനും തനിക്കു വേണ്ടി കാത്തിരിക്കുന്ന നിലയിലേക്കു തൻ്റെ കരിയറിനെ അയാൾ വളർത്തി. അതിനൊപ്പം നിർമാണവും വിതരണവും അടക്കം സിനിമയുടെ ഇതര മേഖലകളിലേക്കും തൻ്റെ ലോകം വിശാലമാക്കി. പിന്നീട് ഗായകനായി. ഒടുവിൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനും. അപ്പോഴും അയാൾ പറയുന്നു തൻ്റെ ഇടം അഭിനയമാണ്, മറ്റെല്ലാം ആഗ്രഹംകൊണ്ട് ചെയ്യുന്നതാണ്.





  സമീപ കാലത്ത് മലയാളത്തിൻ്റെ വെള്ളിത്തിരയിൽ വലിയ വിജയം നേടിയ നിരവധി അന്യ ഭാഷാ ചിത്രങ്ങളുടെ വിതരണം പൃഥ്വിയുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ ബോളിവുഡിലെ നിർമാതാവുമായി മാറിയിരിക്കുന്നു. എന്നാൽ ഒരു ബിസിനസുകാരനപ്പുറം ഒരു നല്ല കലാകാരനെ പൃഥ്വിയിൽ കാണാനാകും. കൊമേഴ്സ്യൽ വിജയത്തിനപ്പുറം തൻ്റെ ബ്രാൻഡിൽ നിന്നും വരുന്ന ചിത്രങ്ങൾക്ക് മികച്ച നിലവാരമുണ്ടായിരിക്കണം എന്നയാൾക്ക് നിർബന്ധമുണ്ട്. കാരണം സിനിമയെ അതിയായി സ്നേഹിക്കുന്ന ഒരു രാജകുമാരനാണ് അയാൾ. ചെങ്കോലും കിരീടവുമണിഞ്ഞ മലയാളത്തിൻ്റെ സ്വന്തം രാജകുമാരാൻ.



  
അന്യ ഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നതിനും ഇതര സിനിമാ മേഖലകൾക്ക് മലയാളത്തിലേക്കുള്ള കടന്നുവരവിനുമെല്ലാം പൃഥ്വിരാജിലൂടെ എന്ന മേൽവിലാസം അയാൾ വളർത്തിയെടുത്തു.പൃഥ്വിരാജിന്റെ വരവെങ്കിലും രാജസേനൻ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാർ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ പൃഥ്വിരാജിന്റെ മുഖം ആദ്യമായി കാണുന്നത്. പിന്നീട് സ്റ്റോപ് വൈലസും റിലീസായതിനു ശേഷമാണ് അതേ വർഷം ഡിസംബറിൽ നന്ദനം തിയറ്ററിലെത്തുന്നത്. 20 -ാം വയസിൽ നായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. മലയാള സിനിമ അയാൾക്കൊപ്പം സ‍ഞ്ചരിക്കാൻ തുടങ്ങി. സ്വപ്നക്കൂട്, വെള്ളിനക്ഷത്രം, അത്ഭുത ദ്വീപ്, അനന്തഭദ്രം തുടങ്ങിയ ഹിറ്റുകളിലൂടെ സഞ്ചരിച്ച് 2006 ൽ ക്ലാസ്മേറ്റ്സിലൂടെ ഇൻഡസ്ട്രി ഹിറ്റ്. അതേ വർഷം പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലൂടെ തന്റെ 24 -ാം വയസിൽ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്കാര നേട്ടം. 







  2007 ലെ ആഘോഷ നാളുകളിൽ ചോക്ലേറ്റിലൂടെ സൂപ്പർ ഹിറ്റ് വിജയം നേടിയ പൃഥ്വിയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതത് തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. നക്സൽ ജോസഫായി അയാൾ നിറഞ്ഞാടി. 2009 ൽ പുതിയ മുഖം, റോബിൻ ഹുഡ് എന്നീ ചിത്രങ്ങളുടെ വിജയത്തോടെ സൂപ്പർ സ്റ്റാർ പട്ടവും.അനന്തഭദ്രത്തിനു ശേഷം സന്തോഷ് ശിവന്റെ സംവിധാനത്തിൽ ചരിത്ര കഥ പറഞ്ഞെത്തിയ ഉറുമി പൃഥ്വിയുടെ കരിയറിൽ ടേണിംഗ് പോയിന്റായി. ചിത്രത്തിൽ ചിറയ്ക്കൽ‌ കേളു നയനാർ എന്ന ചരിത്ര പുരുഷനായി എത്തിയ പൃഥ്വി ആഗസ്റ്റ് സിനിമ എന്ന നിർമാണ കമ്പനിയുടെ ഭാഗവുമായി സിനിമ നിർമാണത്തിലേക്കും കടന്നു. അതേ വർഷം പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡ്, ഇന്ത്യൻ റുപ്പി തുടങ്ങിയ ചിത്രങ്ങളും കാമ്പുള്ള നടന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. 2005 ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. 2010 ൽ പോലീസ് പോലീസ് എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും.

Find out more: