പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം മോഹൻലാൽ- സംവിധായകൻ വൈശാഖ്- തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവർ വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു മോൺസ്റ്റർ. ഫാമിലി മൂഡിൽ ആരംഭിക്കുന്ന കഥാ പശ്ചാത്തലത്തിൽ നിന്നും ത്രില്ലടിപ്പിക്കുന്ന ഇന്റർവെൽ പഞ്ചും ട്വിസ്റ്റും സ്റ്റൈലിഷ് ഫൈറ്റും ഒരുക്കിവെച്ച ക്ലൈമാക്സുമായി ദിപാവലി ആഘോഷത്തിനുള്ള ചിത്രം തന്നെയാണ് മോൺസ്റ്റർ.സംവിധായകൻ വൈശാഖ് റിലീസിനു മുമ്പ് പറഞ്ഞ പോലെ ഇത് മാസ് സിനിമയല്ല. അതേ സമയം മലയാള സിനിമ അത്രകണ്ട് പറഞ്ഞിട്ടില്ലാത്ത ഒരു വലിയ തീമിനെ അതിന്റെ എല്ലാ തീവ്രതയോടും ചിത്രം പറയുന്നുമുണ്ട്. നീതിയും ന്യായവും ആരുടെ പക്ഷത്ത് എന്ന വലിയ ചോദ്യത്തിനു മുന്നിൽ കൊല ചെയ്തവൻ്റെ ന്യായമല്ല, കൊല്ലപ്പെട്ടവരോടുള്ള നീതിയാണ് വലിയതെന്നുള്ള ഉത്തരം കൃത്യമായി പറയുന്നു. ലക്കി സിംഗായി മോഹൻലാലിൻ്റെ സ്ക്രീന് പ്രെസൻസു തന്നെ ചിത്രത്തിലേക്കു പ്രേക്ഷകരെ കൂട്ടുന്നത്.
പിന്നീട് അയാളുടെ കളിയും ചിരിയും നോട്ടി ഭാവങ്ങളുമായി ചിരിപ്പിക്കുന്ന ആദ്യ പകുതി. കളിച്ചും ചിരിച്ചും പാട്ടു പാടി രസിപ്പിച്ചതുമായ അയാൾ പിന്നീട് മോൺസ്റ്ററായി മാറുന്നിടത്താണ് കഥയുടെ ടേണിംഗ് പോയിൻ്റ്. മോഹൻലാലിൻ്റെ തനതായ കളിചിരിയുടെ രസക്കാഴ്ചയിൽ നിന്നും പിന്നീട് നായകൻ്റെ വീരപരിവേഷവും ചൂടുന്നു. അതോടെ മോൺസ്റ്ററിന്റെ കളികൾ ആരംഭിക്കുകയായി. ലക്കി സിംഗായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ ഉദയകൃഷ്ണയുടെ മുൻ ചിത്രങ്ങൾ പോലെ തന്നെ ട്വിസ്റ്റും മാസും ത്രില്ലും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.ഷീ ടാക്സി ഡ്രൈവറായ ഭാമിനിയുടെ വിവാഹ വാർഷിക ദിനത്തിൽ അവൾക്കു ക്രമീകരിച്ചിരുന്ന യാത്രക്കാരനാണ് ലക്കി സിംഗ്. അയാൾ പിന്നീട് അവളുടെയും അവളുടെ ചുറ്റുപാടുമുള്ളവരുടെയും ജീവിതത്തിലേക്കു കടന്നു ചെല്ലുന്നതോടെ സംഭവിക്കുന്ന ചുരുളഴിയാത്ത രഹസ്യങ്ങളുടെ വെളിപ്പെടുത്തലാണ് ചിത്രം.
ചിത്രത്തിൽ ഭാമിനിയായി ഹണി റോസ് എത്തുമ്പോൾ ദുർഗ എന്ന കഥാപാത്രമായി തെലുങ്കു താരം ലക്ഷ്മി മഞ്ജുവും എത്തുന്നു. എന്തിനാണ് ലക്ഷ്മി മഞ്ജുവിനെ ചിത്രത്തിൻ്റെ ഭാഗമാക്കിയതെന്നുള്ളത് ചിത്രത്തിൻ്റെ മർമ പ്രധാന ഭാഗമായി മാറുന്നു. ചിത്രത്തിൽ ഞെട്ടിക്കാനുള്ള വകയാണ് മഞ്ജു ഒരുക്കിവെച്ചിരിക്കുന്നത്. സുദേവ് നായർ, ലെന, ഗണേഷ് കുമാർ, സാധിക, സിദ്ധിഖ് തുടങ്ങിയവരും താരനിരയിലുണ്ട്. എങ്കിലും കഥ ചുറ്റിത്തിരിയുന്നത് നാല് കഥാപാത്രങ്ങളിൽ മാത്രമാണ്.ദീപക് ദേവിൻ്റെ സംഗീത പശ്ചാത്തലം മോൺസ്റ്റിനു പ്ലസ് പോയിന്റാകുന്നുണ്ട്. ലൂസിഫറിനു ശേഷം മറ്റൊരു എനർജെറ്റിക് പശ്ചാത്തല സംഗീതം ദീപക് ദേവ് ഒരുക്കുന്നത് ഈ ചിത്രത്തിനു വേണ്ടിയാകും. ഒപ്പം സതീഷ് കുറുപ്പിൻ്റെ കാമറക്കണ്ണുകളും ഷമീർ മുഹമ്മദിൻ്റെ എഡിറ്റിംഗും ചിത്രത്തിനു മാറ്റുകൂട്ടുന്നു.
കോമഡിയും ആക്ഷനും ത്രില്ലിംഗുമൊക്കെയായി തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ ഇത്തവണ ശക്തമായ ഒരു പ്രമേയത്തെ പ്രേക്ഷകരുടെ ചിന്തയിലേക്കു വിട്ടു നൽകുന്നു. സ്വാതന്ത്ര്യത്തോടും വ്യക്തിത്വത്തോടും ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് ചിത്രം ഓർമപ്പെടുത്തുകയാണ്. മോൺസ്റ്റർ വിദേശ രാജ്യങ്ങളിൽ ബാൻ ചെയ്തതിൻ്റെ കാരണം തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർക്കു വ്യക്തമാകും. സ്വവർഗരതിയ്ക്കു നിയമ പരിരക്ഷയുണ്ടായിട്ടും അത്തരത്തിലുള്ള ആളുകൾക്കു നമ്മുടെ സമൂഹത്തിൽ നിന്നും ലഭിക്കുന്ന തിക്താനുഭവം ഓർമപ്പെടുത്തുന്നത് മോൺസ്റ്ററിലൂടെ വലിയ ചിന്തകൾക്കു തുടക്കം കുറിക്കുന്നതാകട്ടെ എന്നു ആശംസിക്കാം.
Find out more: