'കണക്ട്'ഹൊറർ കണക്ഷനിൽ നയൻ‌താര! വീണ്ടും ഭയത്തിൻ്റെ കണക്ഷൻ പ്രേക്ഷകരിലേക്ക് പകരാൻ നയൻതാര എത്തിയ തമിഴ് ചിത്രമാണ് കണക്ട്. ഹൊറർ പശ്ചാത്തലമാണെങ്കിലും പ്രേക്ഷകരിലേക്ക് ചിത്രം കണക്ട് ചെയ്യാൻ സംവിധായകൻ ഇത്തവണ തെരഞ്ഞെടുത്ത അവതരണ രീതിയാണ് മികവായി മാറുന്നത്. ഹൊറർ കഥകളോട് പ്രത്യേക ഇഷ്ടമുണ്ട് നയനാരയ്ക്ക്. അതുകൊണ്ടു തന്നെ ഇടവേളകളിൽ ഹൊറർ പശ്ചാത്തലത്തിലുള്ള സിനിമിയുമായി നയൻസ് പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്.2015 ൽ നയൻതാരയ്ക്കു ലേ‍ഡി സൂപ്പർ സ്റ്റാർ പദവി സമ്മാനിചച്ച ചിത്രമായിരുന്നു മായ. വ്യത്യസ്തമായ ഹൊറർ കഥ പറഞ്ഞ മായയുടെ സംവിധായകനും നയൻതാരയും വീണ്ടും ഒന്നിച്ച ചിത്രമാണ് കണക്ട്. മായ, 2019 ൽ പുറത്തിറങ്ങിയ ഗെയിം ഓവർ എന്നീ ചിത്രങ്ങൾക്കു ശേഷം അശ്വിൻ ശരവണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൻ്റെ കഥാ പശ്ചാത്തലത്തിനു പുതുമയൊന്നും പ്രത്യേകിച്ചു പറയാനില്ല. 




   എങ്കിലും അവതരണത്തിലൂടെ അതു മറികടക്കാനും കഥാപാത്രങ്ങളുടെ പ്രകടനവും ഇമോഷനിലൂടെയും പ്രേക്ഷകരിലേക്ക് കണക്ടാകാനും സാധിക്കുന്നതാണ് ചിത്രത്തിൻ്റെ വിജയം. നയൻതാര, സത്യരാജ്, ബോളിവുഡ് താരം അനുപം ഖേർ, വിനയ് റായ്, ഹനിയ നഫീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കോവിഡിൻ്റെ പശ്ചാത്തലത്തിലുള്ള കഥയുടെ അവതരണത്തിനു വീഡിയോ കോൾ മുഖേനയാണ് സംവിധായകൻ പ്രേക്ഷകരോട് കഥ പറയുന്നത്. മലയാള സിനിമ സീ യു സൂണിനു സമാനമായി ചിത്രത്തിൻ്റെ കഥാഗതികളെല്ലാം പ്രേക്ഷകർ കാണുന്നത് വീഡിയോ കോൾ ഫോർമാറ്റിലാണ്.സൂസനും ഭർത്താവ് ജോസഫും മകൾ അമ്മുവും പിതാവ് ആർതറും ചേരുന്ന കുടുംബത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. കോവിഡ് കാലത്ത് ഡോക്ടറായ ജോസഫിനും ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. എന്നാൽ ജോസഫിനെയും മരണം കവരുന്നതോടെ അതിൻ്റെ ആഘാതം ഏറെയുണ്ടാക്കിയത് സൂസനേക്കാൾ മകളെയായിരുന്നു. 





  തൻ്റെ അച്ഛനോട് സംസാരിക്കുന്നതിനായി അവൾ ബ്ലാക് മാജിക് ചെയ്യുന്ന സ്ത്രീയെ ഓൺലൈനിലൂടെ സമീപിക്കുന്നു. എന്നാൽ ഓജോ ബോർഡ് മുഖാന്തരം അച്ഛനോട് സംസാരിക്കാനായി തുനിയുന്ന അമ്മുവിനെ കാത്തിരുന്നത് വലിയ അപടകമായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞില്ല. അമ്മുവിനെ രക്ഷിക്കുന്നതിനായി സൂസനും പിതാവ് ആർതറും ഫാദർ അഗസ്റ്റിൻ്റെ സഹായം തേടുന്നു. പിന്നീട് ആ കുടുംബത്തിനു സംഭവിക്കുന്ന അതിമാനുഷികമായ സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.കഥയുടെ പരിചിതത്വം അവതരണത്തിൻ്റെ പുതുമയിലൂടെ പ്രേക്ഷകരിലേക്ക് നേരിട്ടെത്തിക്കുകാണ് സംവിധായകൻ ഇവിടെ ചെയ്യുന്നത്. ചിത്രത്തിൻ്റെ ടൈറ്റിലിനു മുമ്പുള്ള നിമിഷങ്ങളും എൻ‍ഡ് സീനും മാത്രമാണ് നോർമൽ കാഴ്ചയായി ചിത്രത്തിലെത്തുന്നത്. 




  സൂസൻ്റെ ജീവിതത്തിലെ കാഴ്ചകളൊക്കെയും പ്രേക്ഷകർ കാണുന്നത് വീഡിയോ കോളിലൂടെയാണ്. അവിടെ വീഡിയോ കോളിൻ്റെ മറുവശത്ത് പ്രേക്ഷകരെ അണിനിരത്തുന്നിടത്താണ് ചിത്രത്തിൻ്റെ വിജയം.  പതിവു ഹൊറർ ചിത്രങ്ങളുടെ എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. ഇടവേളകളിൽ പെട്ടന്നു പേടി ജനിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെയും വിജയിച്ചു എന്നു പറയാം. വീഡിയോ കോളിലൂടെ അവതരിപ്പിക്കുന്നതിനാൽ പരിമിതമായ ഫ്രേമുകളിലാണ് ചിത്രം അവതരിപ്പിക്കുന്നതെങ്കിലും താരങ്ങളുടെ പ്രകടനംകൊണ്ട് അത് കവർ ചെയ്യുന്നുണ്ട്. ആദ്യമധ്യാന്തം നയൻതാര, സത്യരാജ് എന്നിവരുടെ പ്രകടനമാണ് പ്രേക്ഷകരിലേക്കും ഭയത്തിൻ്റെ വികാരങ്ങൾ നൽകുന്നത്.  

Find out more: