കുഞ്ചാക്കോ ബോബൻ്റെ നായിക പ്രീതി ഝംഗിയാനിയ്ക്ക് പിന്നീട് എന്തു സംഭവിച്ചു? 1999 ൽ പുറത്തിറങ്ങിയ മഴവില്ല് എന്ന സിനിമയിലൂടെയാണ് പ്രീതിയെ ആദ്യമായി മലയാളികൾ ബിഗ് സ്ക്രീനിൽ കാണുന്നത്. പ്രണയഭാവത്തിലും വിരഹവേദനയിലും ഒരുപോലെ പ്രേക്ഷകരുടെ മനസ് തൊട്ടറിഞ്ഞ 'വീണ'യെന്ന കഥാപാത്രത്തിലൂടെ ഇഷ്ടം നേടിയ നായികയെ പിന്നീട് മലയാളത്തിൽ കണ്ടിരുന്നില്ല. അന്യഭാഷകളിൽ നായികയായിരുന്നപ്പോഴും മഴവില്ലിലെ നായികയെ മലയാളി പ്രേക്ഷകർ എന്നും തിരഞ്ഞിരുന്നു. പൊന്നോലത്തുമ്പി പൂവാലിത്തുമ്പി' എന്നു പാടി കുഞ്ചാക്കോ ബോബനൊപ്പം പ്രണായാർദ്രം പാടി മലയാളി പ്രേക്ഷകരുടെ മനസ് കവർന്ന നായികയായിരുന്നു 'പ്രീതി ഝംഗിയാനി'. മുംബൈ സ്വദേശിനിയായ പ്രീതി കോളജ് പഠന കാലത്ത് മോഡലിംഗ് ചെയ്തിരുന്നു.
നീമ സാൻഡൽ സോപ്പിൻ്റെ പരസ്യത്തിലൂടെ പ്രീതി അന്നു വളരെ ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്ന സമയമായിരുന്നു. 17 കാരിയായ പ്രീതിയെ തേടി മലയാള സിനിമ മുംബൈയിലേക്കെത്തുകയായിരുന്നു. സിനിമ അഭിനയം മനസിലുണ്ടായിരുന്നില്ലെങ്കിലും മഴവില്ലിൻ്റെ ചിത്രീകരണം ഓസ്ട്രിയയിലാണെന്നതിനാൽ ഒരു ട്രിപ് എന്ന പേരിലാണ് ചിത്രത്തിൽ ഭാഗമായത്.മോഡലിംഗിലൂടെ സിനിമയിലേക്കെത്തിയ പ്രീതി ഝംഗിയാനി മലയാളിയെന്നാണ് പലരും കരുതിയിരുന്നത്. മഴവില്ലിലേക്ക് അവസരം ലഭിച്ചതോടെ പിന്നീട് തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചപ്പോൾ ആരാധകർ പോലും ഈ നായിക മലയാളിയാണെന്നു ചിന്തിച്ചിരുന്നത്. നഷ്ടപ്രണയങ്ങളുടെ കഥ പറഞ്ഞ മലയാള ചിത്രങ്ങളിൽ നല്ലൊരു സ്ഥാനമുണ്ട് മഴവില്ല് സിനിമയ്ക്ക്.
മഴവില്ലിൻ്റെ സമയത്ത് തന്നെ ബോളിവുഡിലേക്കും അവസരം ലഭിച്ചോടെ പിന്നീട് മലയാളത്തിലേക്ക് തിരികെ എത്താൻ പ്രീതിയ്ക്കു കഴിഞ്ഞില്ല. ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായ 'മൊഹബത്തേനി'ലൂടെ മുൻനിര നായികയായി പ്രീതി മാറി. 10 വർഷത്തോളം ബോളിവുഡിൽ നായികയായി തിളങ്ങിയ താരം വിവാഹത്തോടെയാണ് സിനിമയിൽ നിന്നും മാറി നിന്നത്. പിന്നീട് ഇടവേളകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രമേശ് അരവിന്ദനും സുഹാസിനിയും ശരത് ബാബുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ കന്നഡ ചലച്ചിത്രം അമൃത വർഷിനിയുടെ റീമേക്കായിരുന്നു മഴവില്ല്. കുഞ്ചാക്കോ ബോബൻ, വിനീത് എന്നിവരായിരുന്നു പ്രീതിയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കായിക പ്രേമിയായിരുന്നില്ലെങ്കിലും ഭർത്താവ് പർവീൻ ദബാസുമായി ചേർന്നാണ് പ്രൊഫഷണൽ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പായ പ്രോ പഞ്ച ലീഗ് തുടങ്ങുന്നത്. രാജ്യത്തെ ആദ്യ ലീഗായിരുന്നു അത്. ഇന്ത്യ ഒരു കായിക രാഷ്ട്രമാണെന്നും ലീഗിലെ ചാമ്പ്യന്മാരിൽ പലരും കേരളത്തിൽ നിന്നുള്ളതാമെന്നും പ്രീതി പറഞ്ഞിരുന്നു.സിനിമയിൽ ഇടവേളയെടുത്തു തുടങ്ങിയ സമയത്ത് സിനിമ നിർമാതാവായും പ്രീതി മാറി. പിന്നീട് സിനിമയിൽ നിന്നും പൂർണമായും മാറി രാജ്യത്തെ ആദ്യ പ്രൊഫഷണൽ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൻ്റെ സഹ മേധാവിയായി.
Find out more: