കണ്ടന്റുള്ള വീഡിയോസും ആത്മാർത്ഥതയും മതി, റീൽസ് ചെയ്യുന്നവരിലേക്ക് സിനിമ എത്തും" —രോമാഞ്ചം ഫെയിം അഫ്‌സൽ പറയുന്നിതിങ്ങനെ! കോമഡി-ഹൊറർ ജോണറിൽപ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകനായ ജിത്തു മാധവനാണ്. യൂടൂബിലും സോഷ്യൽ മീഡിയയിലും പരിചിതമായ മുഖങ്ങൾ രോമാഞ്ചത്തിൽ മുൻനിര കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. കാസറഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ അഫ്‌സലും രോമാഞ്ചത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഫ്സൽ അഭിനയിച്ച ഹരിക്കുട്ടൻ എന്ന കരിക്കുട്ടന്റെ നിരൂപേട്ടാ, നിരൂപേട്ടാ എന്ന വിളി സിനിമ കണ്ടിറങ്ങുന്ന ആരും മറക്കാൻ സാധ്യതയില്ല. തനത് കാസർഗോഡ് ഭാഷയിൽ സംസാരിച്ച് പ്രേക്ഷകരുടെ കയ്യടി വാങ്ങിയ അഫ്സൽ ദുബായിലെ ജോലി ഒഴിവാക്കിയാണ് സിനിമയിലെത്തുന്നത്. സിനിമാമേഖലയുമായി ഒരു ബന്ധവുമില്ലാതെ സിനിമാ സ്വപ്നം കണ്ടുനടന്ന അഫ്‌സലിനെ രോമാഞ്ചത്തിലെത്തിക്കുന്നത് ഒരു ഇൻസ്റ്റാഗ്രാം റീൽ വീഡിയോയാണ്. തന്റെ സിനിമാ സ്വപ്നത്തെപ്പറ്റിയും രോമാഞ്ചത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങളെപ്പറ്റിയും അഫ്‌സൽ ടൈംസ് ഓഫ് ഇന്ത്യ സമയം പ്ലസിനോട് സംസാരിക്കുന്നു.






   സിനിമ കണ്ടിറങ്ങുന്ന ഓരോ ആളുകളുടെയും പ്രതികരണം കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് അനുഭവപ്പെടുന്നത്. ധാരാളം പേർ സിനിമ കണ്ടു നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് മെസ്സേജുകൾ അയക്കുന്നുണ്ട്. കുറച്ച് സെലിബ്രിറ്റികളും മെസ്സേജ് അയച്ചിരുന്നു. അഭിനയിച്ച ആദ്യപടം തന്നെ സൂപ്പർ ഹിറ്റായി. ജീവിതത്തിൽ ഇത്ര സന്തോഷിച്ച നിമിഷങ്ങൾ വേറെയില്ല.രോമാഞ്ചത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നത് ഞാൻ ദുബായിലിരിക്കുന്ന സമയത്തായിരുന്നു. നാട്ടിൽ കുറെ വിഡിയോസും റീൽസുകളും ചെയ്ത് ഉഴപ്പി നടന്ന എന്നെ ദുബായിലേക്ക് 'രക്ഷപ്പെടാൻ' വേണ്ടി പറഞ്ഞയച്ചു. എന്റെ സിനിമാ സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ടുപോയല്ലോ എന്ന ദുഃഖം മനസ്സിലമർത്തി ഒരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ദുബായിലെത്തി രണ്ടാംമാസത്തിൽ രോമാഞ്ചത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഷിഫിന് എനിക്കൊരു മെസ്സേജ് അയക്കുകയും ഇങ്ങനെ ഒരു പ്രൊജക്റ്റ് ചെയ്യുന്നുണ്ടെന്നും അഫ്‌സലിന് അഭിനയിക്കാൻ താൽപ്പര്യമുണ്ടോയെന്നും ചോദിച്ചു. സൗബിൻക്കയൊക്കെ കാസ്റ്റിലുണ്ടെന്നും പറഞ്ഞു.





   ആദ്യം ഈ മെസ്സേജ് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഏതെങ്കിലും സുഹൃത്തുക്കൾ പറ്റിക്കുന്നതായിരിക്കുമെന്നാണ്. പക്ഷെ ഞാൻ നല്ല രീതിയിൽ തന്നെ മറുപടി കൊടുക്കുകയും അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും അവരോട് പറയുകയും ചെയ്തു. അവർ ആവശ്യപ്പെട്ടതനുസരിച്ച് എന്റെ മൊബൈൽ നമ്പർ കൊടുക്കുകയും ചെയ്തു. പിറ്റേദിവസം ഡയറക്ടർ ജിത്തുവേട്ടൻ തന്നെ നേരിട്ട് എന്നെ വിളിച്ചു. അഫ്‌സൽ ദുബായിൽ ജോലിക്ക് പോയതാണോ അല്ല വെറുതെ കറങ്ങാൻ പോയതാണോ എന്നായിരുന്നു ജിത്തുവേട്ടൻ എന്നോട് ആദ്യമായി ചോദിച്ചത്. അവസരം പോകാതിരിക്കാൻ വേണ്ടി ജോലിക്ക് പോയതാണ് എന്ന് പറയാതെ വെറുതെ കറങ്ങാൻ പോയതാണെന്ന് ജിത്തുവേട്ടനോട് പറഞ്ഞു. ജോലിയിൽ പ്രവേശിച്ച് വിസ അടിക്കാൻ വേണ്ടി നിൽക്കുന്ന സമയത്തായിരുന്നു ഇത്. വിസ അടിച്ചാൽ രണ്ടുവർഷം വരെ ജോലി ചെയ്യേണ്ടി വരും. 







  എന്റെ സ്വന്തം ശബ്ദം കേൾക്കണമെന്ന് ജിത്തുവേട്ടൻ പറഞ്ഞതനുസരിച്ച് ഒരു വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. നേരത്തെ എനിക്ക് നല്ല മുടിയുണ്ടായിരുന്നു. ജിത്തുവേട്ടൻ വിഡിയോ കണ്ടതിന് ശേഷം അഭിനയമൊക്കെ ഓക്കെയാണെന്നും പക്ഷെ മുടി വേണമായിരുന്നുവെന്നും പറഞ്ഞു. അതോടെ എന്റെ എല്ലാ പ്രതീക്ഷയും പോയി. ഇനി മുടി വെട്ടണ്ടായെന്ന് ജിത്തുവേട്ടൻ പറഞ്ഞു അതുകഴിഞ്ഞ് മൂന്നാഴ്ചയോളം ജോലിക്ക് പോയി. സിനിമ മോഹങ്ങൾ വീണ്ടും സൈഡിലേക്ക് മാറ്റിവെച്ച് ഓരോ ദിവസവും ഞാൻ ഓഫീസിലേക്ക് പോയി. പെട്ടെന്നൊരു ദിവസം ജിത്തുവേട്ടൻ വിളിച്ച് നീ ഇപ്പൊ എന്താടാ ചെയ്യുന്നേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ജോലിക്ക് പോകുന്നുണ്ടെന്ന്. അപ്പോൾ ജിത്തുവേട്ടൻ പറഞ്ഞു, ഡാ നീ അത് വിട്ടോ, നാട്ടിലേക്ക് വണ്ടി പിടിച്ചോയെന്ന്. ജീവിതത്തിൽ അത്രയും സന്തോഷിച്ച വേറെയൊരു ദിവസമുണ്ടായിരുന്നില്ല.

Find out more: