വിടുതലൈ പാർട്ട്-1; വേട്ടയാടുന്ന കാഴ്ചകളുമായി പ്രേക്ഷകർക്കിടയിൽ! ഒരു വെട്രിമാരൻ ചിത്രമെന്നതിനൊപ്പം ഹാസ്യനടനായ സൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും 'വിടുതലൈ'യുടെ പ്രത്യേകതയാണ്. മക്കൾ സെൽവൻ വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, ഭവാനി ശ്രീ, രാജീവ് മേനോൻ, തമിഴ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സൂരിയെ നായകനാക്കി വെട്രിമാരൻ അണിയിച്ചൊരുക്കിയ തമിഴ് ചിത്രമാണ് വിടുതലൈ പാർട്ട്-1. 1987-ൻ്റെ പശ്ചാത്തലത്തിലാണ് കഥ അരങ്ങേറുന്നത്. വിദേശ കമ്പനിക്ക് തമിഴ്നാട്ടിലെ വനപ്രദേശത്ത് റോഡ് നിർമ്മിക്കാനും ഖനനം നടത്താനുമുള്ള അനുമതി സർക്കാർ നൽകിയെങ്കിലും 'മക്കൾ പടൈ' എന്നൊരു സംഘം അതിനെ എതിർത്തിരുന്നു. സർക്കാരിനും, പോലീസിനും നിരന്തര വെല്ലുവിളിയായിരുന്നതിനാൽ അവർ ഇക്കൂട്ടരെ തീവ്രവാദികളായാണ് ചിത്രീകരിച്ചിരുന്നത്.
മക്കൾ പടയെ തുരത്താൻ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘത്തിലേക്ക് പുതിയതായി ചേരാനെത്തിയ കുമരേശൻ (സൂരി) എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരും ആ പ്രദേശത്തേയും അവിടുത്തെ പ്രശ്നങ്ങളേയും പരിചയപ്പെടുന്നത്. പോലീസിൻ്റേയും സാധാരണ ജനങ്ങളുടേയും ജീവിതത്തിന് വില കൽപ്പിക്കാത്ത മക്കൾ പടയെ കഥയിലെ വില്ലന്മാരായി കാണിച്ചുതുടങ്ങുമെങ്കിലും വീക്ഷണകോൺ മാറുമ്പോൾ അതിനൊക്കെയും മാറ്റം വരുന്നു. പച്ചയായ മനുഷ്യരുടെ ജീവിതം അതുപോലെ വെള്ളിത്തിരയിലെത്തിക്കുന്ന സംവിധായകൻ്റെ ചിത്രങ്ങൾക്ക് ശക്തമായ രാഷ്ട്രീയ വീക്ഷണവും ഉണ്ടാകാറുണ്ട്. അതിൽ നിന്നും വ്യതിചലിക്കാത്ത സ്വഭാവമാണ് 'വിടുതലൈ'യും പ്രകടിപ്പിക്കുന്നത്. തൻ്റെ പതിവ് തെറ്റിക്കാതെ പറയാനുദ്ദേശിച്ചത് വ്യക്തമായി വിളിച്ചുപറയുന്ന തിരക്കഥയാണ് സംവിധായകൻ ഇത്തവണയും ഒരുക്കിയത്.പദവിയും ലാഭവും കൊതിക്കുന്ന രാഷ്ട്രീയക്കാരും അവരെ തൃപ്തിപ്പെടുത്താനായി എന്തും ചെയ്യാൻ തയ്യാറായ പോലീസുകാരും ഒരു ഭാഗത്ത്, കണ്ണിന് കണ്ണ് -പല്ലിന് പല്ലെന്ന് തിരിച്ചടിക്കാൻ തയ്യാറായ മക്കൾ പടൈ മറുഭാഗത്ത്, ഇവർക്കിടയിൽ സാധാരണ ജീവിതം നയിക്കാനാകാത്ത പ്രദേശവാസികളും -ഇവിടേക്കാണ് മനുഷ്യത്വം മരവിക്കാത്ത കുമരേശൻ എത്തുന്നത്.
പക്ഷേ പോലീസിൻ്റെ ഏറ്റവും അവസാനത്തെ കണ്ണിയായ അയാൾക്ക് ഒരുപാട് പരിമിധികൾ ഉണ്ടായിരുന്നു. അവിടെ അയാൾക്ക് എന്തൊക്കെ നേരിടേണ്ടി വരുന്നുവെന്നും, അത്തരം സാഹചര്യങ്ങൾ അയാളിൽ എന്ത് മാറ്റമാണ് വരുത്തുകയെന്നുമാണ് 'വിടുതലൈ'യിൽ കാണാനുള്ളത്. ജയമോഹൻ എഴുതിയ 'തുണൈവൻ' എന്ന ചെറുകഥയെയാണ് വെട്രിമാരൻ 'വിടുതലൈ'യായി വളർത്തിയത്. ശക്തമായ തിരക്കഥയാണ് സംവിധായകൻ ഒരുക്കിയതെങ്കിലും രണ്ട് ഭാഗങ്ങളായി വികസിപ്പിച്ചതിൻ്റെ പോരായ്മകൾ ചിത്രത്തിൽ നിഴലിക്കുന്നുണ്ട്. പോലീസ് ഡ്രൈവറായ കുമരേശനും, മക്കൾ പടയുടെ നേതാവായ പെരുമാളുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. പെരുമാൾ അല്ലെങ്കിൽ വാത്തിയാർ എന്ന പേര് ചിത്രത്തിലുടനീളം നിറയുന്നുണ്ടെങ്കിലും ആ കഥാപാത്രം രംഗത്തെത്തുന്നത് ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ്. അതിനാൽ തന്നെ ആദ്യ ഭാഗം പൂർണമായും സൂരിയുടെ കഥാപാത്രത്തിലാണ് ശ്രദ്ധ കൊടുത്തിട്ടുള്ളത്.
കാണികളിൽ നടുക്കം സൃഷ്ടിക്കുന്ന ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ട്, അതിൻ്റെ തീവ്രത ബോധ്യപ്പെടുത്തുന്ന വിധമാണ് സംവിധായകൻ അതൊക്കെ ചിത്രീകരിച്ചത്. വെട്രിമാരൻ്റെ വ്യക്തിമുദ്ര പതിഞ്ഞ അത്തരം രംഗങ്ങളിൽ നിന്നും മോചിതരാകാൻ സിനിമ കണ്ടിറങ്ങുമ്പോഴും സാധിച്ചേക്കില്ല. എന്നാൽ ചില ഭാഗങ്ങളിൽ സംവിധായകന് ചെറിയ പിഴവുകളും സംഭവിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്ക് ചില ഭാഗങ്ങളിൽ മുറിയുന്നതും, പെരുമാൾ തൊട്ട് മുന്നിൽ നിൽക്കുമ്പോഴും പോലീസ് അകലെയുള്ള അയാളുടെ കൂട്ടാളികളെ ഉന്നം വയ്ക്കുന്നതും അതിൻ്റെ ഉദാഹരണങ്ങളാണ്.
സൂരി കോമഡി കൈകാര്യം ചെയ്യുന്നത് മാത്രമാണ് നമ്മൾ കണ്ടിട്ടുള്ളത്, അതുകൊണ്ട് 'വിടുതലൈ'യിൽ കുമരേശനായി നടൻ ശരിക്കും അതിശയിപ്പിക്കും. സൂരി അഭിനയിക്കുന്നതായി ഒരിടത്തും തോന്നുകയില്ല എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. മനസാക്ഷിക്ക് നിരക്കാത്തതായി യാതൊന്നും ചെയ്യാത്ത അയാളുടെ മനോഭാവം നമ്മളെ ആകർഷിക്കും. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ മാപ്പ് പറയാൻ തയ്യാറാകാത്ത ആ ധൈര്യത്തെ നമ്മൾ ആരാധിക്കും. കഥാപാത്ര സൃഷ്ടി പരിചിതമാണെങ്കിലും സൂരിയുടെ പ്രകടനം കുമരേശന് വേറിട്ട വ്യക്തിത്വം പകർന്നുകൊടുത്തു.
Find out more: