ഒരുമിച്ചുള്ള യാത്ര രസകരമായിരുന്നു, വൈകാരികമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല! പൊന്നിയിൻ സെൽവൻ്റെ പ്രമോഷൻ്റെ ഭാഗമായി താരങ്ങൾ ഒന്നിച്ചുള്ള വലിയൊരു യാത്രയിലായിരുന്നു കാർത്തി ഇതുവരെ. ചിത്രം ഏപ്രിൽ 28 ന് തിയറ്ററിലേക്കെത്തുമ്പോൾ യാത്രകൾ അവസാനിച്ചെന്ന കുറിപ്പാണ് ഇൻസ്റ്റഗ്രാമിൽ കാർത്തി പങ്കുവെച്ചത്. പ്രമോഷൻ ടൂർ അവസാനിക്കുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രകൾ ഒരുപാട് രസകരമായിരുന്നു, പക്ഷേ, അത് വൈകാരികമായി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാളത്തെ ബിഗ് ഡേയ്‌ക്കായി എല്ലാം സജ്ജമാണ്, എന്ന് കാർത്തി എഴുതുന്നു. കാർത്തിയെ പ്രേക്ഷകർ കണ്ടികൊണ്ടിരിക്കുകയാണ്. കോമഡിയും റൊമാൻസും ആക്ഷനും വൈകാരികതയുമൊക്കെ ആ മുഖത്ത് മിന്നിമറയുന്നത് പ്രേക്ഷകർ വെള്ളിത്തിരയിൽ പലകുറി കണ്ട് വിസ്മയിച്ചിട്ടുള്ളതാണ്. എന്നാൽ ആ കാർത്തി ആയിരുന്നില്ല പൊന്നിയിൻ സെൽവനിലെ വല്ലവരയൻ വന്തിയദേവൻ.




   മുകളിൽ ആകാശം, താഴെ ഭൂമി എന്ന പ്രകൃതക്കാരനാണ് അയാൾ. വാക്കിലും നോക്കിലും ചിരിയിലും കുസൃതി നിറയ്ക്കുന്ന, പ്രണയപരവശനാകുന്ന പൊന്നിയിൻ സെൽവൻ കഥയുടെ നെടുംതൂണായ ആദിത്യ കരികാലൻ്റെ വലംകയ്യായ വന്തിയദേവൻ. എന്നാൽ അത് കൽക്കിയുടെ സാങ്കൽപിക കഥാപാത്രമായിരുന്നു എന്ന് വിശ്വസിക്കാനാവാത്ത വിധം കാർത്തി അതിനെ പകർന്നാടുകയായിരുന്നു. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം തിയറ്ററിലേക്കെത്തുമ്പോൾ ആരാധകർ കാത്തിരിക്കുന്നതും വന്തിയദേവൻ്റെ പ്രയാണവും പ്രണയവും കാണാനാണ്. അതാണ് നടനും താരവുമായ കാർത്തി സൃഷ്ടിക്കുന്ന മായാജാലവും. രണ്ട് ഭാഗമായി ഒരുക്കിയ പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസത്തിനായി ഏകദേശം 130 ദിവസത്തോളം ഷൂട്ടിംഗ് ചെലവഴിച്ചുവെന്നും മികച്ചൊരു ടീമായി നന്നായി വർക്ക് ചെയ്യാനും പരസ്പരം പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞെന്നും ഇതുപോലൊരു സിനിമാറ്റിക് അനുഭവം അപൂർവമാണെന്നും താരം പറയുന്നു.






  ഇനി അങ്ങനെയൊരു അവസരം നമുക്ക് ലഭിക്കില്ലെന്ന് ജയം രവിയോട് പറഞ്ഞു. ഒന്നിച്ചുള്ള യാത്ര അവസാനിക്കുകയാണെന്ന് മനസിലാക്കിയപ്പോൾ എത്രമാത്രം വികാരഭരിതമായിരുന്നുവെന്ന് ജയം രവിയും കൂട്ടിച്ചേർക്കുന്നു. ഈ സിനിമ ചിത്രം വളരെ പ്രത്യേകതയുള്ളതാണെന്ന് ഷൂട്ടിംഗ് ആരംഭിച്ച ആദ്യ ദിവസം മുതൽ അറിയാമായിരുന്നുവെന്ന് കാർത്തി പറയുന്നു.പൊന്നിയിൻ സെൽവൻ്റെ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ താൻ സമ്മർദ്ദത്തിലായിരുന്നെന്ന് സിനിമാരംഗത്ത് രണ്ട് പതിറ്റാണ്ടോളം കാലത്തെ അനുഭവമുള്ള കാർത്തി പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം കരിയറിൽ പഠിച്ചതെല്ലാം ഇതിൽ പരീക്ഷിച്ചിട്ടുണ്ട്. ഈ കഥ തന്നെ ഹിറ്റാണ്. കഥാപാത്രങ്ങൾ പുസ്തകത്തിൽ തന്നെ വലിയ താരങ്ങളാണ്. അതിനാൽ അത് നന്നായി എന്ന് ഉറപ്പാക്കേണ്ടതുണ്ട്, സമ്മർദ്ദം നേരിടാൻ എളുപ്പമല്ല.പൊന്നിയിൻ സെൽവനിൽ ഞങ്ങൾ ഒരു ക്രിക്കറ്റ് ടീം പോലെയായിരുന്നു. 





ടീമിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ നന്നായി പ്രവർത്തിക്കണം, മധ്യനിര മികച്ചതായിരിക്കണം, ബൗളർമാരും മികച്ചവരായിരിക്കണം. സിനിമ നല്ലതാകാൻ ഓരോരുത്തരും അവരവരുടെ ഭാഗം നന്നായി ചെയ്യേണ്ടതാണ്. അതിനാൽ ഞങ്ങൾ എപ്പോഴും പരസ്പരം നന്നായി സഹകരിച്ചു. ഈ സിനിമ വളരെക്കാലം ഓർമ്മിക്കപ്പെടും.പൊന്നിയിൻ സെൽവനിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ കാർത്തി - തൃഷ കോമ്പിനേഷൻ വീണ്ടും വെള്ളിത്തിരയിൽ ഒരുമിക്കുന്നതിനുള്ള സൂചനയാണ് കോളിവുഡിൽ നിന്നുമെത്തുന്നത്. സംവിധായകൻ ലോകേഷ് കനകരാജിൻ്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ലോകേഷ് സംവിധാനം ചെയ്യുന്ന ലിയോയിൽ വിജയുടെ നായികയാണ് തൃഷ. ഒപ്പം അടുത്ത ചിത്രം കൈതി രണ്ടിലാണ് കാർത്തി - തൃഷ ജോഡി സ്ക്രീനിലെത്തുമെന്നുള്ള സൂചന ലഭിക്കുന്നത്. താരങ്ങൾ ഇതു സംബന്ധിച്ച് സൂചന നൽകിയിട്ടില്ല.

 

Find out more: