'ചെങ്ക റെഡ്ഡി'യായി ജോജു ജോ‍ർ‌ജ് തെലുങ്കിലേക്ക് ചേക്കേറുന്നു! സമീപ കാലത്ത് മലയാളത്തിലെ പ്രകടനം കൊണ്ടു അന്യ ഭാഷകളിൽ പോലും ഏറെ ചർച്ചയായ നടൻ ജോജു ജോർജായിരുന്നു ആ ഒറ്റയാൻ. മലയാളത്തിലെ മാജിക്കൽ പ്രകടത്തിനൊപ്പം കൊടൂര വില്ലനായി തെലുങ്കിലേക്ക് തുടക്കം കുറിക്കുകയാണ് പ്രിയ താരം. ക്യാരക്ടർ പോസ്റ്ററോടെയാണ് ജോജു ജോർജിൻ്റെ ടോളിവുഡിലെ അരങ്ങേറ്റം അനൗൺസ് ചെയ്തിരിക്കുന്നത്.  യുവ താരം പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തിൽ അതിക്രൂരനായ കഥാപാത്രമായാണ് ജോജു ജോർജിനെ അവതരിപ്പിക്കുന്നത്. ബ്രൗൺ ഷർട്ടും ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായി സിഗരറ്റിൻ്റ പുകയ്ക്കുള്ളിൽ നിൽക്കുന്ന താരത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്.




പ്രമുഖ ബാനറുകളായ സിതാര എൻ്റർടെയ്ൻ‍മെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമിക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ജോജുവിൻ്റെ പുത്തൻ അഭിനയ സാധ്യതകളെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായികയാകുന്നത്. എൻ. ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ ചെങ്ക റെഡ്ഡി എന്ന പ്രതിനായക വേഷമാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്.  2021 ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു ധനുഷ് നായകനായെത്തിയ ജഗമേ തന്തിരത്തിൽ മികച്ച കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിച്ചത്. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ചിത്രം 17 ഭാഷകളിലായി 190 രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്. ധനുഷിൻ്റെയും ജോജു ജോർ‌ജിൻ്റെയും കഥാപാത്രങ്ങൾ വളരെ പ്രശംസ നേടിയിരുന്നു. വീണ്ടും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ച് തെലുങ്കിലേക്ക് തുടക്കം കുറിക്കുകയാണ് ഈ നടൻ.




നേരത്തെ തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിൻ്റെ തെലുങ്ക് പ്രവേശനം ഇതാദ്യമായാണ്.  സമീപകാലത്ത് തിയറ്ററിലെത്തിയ ഇരട്ടയിലെ ഡബിൾ റോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് താരത്തിനു നേടിക്കൊടുക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചിയ്തു കഴിഞ്ഞപ്പോൾ ആഗോള ടോപ്പ് 10 ൽ ഇടംപിടിച്ചിട്ടുണ്ട്. മാർച്ച് മൂന്നിനാണ് നെറ്റ്ഫ്ലിക്സിലൂടെ വേൾഡ് വൈഡ് റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിൻറെ ഇംഗ്ലീഷ് ഇതര ആഗോള ടോപ്പ് 10 ലിസ്റ്റിൽ നിലവിൽ പത്താം സ്ഥാനത്താണ് ചിത്രമുള്ളത്. 




ക്യാരക്ടർ റോളുകളിലൂടെ തിളങ്ങി നായകനിരയിലേക്കെത്തിയ ജോജു ജോർജ് സമീപകാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് വെള്ളിത്തിരയിലൊരുക്കിയത്.മലയാളത്തിൽ മുമ്പ് നിരവധി വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ജോജു ജോർജ്. പോയ വാരം റിലീസ് ചെയ്ത തുറമുഖത്തിലെ മൈമൂദ് എന്ന കഥാപാത്രവും ജോജുവിൻ്റെ പ്രകടനത്താൽ ശ്രദ്ധ നേടുന്നുണ്ട്.തെലുങ്ക് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങിയതോടെ താരത്തിൻ്റെ ആരാധകർ പുതിയ പ്രകടനത്തിനായി കാത്തിരിക്കുകയാണ്.

Find out more: