ദക്ഷിണേന്ത്യയുടെ 'നാട്ടു നാട്ടു' പാട്ട് വന്ന നാട്ടുപ്പുറ പാട്ടുവഴികൾ..ആർആർആർ എന്ന എസ്. എസ്. രാജമൗലി ചിത്രത്തിന് ഗോൾഡൻ ഗ്ലോബിലും ഓസ്‌കാറിലും എൻട്രി നേടികൊടുത്ത നാട്ടു നാട്ടു പാട്ട്. തെലുഗു ഗാനരചയിതാവ് ചന്ദ്രബോസ് എഴുതിയ വരികളെ അതേപടി ആവഹിക്കുന്നതായിരുന്നു എംഎം കീരവാണിയുടെ സംഗീതം. ന പാട്ടു സൂട്ട് നാട്ടു നാട്ടു (എന്റെ പാട്ട് കേട്ട് നൃത്തം ചെയ്യൂ) എന്നു കേൾക്കുമ്പോൾ ഒന്ന് ശരീരം ചലിപ്പിക്കാൻ തോന്നാത്തത് ആർക്കാണ്. രാഹുൽ സിപ്ലികുഞ്ജും കീരവാണിയുടെ മകൻ കാല ഭൈരവയും ചേർന്ന് പാടിയ നാട്ടു പാട്ടിന് പ്രേം രക്ഷിത്തിന്റെ കൊറിയോഗ്രാഫിയിൽ രാംചരൺ തേജയും ജൂനിയർ എൻ.ടി.ആറും മത്സരിച്ച് നൃത്തം ചെയ്തു. നാട്ടു ഓസ്‌കാർ വേദിയിൽ അവതരിപ്പിച്ചപ്പോൾ തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും തെരുവുകളിൽ ജനിച്ച കുത്ത്/തീൻമാർ എന്ന നൃത്ത-സംഗീത കലാരൂപമെന്താണെന്ന് ലോകം അറിഞ്ഞു. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയ്ക്ക് ഓസ്‌കാർ സമ്മാനിച്ച 'നാട്ടു നാട്ടു' എന്ന പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്.




കീരവാണി തന്നെ പറഞ്ഞത് പോലെ ഈ താളം നിങ്ങൾ ആസ്വദിക്കുന്ന എല്ലാറ്റിനെയും പറ്റിയുള്ളതാണ്, നിങ്ങൾക്ക് ഊർജം തരുന്ന എല്ലാറ്റിനെയും നമ്മുടെ ജന്മനാടിനെ പറ്റിയുള്ളത്. നിങ്ങളുടെ ഉള്ളിലെ പ്രസരിപ്പ് മുഴുവൻ പുറത്തുകൊണ്ടുവരാൻ മാത്രം വീര്യമുള്ള താളം. ഗോൾഡൻ ഗ്ലോബിലും ഇപ്പോൾ ഓസ്‌കാറിലും മുത്തമിട്ട നാട്ടുനാട്ടു എന്ന പാട്ടിന്റെ വൈദ്യുതകാന്തി ആദ്യം പാദങ്ങളിലേക്കായിരിക്കും ആവാഹിക്കപ്പെടുന്നത്. പാട്ടിനൊപ്പിച്ച് ആർആർആറിനെ നായകന്മാരായ ജൂനിയർ എൻടിആറും രാംചരൺ തേജയും ആടിത്തിമർക്കുമ്പോൾ ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാൻ ആർക്കും സാധിക്കില്ല. പാട്ട് ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ആരുടെയും ശരീരം ഒന്ന് ഇളകിപ്പോകും, ഒരു ചുവട് വെച്ചുപോകും. വിദേശ പ്രേക്ഷകർ തിയറ്ററിന് മുന്നിൽ നൃത്തം വെച്ചതും ലോക സംഗീതബാൻഡായ ബിടിഎസിന്റെ ജിയോൺ ജങ്ക്ബുക്ക് പാട്ട് ഏറ്റുപാടിയതും സിനിമയുടെ അണിയറപ്രവർത്തകരെപ്പോലും ഞെട്ടിച്ചുകാണും.






ഇതാണ് ഞങ്ങൾ, ഞങ്ങൾ പഠിച്ചത്, അറിഞ്ഞത്, കുട്ടിക്കാലത്ത് ആഘോഷിച്ചതാണ് ഇതിൽ കാണിക്കുന്നത്, നാട്ടുനാട്ടു പാട്ടിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ കീരവാണി പറഞ്ഞു. പുതുമഴ പെയ്യുമ്പോൾ ഉയർന്ന് വരുന്ന മണ്ണിന്റെ മണം പോലെ ഓർമകളിൽ തട്ടിയുണർത്തപ്പെടാൻ കാത്തിരിക്കുന്ന താളം, തുടി. മനുഷ്യന്റെ ജനിതകങ്ങളിൽ തിട്ടപ്പെടുത്തിയ ഗ്രാമ്യതാളങ്ങളുടെ ഈണം. തമിഴിൽ ഡപ്പാംകുത്തെന്നും തെലുങ്കിൽ തീൻമാർ എന്നും അറിയപ്പെടുന്ന കുത്ത് പാട്ട്. തമിഴ്-തെലുഗു സംസ്‌കാരങ്ങളുടെ ശ്രുതിയും താളവും ഇഴയിട്ട്, ചെത്തിമിനുക്കിയുണ്ടാക്കിയ ഡപ്പാംകുത്ത്. പോപ് സംഗീതത്തിന്റെ തെന്നിന്ത്യൻ വകഭേദമായ ഡെപ്പാംകുത്തിനെ വിദേശരാജ്യങ്ങൾ ഏറ്റെടുക്കുന്നത് ഇത് ആദ്യമായിരിക്കും. നാട്ടുനാട്ടുവിനെ പൂർണതയിലേക്കെത്തിക്കുന്നത് ഭൂമിയിൽ പൊടിപ്പാറിച്ച് കൊണ്ട് അടിപിടിയോട് ഓർമിപ്പിക്കുന്ന ചടുലനൃത്തച്ചുവടുകളും കൂടിയാണ്. കേൾക്കുന്ന ഏവരെയും മനസ്സുകൊണ്ടെങ്കിലും ഒരു ചുവട് വെപ്പിക്കുന്ന 'ഡപ്പാംകുത്തി'ലാണ് എംഎം. കീരവാണി നാട്ടു നാട്ടു ചിട്ടപ്പെടുത്തിയത്. 





കാർപെന്റർ സഹോദരങ്ങളുടെ പാട്ടുകേട്ട് വളർന്ന കീരവാണിക്ക് പഴമയെ അങ്ങനെ തള്ളിക്കളയാൻ പറ്റില്ലല്ലോ. മനുഷ്യമനസ്സിന്റെ വന്യഭാവത്തിന് പ്രസരിപ്പിന്റെ സംഗീത-നൃത്തത്തിന്റെ രൂപമുണ്ടെങ്കിൽ അതാണ് ഡെപ്പാംകുത്ത്. കല്യാണം മുതൽ മരണം വരെ ഒരു മനുഷ്യായുസ്സ് കടന്നുപോകുന്ന സന്തോഷങ്ങളിലും ദുഃഖങ്ങളിലും സംഗീതവും നൃത്തവും ചേർത്ത ആശ്വാസമാണ് തമിഴ്-തെലുങ്ക് ജനങ്ങൾക്ക് ഡെപ്പാംകുത്ത്. ഉത്സവം, മരണം, കല്യാണം തുടങ്ങിയ ചടങ്ങുകളിൽ പാറയൈ അല്ലെങ്കിൽ ഡഫ് എന്ന ചെറിയ ചെണ്ടയുമായി എത്തിയ ദളിതരാണ് ആദ്യമായി ഡപ്പാംകുത്തിനെ ആളുകൾക്ക് പരിചയപ്പെടുത്തുന്നത്.ദക്ഷിണേന്ത്യയിൽ സിനിമയുടെ കളിത്തൊട്ടിലായ ചെന്നൈയിലും ഹൈദരാബാദിലുമാണ് ഡപ്പാംകുത്ത് ആടിപ്പാടി തെളിഞ്ഞുവന്നത്.
തമിഴ്-തെലുങ്ക്-കന്നഡ മെഗാ മാസ് സിനിമകളിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കുത്ത് പാട്ടുകൾ അത്തരം സിനിമകളുടെ വിജയത്തിന്റെ പ്രധാന ഫോർമുലകളിലൊന്നാണ്.

Find out more: