തലൈവർ 170 -ൽ രജിനിയുടെ വില്ലനായി വിക്രം എത്തുമോ? തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകരും. ഇപ്പോഴിത രജിനികാന്തിന് ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടെന്നും ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇപ്പോഴിത ഈ രജിനി ചിത്രത്തിൽ നെഗറ്റീവ് റോളിനായി ടിജെ ജ്ഞാനവേൽ ചിയാൻ വിക്രമിനെ സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ജയിലറിന് ശേഷം ജയ് ഭീം ഫെയിം ടി.ജെ ജ്ഞാനവേലിനൊപ്പം രജിനികാന്തിന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. വിക്രമിനെ ടീമിലെത്തിക്കാൻ നിർമ്മാതാക്കളും ചർച്ച നടത്തിവരികയാണെന്ന് റിപ്പോർട്ടുണ്ട്. ഈ വർഷം പകുതിയോടെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.






മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും വിവരങ്ങൾ ഉടനേ പുറത്തുവിടും.എന്നാൽ വിക്രം ഓഫർ നിരസിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ മറ്റൊരു നടനും ചിത്രത്തിലെ പ്രതിനായക വേഷത്തോട് നീതി പുലർത്താൻ കഴിയില്ലെന്നും എത്ര ബുദ്ധിമുട്ടിയിട്ട് ആണെങ്കിലും വിക്രമിനെ തന്നെ ആ കഥാപാത്രത്തിനായി സമീപിക്കുമെന്നും സംവിധായകൻ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം തലൈവർ 170 ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു പൊലീസുകാരനായിട്ടാണ് രജിനികാന്ത് ചിത്രത്തിലെത്തുക. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ്. അതേസമയം വിക്രമിപ്പോൾ തങ്കലാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്.





പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനൻ ആണ് നായികയായെത്തുന്നത്. 1870 നും 1940 നും ഇടയിലുള്ള കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കോലാർ ഗോൾഡ് ഫീൽഡിൽ ജോലി ചെയ്തിരുന്ന ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.തങ്കലാന് വൻ പ്രതീക്ഷയോടെയാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. തങ്കലാന്റെ ചിത്രീകരണത്തിനിടെ വിക്രമിന് വാരിയെല്ലിന് പരുക്കേറ്റിരുന്നു. അതുകൊണ്ട് കുറച്ചു നാളത്തേക്ക് താരം ഷൂട്ടിംഗിൽ നിന്ന് ബ്രേക്ക് എടുത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 





നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലറിന്റെ തിരക്കുകളിലാണിപ്പോൾ രജിനികാന്ത്. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഒരു ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം രജിനികാന്ത് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. ജയിലറിന്റെ പുറത്തുവന്ന ടീസറിനും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തമന്നയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജയിലറിന്റെ ഓഡിയോ ലോഞ്ച് ഉടനേ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Find out more: