ബിഗ്ബജറ്റ് സിനിമകൾക്കു പിന്നാലെ വിജയ്ക്കും വിജയ് സേതുപതിയ്ക്കുമൊപ്പമുള്ള സിനിമകൾക്കു ഒരുങ്ങി നടൻ കമലഹാസൻ! മണിരത്നത്തിൻ്റെ പുതിയ ചിത്രത്തിലും കമലഹാസനാണ് നായകനാകുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിക്രത്തിനു ശേഷം വീണ്ടും വിജയ് സേതുപതി കമലഹാസനൊപ്പം മറ്റൊരു ചിത്രത്തിലെത്തുന്നു. കൂടാതെ ഇളയ ദളപതി വിജയുടെ ചിത്രത്തിൽ നിർണായക ഗസ്റ്റ് വേഷത്തിലെത്തുമെന്നും വാർത്തയുണ്ട്. വിക്രത്തിൻ്റെ വലിയ വിജയത്തിനു ശേഷം കമലഹാസനെ തേടിയെത്തുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളാണ്. പതിവു ട്രാക്കിൽ നിന്നുമാറി മികച്ച ടീമിനൊപ്പമുള്ള സിനിമകളുടെ ഭാഗമാവുകയാണ് താരം. കമലിൻ്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന മറ്റൊരു പ്രോജക്ട് വിക്രം -2 ആണ്. 500 കോടി ക്ലബിലിടെ നേടിയ സംവിധായകൻ ലോകേഷ് കനകരാജ് - കമലഹാസൻ ടീം രണ്ടാം ഭാഗവുമായി എത്തുന്നത് 2024 ൽ ആകും. കമലഹാസൻ്റെ അനൗൺസ് ചെയ്ത അടുത്ത ചിത്രം സംവിധായകൻ മണിരത്നത്തിനൊപ്പമുള്ള പ്രജക്ടാണ്. ക്ലാസിക് ചിത്രം നായകനു ശേഷം കമലഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിനു വലിയ ഹൈപ്പാണുള്ളത്.
2023 മാർച്ചോടെയാകും ചിത്രം ആരംഭിക്കുന്നത്. സിനിമകളുടെ തെരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധിക്കുകയാണ് കമലഹാസനിപ്പോൾ. പരീക്ഷണങ്ങൾക്കും പുതുമുകൾക്കും മാത്രം പ്രാധാന്യം കൊടുത്തതോടെയാണ് ഇടക്കാലത്ത് കമലഹാസൻ്റെ ചിത്രങ്ങൾക്ക് ബോക്സോഫീസിൽ ചലനം സൃഷ്ടിക്കാനാവാതെ പോയത്. അതുകൊണ്ടു തന്നെ മികച്ച യുവ സംവിധായകർക്കും പ്രതിഭകളായ സീനിയേഴ്സിനൊപ്പം പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന സിനിമകളാണ് ഇനി ചെയ്യുന്നത്. ഇന്ത്യൻ -2 ആണ് ഇനി കമലഹാസൻ്റെതായി തിയറ്ററിലെത്തുന്നത്. ശങ്കറിനൊപ്പം ഹിറ്റ് ചിത്രത്തിനു രണ്ടാം ഭാഗവുമായി എത്തുമ്പോൾ ബിഗ് ബജറ്റിൽ വമ്പൻ താരനിരയെയാണ് അണിനിരത്തുന്നത്.പുതിയ റിപ്പോർട്ടുകൾ പ്രകാരം വീണ്ടും വിജയ് സേതുപതിയും കമലഹാസനും ഒന്നിക്കുകയാണ്. തീരൻ അധികാരം ഒന്ന്, അജിത്ത് നായകനായ നേർകൊണ്ട പാർവൈ, വാലിമൈ, റിലീസിനൊരുങ്ങുന്ന തുനിവ് എന്നീ ചിത്രങ്ങൾക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് രണ്ട് തമിഴ് നടികരും അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.
പുതിയ ചിത്രത്തിലും വിജയ് സേതുപതിക്കായി വില്ലൻ കഥാപാത്രമാണ് ഒരുക്കിയിരിക്കുന്നത്. മണിരത്നവുമായുള്ള പ്രോജക്ടിനു മുമ്പ് എച്ച്. വിനോദുമായുള്ള ചിത്രമുണ്ടാകുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ബോക്സോഫീസിലേക്കുള്ള കമലഹാസൻ്റെ തിരിച്ചു വരവായിരുന്നു വിക്രം. ചിത്രത്തിൽ കൊടൂര വില്ലനായ സന്താനമെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കമലഹാസനൊപ്പം നിറഞ്ഞുനിൽക്കുകയായിരുന്നു വിജയ് സേതുപതി.നായകനെന്ന ലേബലിനപ്പുറം താൻ ആരാധിക്കുന്ന നായകന്മാർക്കൊപ്പം മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അവർക്കൊപ്പം സ്ക്രീൻ പങ്കിടാനുമാണ് വിജയ് സേതുപതിയിലെ നടൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പേട്ടയിൽ രജനികാന്തിനൊപ്പവും മാസ്റ്ററിൽ വിജയ്ക്കൊപ്പവും വിക്രത്തിൽ കമലഹാസനൊപ്പവും നായകനോളം ശക്തനായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. പതിവു അടി ഇടി വില്ലന്മാരിൽ നിന്നും വ്യത്യസ്തമായി വ്യക്തമായ ഐഡൻ്റിറ്റിയും മാനറിസവും വിജയ് സേതുപതിയുടെ വില്ലൻ കഥാപാത്രങ്ങൾക്കുണ്ട്. വിജയ് സേതുപതി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ഡിഎസ്പി അടുത്ത വർഷം ആരംഭിക്കും.
ഈ നടനുവേണ്ടി ഇപ്പോൾ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രങ്ങളൊരുങ്ങുകയാണ്. കത്രീന കൈഫിനൊപ്പം പ്രധാന കഥാപാത്രമാകുന്ന മേരി ക്രിസ്മസ് വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ്. ഇതിനു പിന്നാലെ അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രം ജവാനിൽ ഷാരുഖ് ഖാനൊപ്പമാണ് വെള്ളിത്തരിയിലെത്തുന്നത്. നിശബ്ദ ചിത്രം ഗാന്ധി ടോക്സ്, ഹിന്ദി ചിത്രം മുംബൈക്കാർ, തെലുങ്കു ചിത്രം മൈക്കിൾ, തമിഴ് ചിത്രം വിടുതലൈ എന്നിവയും ഇനിയെത്തുന്ന വിജയ് സേതുപതി സിനിമകളാണ്. വിജയ് സേതുപതി ഇന്നു പാൻ ഇന്ത്യൻ ലെവലിൽ വളരെ തിരക്കുള്ള താരമാണ്. തങ്ങളുടെ സ്റ്റാർഡം നിലനിർത്താൻ വേണ്ടി ഇതര ഭാഷകളിലെത്തുമ്പോൾ മാത്രമാണ് സൂപ്പർ സ്റ്റാറുകൾ പതിവായി വില്ലൻ വേഷങ്ങൾ ചെയ്യുന്നത്. അവർക്കിടയിലാണ് വിജയ് സേതുപതി വ്യത്യസ്തനാകുന്നത്.
Find out more: