മഹാബലിയെ പാതളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാനമൻ്റെ കഥ! നവാഗതനായ എ.ബി. ബിനിൽ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാമനൻ. മൂവി ഗ്യാങ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ ബാബു കെ.ബി. നിർമിക്കുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായർ, ദിൽസ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മലയോര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഹൊറർ സൈക്കോ ത്രില്ലർ കഥയാണ് പറയുന്നത്. അസുര രാജാവായിരുന്ന മഹാബലിയെ പാതളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാനമൻ്റെ കഥ നമുക്കെല്ലാം പരിചയമാണ്. ഇവിടെ പുതിയ കാലത്തെ വാമനൻ അവതരിച്ചിരിക്കുകയാണ്, ക്രൂരനായ മറ്റൊരു അസുരനെയും മണ്ണിനടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിനു വേണ്ടി! ഇന്ദ്രൻസ് നായകനായി വെള്ളിത്തിരയിലെത്തിയ വാമനൻ എന്ന ചിത്രം പറയുന്നത് അത്തരത്തിൽ പുതിയ കാലത്തെ വാമനൻ്റെ കഥയാണ്.




   വർഷങ്ങൾക്കു മുമ്പ് ആറു കൊലപാതകം നടന്ന വീടിനെ ചുറ്റിപ്പറ്റി നാട്ടുകാർക്കും ഏറെ ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ് ഇന്നും പറയാനുള്ളത്. ഒരിക്കൽ വാമനൻ രാത്രിയിൽ വീട്ടിലേക്ക് തിരികെ വരുന്ന വഴിയാണ് ആ വീട്ടിൽ നിന്നും ഒരു പെൺകുട്ടിയുടെ നിലവിളി കേൾക്കുന്നത്.അതിനു പിന്നാലെ ഇറങ്ങിത്തിരിക്കുന്നതോടെ വാമനൻ തിരിച്ചറിയുന്നു തൻ്റെ കുടുംബത്തിനു പിന്നാലെ ഒരു ശത്രുവുണ്ടെന്ന്. മകളുടെ സുഹൃത്തിനെയും കാണാതാകുന്നതോടെ അയാൾ തൻ്റെ മകളെ സംരക്ഷിക്കുന്നതിനായി പുതിയ കാലത്തെ വാമനനായി അവതാരപ്പിറവിയെടുക്കുന്നു. തുടർന്നുണ്ടായകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ പശ്ചാത്തലം.വാമൻ ഒരു സാധാരണക്കാരനാണ്. ഹോം സ്റ്റേയിലെ മാനേജരായ വാമനനും ഭാര്യയും മകളും ആഗ്രഹിച്ചു വാങ്ങിയ വീട്ടിലേക്കുള്ള യാത്രയിലാണ് കഥ ആരംഭിക്കുന്നത്.




    മകൾക്ക് പുതിയ കോളജിൽ പോയി വരാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് അവർ പുതിയ വീട്ടിലേക്കു മാറുന്നത്. വീമനൻ്റെ വീട്ടിലേക്കു പോകുന്ന വഴിയരികിൽ ഏറെ ദുരൂഹമായ ഒരു വീടുണ്ട്.തിരക്കഥയിലും സംവിധാനത്തിലും കുറച്ചുകൂടി ഉത്തരവാദിത്വത്തോടെയുള്ള സമീപനം നടത്തിയിരുന്നെങ്കിൽ മികച്ചൊരു തില്ലറാക്കി മാറ്റാനുള്ള സാധ്യത ചിത്രത്തിലുണ്ടായിരുന്നു. ചെറിയ ബജറ്റിലൊരുക്കിയതിനാൽ തന്നെ പരിമിതമായ ചുറ്റുപാടാണ് കഥയ്ക്കുള്ളത്. എന്നാൽ ഒരേ കാഴ്ചാനുഭവത്തിൽ ചുറ്റിത്തിരിഞ്ഞത് പ്രേക്ഷകരുടെ ക്ഷമ പലപ്പോഴും പരീക്ഷിച്ചു എന്നു പറയാം. ചിത്രത്തിൻ്റെ മൂഡിനൊപ്പം സഞ്ചരിച്ച ഗാനങ്ങൾ ആകർഷകമായെങ്കിലും പശ്ചാത്തല സംഗീതം ഭയപ്പെടുത്തുന്നതിനപ്പുറം പലപ്പോഴും മുഴച്ചു നിൽക്കുന്നതായി മാറുകയായിരുന്നു.‌ 




  വാമനനായി എത്തുന്ന ഇന്ദ്രൻസിൻ്റെ ഭാവങ്ങളിലൂടെയാണ് പ്രേക്ഷകരിലേക്കും ചിത്രത്തിൻ്റെ മൂഡ് സഞ്ചരിക്കുന്നത്. എന്നാൽ അതിനപ്പുറം പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാൻ ചിത്രത്തിനു കഴിയുന്നില്ല. തിരക്കഥയുടെ ദുർബല തന്നെയാണ് ചിത്രത്തിൻ്റെ നെഗറ്റീവ് ഘടകം. പതിവു കാഴ്ചകൾക്കപ്പുറത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാനും സാധിക്കുന്നില്ല. 2022 ൽ ഇടവേളകളിലെത്തിയ ചെറിയ ബജറ്റിലൊരുങ്ങിയ ഒരുപിടി ത്രില്ലർ ചിത്രങ്ങളിൽ ഒന്ന് എന്നതിനപ്പുറത്തേക്ക് സഞ്ചരിക്കാൻ‌ വാമനനു കഴിയുന്നില്ല. എങ്കിലും കുടുംബത്തെ സ്നേഹിക്കുന്നവർക്ക്, തൻ്റെ കുടുംബത്തിൻ്റെ സംരക്ഷണത്തിന് ഏതറ്റംവരെയും പോകാൻ മനസുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ് വാമനൻ‌ എന്നും നിശംസയം പറയാം.

Find out more: