ക്രിട്ടിക്സ് ചോയിസ് അവാ‍ർഡിൽ രണ്ടു പുരസ്കാരങ്ങൾ, ലോക വേദികൾ കീഴടക്കി 'നാട്ടു നാട്ടു'! എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ഒരുപിടി അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് സ്വന്തമാക്കി നിൽക്കുന്നത്. ഹോളിവു‍ഡ് ചിത്രങ്ങൾ മാത്രം തിളങ്ങി നിൽക്കുന്ന വേദികളിലാണ് ഒരു ഇന്ത്യൻ സിനിമയുടെ അഭിമാനകരമായ നേട്ടങ്ങൾ. അന്താരാഷ്ട്ര പുരസ്കാരങ്ങളിൽ നേട്ടങ്ങളോടെ തെലുങ്ക് ചിത്രം ആർആർആർ ജൈത്യ യാത്ര കുറിക്കുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനു പിന്നാലെ 2023 ക്രിട്ടിക്സ് ചോയിസ് അവാ‍ർഡിലും രണ്ട് പുരസ്കാരങ്ങൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ആർആർആർ. കഴിഞ്ഞ ആഴ്ച ഒറിജിനൽ സോംഗിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് സ്വന്തമാക്കിയതും ‘നാട്ടു നാട്ടു’ വാണ്. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നേട്ടവും. ക്രിട്ടിക്സ് ചോയിസ് പുരസ്കാരം ഏറ്റുവാങ്ങിയ സംവിധായകൻ രാജമൗലി ഈ വിജയം അമ്മയ്ക്കും ഭാര്യയ്ക്കും സമർപ്പിക്കുന്നതായി പറഞ്ഞു.




    സ്കൂൾ വിദ്യാഭ്യാസത്തെക്കാൾ തന്നെ കഥാപുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചതും തൻ്റെ ഭാവന വളർത്തിയതും അമ്മയാണെന്നും ഭാര്യ രമ തൻറെ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ലെന്നും തൻ്റെ ജീവിതത്തിൻ്റെ ഡിസൈനറാണെന്നും പുരസ്കാരം ഏറ്റുവാങ്ങി രാജമൗലി പറഞ്ഞു. ആർആർആർ ആഗോള തലത്തിൽ വലിയ വിജയം നേടിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ പുര്സ്കാര നേട്ടങ്ങളും. മികച്ച വിദേശ ഭാഷ ചിത്രത്തിനും മികച്ച ഗാനത്തിനുമുള്ള അവാർഡാണ് 2023 ലെ ക്രിട്ടിക്സ് ചോയിസ് അവാർഡിൽ ആർആർആർ കരസ്ഥമാക്കിയിരിക്കുന്നത്. ക്രിട്ടിക്സ് ചോയിസ് അവാർഡിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആർആർആർ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് വന്നിരുന്നു. കീരവാണി സംഗീത സംവിധാനം നിർവഹിച്ച 'നാട്ടു നാട്ടു' ഗാനത്തിനാണ് മികച്ച ഗാനത്തിനുള്ള പുരസ്കാരം ലഭിച്ചത്.






  ചന്ദ്രബോസിൻ്റെതാണ് വരികൾ. രാഹുൽ, കാല ഭൈരവ എന്നിവർ ചേർന്നാണ് ചടുലമായ ഗാനം ആലപിച്ചത്. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ കഥയിൽ ഭാവനയെ ഇഴ ചേർത്ത് രാജമൗലി ഒരുക്കിയ ദൃശ്യവിസ്മയമായിരുന്നു ആർആർആർ. അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയിൽ ഫാൻ്റസിയുടെ അകമ്പടിയോടെ സിനിമാറ്റിക്ക് ദൃശ്യഭാഷ രാജമൗലി അവതരിപ്പിക്കുകയായിരുന്നു. രാമരാജുവായി രാംചരൺ തേജയും ഭീം ആയി ജൂനിയർ എൻടിആറുമാണ് എത്തിയത്. അജയ് ദേവ് ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 





  ഇന്ത്യൻ പ്രേക്ഷകർ ഏറ്റെടുത്ത നാട്ടു നാട്ടു ഗാനം ഇപ്പോൾ ലോക ജനതയ്ക്കു മുന്നിലും ഏറെ ജനപ്രീതി നേടുകയാണ്. ജൂനിയർ എൻടിആറും രാം ചരണും നാട്ടു നാട്ടു ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.ഇനി ഓസ്കാർ വേദിയിലും ആർആർആർ നേടുന്ന പെരുമയ്ക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും. ഹോളിവുഡ് നിർമ്മാതാവായ ജേസൺ ബ്ലൂം ആർആർആറിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഉറപ്പാണെന്നാണ് പ്രവചിച്ചിരുന്നു.

Find out more: