മക്കളോടൊപ്പം യാത്ര പോവാത്തതിന്റെ കാരണം പറഞ്ഞ് മല്ലിക സുകുമാരൻ! പറ്റുന്ന സമയത്തെല്ലാം ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് മല്ലിക പറയുന്നു. മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരമാണ് മല്ലിക സുകുമാരൻ. പരമ്പരകളിലും സിനിമകളിലുമൊക്കെയായി സജീവമാണ് താരം.ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. മക്കളുടെ തിരക്കിനെക്കുറിച്ചും കൊച്ചുമക്കളും അതേപോലെ തന്നെയുള്ള തിരക്കുകളിലായെന്നും, അവരെ ഇടയ്ക്കിടയ്ക്ക് കാണാൻ പറ്റാത്തത് വലിയ വിഷമമാണെന്നും മല്ലിക പറയുന്നു.ഏറ്റവും വാശിക്കാരി വീട്ടിൽ ഇപ്പോൾ അലംകൃതയാണ്. പ്രാർത്ഥന ഇപ്പോൾ ലണ്ടനിലാണ്. അമ്മൂമ്മയെപ്പോലെയല്ലേ ഞാൻ മുടി വെട്ടിയത് എന്നായിരുന്നു പ്രാർത്ഥന എന്നോട് പറഞ്ഞത്. കറികളൊക്കെ ഇപ്പോഴും നന്നായി ഉണ്ടാക്കുന്നത് ഞാനാണ്. സുപ്രിയ കേക്കും ഐസ്‌ക്രീമുമൊക്കെയാണ് ഉണ്ടാക്കുന്നത്. പൂർണിമയ്ക്ക് മൂന്ന് മക്കളാണെന്നാണ് ഞാൻ പറയാറുള്ളത്.
മൂത്തത് പ്രാർത്ഥനയും ഇളയത് നക്ഷത്രയും, പിന്നൊരു ആൺകുഞ്ഞ് ഇന്ദ്രജിത്തും. മൂന്ന് പേരും മൂന്ന് ഐറ്റമാണ് പറയാറുള്ളത്. അമ്മേ പൂർണിമ അവിടെപ്പോയി ഇങ്ങനെയൊന്ന് കാണിച്ചാൽ മതിയെന്നാണ് ഇതേക്കുറിച്ച് ചോദിച്ചാൽ ഇന്ദ്രൻ പറയുന്നത്. മക്കൾ രണ്ടാളും ഭക്ഷണപ്രിയരാണ്. ഇപ്പോൾ ഡയറ്റൊക്കെയായതിനാലാണ്. ഓസ്‌ട്രേലിയയിൽ പഠിക്കാൻ പോയപ്പോൾ എന്തെങ്കിലും ഉണ്ടാക്കിയതേയുള്ളൂ. അല്ലാതെ അവർ പാചകമൊന്നും ചെയ്തതായി അറിയില്ല. പാത്തുവും നച്ചുവും അസ്സലായി കുക്ക് ചെയ്യും. പൂർണിമയ്ക്ക് കുക്കിംഗിന് കളയാൻ സമയമില്ല. നച്ചു ഉണ്ടാക്കിയ കേക്ക് അടിപൊളിയായിരുന്നു. അത് വാരി തിന്നാനൊക്ക കൂടുമെന്നേയുള്ളൂ. ഇന്ദ്രന് കാര്യമായിട്ടൊന്നും അറിയില്ല. അലംകൃത ഇതുവരെ അടുക്കളയിൽ കയറിത്തുടങ്ങിയിട്ടില്ല. വൈകാതെ തന്നെ കേറും. പല ഐറ്റങ്ങളും അറിയാം, ഇപ്പോൾ സുപ്രിയ അടുക്കളയിലേക്ക് കയറ്റാത്തത് കൊണ്ടാണ്.
അലംകൃതയ്ക്ക് വേറൊരു കഴിവുണ്ട്. എന്ത് കണ്ടാലും അതേക്കുറിച്ച് അവൾ എഴുതും. എഴുതുന്നതിന്റെ സീരിയസ്‌നെസോ, അതിലെ മിസ്‌റ്റേക്കോ ഒന്നുമല്ല നോക്കേണ്ടത്. ചുറ്റിനും എന്ത് നടന്നാലും അതേക്കുറിച്ച് അവളൊരു പാരഗ്രാഫ് എഴുതും. രാജുവിനും ഉണ്ടായിരുന്നു ഈ സ്വഭാവം. അവിടെ ചെന്നില്ലെങ്കിലും അവരുടെ കഥകളും വിശേഷങ്ങളുമെല്ലാം ഞാൻ ശരിക്കും അറിയാറുണ്ട്. മോനേ, എന്തുവാ ഇതെവിടുന്നാണ് എടുത്തത് എന്നൊക്കെ ചോദിച്ച് ഞാൻ വിളിക്കും. അവരുടെ ഫോട്ടോസും വീഡിയോയുമൊക്കെ കൂടെയുള്ളവർ എനിക്ക് കാണിച്ച് തരും.കൊച്ചുമക്കളെ കൊണ്ട് വരാത്തത് കൊണ്ട് എനിക്ക് മരുമക്കളോട് പ്രതിഷേധമാണ്. വൈകിട്ട് ട്യൂഷന് പോവണമെന്ന് പറയും. അതുകഴിഞ്ഞ് പിയാനോ പഠിക്കണം. കുഞ്ഞുങ്ങളെപ്പോലും കാണാൻ കിട്ടത്തില്ല. എട്ടര മണിക്ക് വന്ന് കയറുന്ന കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വാ എന്നൊക്കെ എങ്ങനെയാണ് പറയുന്നത്.
രാവിലെ ആറര മണിക്ക് സ്‌കൂൾ ബസ് വരും. എന്തെങ്കിലും ആഹാരം കൊടുത്ത് കുഞ്ഞിനെ കിടത്തി ഉറക്ക് എന്ന് ഞാൻ തന്നെ പറയും. നച്ചുവിനായിരുന്നു ഞാൻ കഥകൾ പറഞ്ഞ് കൊടുത്തിരുന്നത്. ആ ഒരു സ്‌നേഹം അവൾക്ക് ഇപ്പോഴുമുണ്ട്. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ കാണുമ്പോഴാണ് രാജു എവിടെയാണെന്ന് ഞാൻ അറിയുന്നത്. മോളെയും കൊണ്ട് കറങ്ങാൻ പോവാനിഷ്ടമാണ് അവന്. അതല്ല അതിനപ്പുറവും അമ്മ അറിഞ്ഞോളുമെന്നും അവൻമാർക്ക് അറിയാം. ഒരു ദിവസം ഞാൻ ഫോൺ ചെയ്തപ്പോൾ സുപ്രിയ ഒരു ഫർണ്ണിച്ചർ ഷോപ്പിൽ നിൽക്കുകയായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ അമ്മയ്ക്ക് സി ഐഡികളുണ്ടായിരുന്നോ എന്നായിരുന്നു സുപ്രിയ ചോദിച്ചത്. ഞാൻ അന്ന് ദോഹയിലായിരുന്നു. അവിടെ വർക്ക് ചെയ്തിരുന്ന ഒരു പയ്യന്റെ സഹോദരൻ ആ കടയിലാണ് ജോലി ചെയ്തിരുന്നത്.
സുപ്രിയയെ കണ്ടപ്പോൾ ഉടനെ ഫോട്ടോ എടുത്ത് അയച്ചതാണ്.ഒന്നിച്ച് യാത്രകളൊക്കെ പോയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ എന്നെ ഒരിടത്തും കൊണ്ടുപോയിട്ടില്ലെന്നായിരുന്നു മല്ലിക പറഞ്ഞത്. ദോഹയിൽ താമസിച്ചിരുന്ന സമയത്ത് മക്കളെല്ലാം വരാറുണ്ടായിരുന്നു. ഇന്ദ്രൻ ട്രിപ്പ് പോവുന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. തായ്‌ലൻഡിലേക്കൊക്കെയാണ് വിളിക്കുന്നത്. അവനും ഭാര്യയും കറങ്ങാൻ പോവുന്നതിനിടയിൽ നമ്മൾ, സ്വർഗത്തിലെ കട്ടുറുമ്പാണോ എന്ന് ചോദിച്ചാൽ അല്ല, എന്നാലും അവര് പോയി വരട്ടെ എന്നാണ് ആഗ്രഹിക്കാറുള്ളതെന്നായിരുന്നു മല്ലിക പറഞ്ഞത്.
Find out more: