ഒരു ക്യാമ്പസ് ലോകത്തേക്ക് കൂടി കൊണ്ട് പോയി "ലവ്ഫുള്ളി യുവേഴ്സ് വേദ"!ഒരുപക്ഷേ, കേരളത്തിലെ കലാലയങ്ങൾ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന് തൊട്ടുമുമ്പായിരിക്കണം ഈ കഥ അരങ്ങേറുന്നത്. തൃശൂരിലെ ശ്രീ വർമ കോളജിൽ മാത്രമല്ല കാസർക്കോട് മുതൽ തിരുവനന്തപുരം വരെ ഏത് ക്യാമ്പസിലും നടന്നേക്കാവുന്ന ഒരു കഥയെന്നാണ് ഈ ചിത്രത്തെ പറയാനാവുക.തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ തൃശൂരിലെ ഒരു ക്യാമ്പസിലാണ് ലവ്ഫുള്ളി യുവേഴ്സ് വേദ നടക്കുന്നത്. പുതിയ തലമുറയേക്കാൾ മുപ്പത്തിയഞ്ചിന് മുകളിൽ പ്രായമുള്ളവർക്കായിരിക്കും ഈ സിനിമയും അതിലെ രംഗങ്ങളും പെട്ടെന്ന് തിരിച്ചറിയാനാവുക. തങ്ങളുടെ ക്യാമ്പസ് കാലത്തേക്കൊന്നു മടങ്ങാനും ഓർമകളിലേക്കിറങ്ങി കുറച്ചു സമയം ആ പഴയ തണൽ മരങ്ങൾക്കു ചുവടെ ഇരിക്കാനും നീണ്ട വരാന്തകളിലൂടെ വെറുതെയൊന്ന് നടക്കാനും പ്രേരിപ്പിച്ചേക്കും ഈ ചിത്രം.
ക്യാമ്പസായതിനാൽ തന്നെ പ്രണയവും വിപ്ലവവും പഠനവും മാത്രമല്ല കഥയും കവിതയും കോളേജ് രാഷ്ട്രീയവും കലോത്സവങ്ങളും അടിയും ഇടിയുമെല്ലാം ചേർത്താണ് കാഴ്ചക്കാരനെ ലവ്ഫുള്ളി യുവേഴ്സ് വേദ രണ്ടേകാൽ മണിക്കൂർ പിടിച്ചിരുന്നത്.ആശ്രമത്തിൽ വളർന്ന ശ്രീവേദയെന്ന കവയിത്രിയുടെ ഓർമകളിലൂടെയാണ് സിനിമ പിറകോട്ട ക്ക് സഞ്ചരിക്കുന്നത്. പതിവ് ക്യാമ്പസ് സിനിമകളുടെ എല്ലാ ചേരുവകളുമുള്ളതിനാൽ തന്നെ ഇതിനകം മലയാളത്തിൽ കണ്ട കലാലയ ചിത്രങ്ങളിൽ നിന്നും കാര്യമായ മാറ്റമോ രംഗങ്ങളോ ഒന്നും ഈ സിനിമ നൽകുന്നില്ല. എങ്കിലും കണ്ടിരിക്കാൻ പ്രേരിപ്പിക്കും. സിനിമ തുടങ്ങുന്നത് പുതിയ ക്യാമ്പസ് തലമുറയിലും അവരുടെ ഝടുതിയിലുള്ള പാട്ടുംകൂത്തുമൊക്കെയായിട്ടാണ്. എന്നാൽ കഥാഗതി ഫ്ളാഷ്ബാക്കിലേക്കെത്തുന്നതോടെ പഴയകാല മലയാള സിനിമകളുടെ മട്ടിൽ സാവകാശത്തിൽ കഥ പറയാനും തുടർച്ചയായി കൊണ്ടുപോകുന്ന തരത്തിലേക്കും കഥാകൃത്തും സംവിധായകനും എത്തിക്കുന്നു.
എസ് വൈ എഫും എ എസ് യുവും മാത്രമുള്ള ക്യാമ്പസിൽ രാഷ്ട്രീയത്തിനപ്പുറത്ത് വില്ലത്തരം കാണിക്കാൻ ഒരു ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ട്- ഗസ്റ്റപ്പോ. അഡോൾഫ് ഹിറ്റ്ലറുടെ ഭരണാകലത്ത് നിലവിലുണ്ടായിരുന്ന ഭരണകൂടത്തിന് വിരുദ്ധമായതെന്നും അടിച്ചമർത്തുന്ന പൊലീസ് സേനയുടെ പേരാണ് അഞ്ചംഗ സംഘത്തിന് കൊടുത്തിരിക്കുന്നതെങ്കിലും അവർ കോളജ് ക്യാമ്പസിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നില്ല. ഹിറ്റ്ലറുടെ സ്വസ്തി ചിഹ്നം തന്നെയാണ് അവർ തങ്ങളുടെ അടയാളമായി സ്വീകരിച്ചിരിക്കുന്നത്. കോളജിൽ വലിയ റോളൊന്നുമില്ലെങ്കിലും കോളജിന് പുറത്ത് വിദ്യാർഥികൾക്കെതിരെ നടക്കുന്ന നീക്കങ്ങൾ ഇവർ മണത്തറിഞ്ഞ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതുകൊണ്ടായിരിക്കണം ശ്രീനാഥ് ഭാസിയുടെ രഞ്ജൻ അബ്രഹാമിനും സംഘത്തിനും അണിയറ പ്രവർത്തകർ ഈ പേര് കൊടുത്തിരിക്കുന്നത്.
സ്ഥിരമായി കാണുന്ന ക്യാമ്പസ് സിനിമകളിൽ നിന്നും ലവ്ഫുള്ളി യുവേഴ്സ് വേദയിൽ കണ്ട പ്രധാന വ്യത്യാസം ശ്രീ വർമ കോളജിലെ രാഷ്ട്രീയ പാർട്ടികളായ എ എസ് യുവും എസ് എഫ് വൈയും എതിർചേരികളിലല്ല എന്നതാണ്. ഇരു സംഘടനകളും പരസ്പരം ഒത്തൊരുമയോടെയാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. പതിവ് കേരള ക്യാമ്പസ് പോലെ എസ് വൈ എഫിനാണ് ശ്രീ വർമയിലും കൂടുതൽ സ്വാധീനമെങ്കിലും ഖദർ ധാരികളായ എ എസ് യുവിനെ തങ്ങളോടൊപ്പം കൂട്ടാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനും പ്രവർത്തനങ്ങൾ നടത്താനും ജനാധിപത്യ മര്യാദയിൽ അനുവദിക്കുന്നുണ്ട്. മാത്രമല്ല ഒരുഘട്ടത്തിൽ കോളജിന്റെ പൊതുകാര്യത്തിന് എസ് വൈ എഫിനോടൊപ്പം ചേർന്ന് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കാനും എ എസ് യു തയ്യാറാകുന്നുണ്ട്.
Find out more: