വേലുവും ധനലക്ഷ്മിയും അങ്ങ് കശ്മീരിലെത്തി: തൃഷ പങ്കുവച്ച ചിത്രത്തിന് ഉഗ്രൻ കമന്റുകളുമായി ആരാധക ഹൃദയങ്ങൾ! ഇന്നലെ വിജയിയുടെ 49-ാം പിറന്നാൾ കൂടിയായിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നത്. നിരവധി ചിത്രങ്ങളിൽ താരങ്ങൾ ഒന്നിച്ചെത്തി പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. ഇപ്പോഴിത വിജയ്‌യ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് തൃഷ. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ നൽകുന്നതും. വേലുവും ധനലക്ഷ്മിയും കശ്മീരിൽ എന്നാണ് ഭൂരിഭാഗം പേരും പോസ്റ്റിന് നൽകിയിരിക്കുന്ന കമന്റുകൾ. തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് തൃഷയും വിജയിയും. വിജയിയും തൃഷയും ഒന്നിച്ചെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഗില്ലി. ശരവണവേലു എന്ന കഥാപാത്രമായി വിജയ് എത്തിയപ്പോൾ ധനലക്ഷ്മി എന്ന കഥാപാത്രമായി തൃഷയുമെത്തി.




ഇരുവരും ഒന്നിച്ചെത്തിയതിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ഗില്ലി. 14 വർഷങ്ങൾക്ക് ശേഷം ലോകേഷ് കനകരാജിന്റെ ലിയോയിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. കശ്മീരിലായിരുന്നു ലിയോയുടെ ചിത്രീകരണം. ലിയോയുടെ ഷൂട്ടിങിനിടയിൽ നിന്നുള്ള ചിത്രമാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 15 ദിവസത്തോളം കശ്മീരിൽ ഷൂട്ടിങ് ഉണ്ടായിരുന്നു. ഗില്ലി, കുരുവി, തിരുപാച്ചി, ആതി എന്നീ ചിത്രങ്ങൾക്ക് വേണ്ടിയായിരുന്നു ഇരുവരും ഇതിന് മുൻപ് ഒന്നിച്ചഭിനയിച്ചത്. ഇതിൽ ഗില്ലിയും തിരുപ്പാച്ചിയും ബോക്സോഫീസിൽ വൻ വിജയമാവുകയും ചെയ്തിരുന്നു. അതേസമയം വൻതാരനിരയാണ് ചിത്രത്തിലെത്തുന്നത്. സഞ്ജയ് ദത്ത്, അർജുൻ, മിഷ്കിൻ, ഗൗതം വാസുദേവ മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ‌ പ്രധാനവേഷത്തിലെത്തുന്നുണ്ട്.




കഴിഞ്ഞ ദിവസം വിജയിയുടെ പിറന്നാളിനോടനുബന്ധിച്ച് ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ദളപതി വിജയ് തന്നെ ആലപിച്ച ഗാനത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. നാ റെ‍ഡി എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സോണി മ്യൂസിക് എൻ്റർടെയ്ൻമെന്റിന്റെ ലേബലിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒക്ടോബർ 19 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 




2008 ൽ പുറത്തിറങ്ങിയ കുരുവി എന്ന ചിത്രത്തിന് ശേഷം തൃഷയും വിജയിയും ഒന്നിച്ച് സ്ക്രീനിലെത്തിയിരുന്നില്ല. ഒടുവിൽ നാളുകൾക്ക് ശേഷം തൃഷ തന്നെയാണ് ദളപതി 67 ൽ എത്തുന്നുണ്ടെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിജയിയ്ക്കൊപ്പം ചിത്രത്തിന്റെ പൂജയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് തൃഷ പങ്കുവച്ചത്. നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമിതാ എന്ന അടിക്കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവച്ചത്. ഗോൾഡൻ പെയർ എന്നായിരുന്നു ഈ ചിത്രത്തിന് ആരാധകർ നൽകിയ കമന്റുകൾ.

Find out more: