അന്വേഷണ സീരിസുമായി 'കേരള ക്രൈം ഫയൽസ്' വരുന്നു! അജു വർഗ്ഗീസ്, ലാൽ, നവാസ് വള്ളിക്കുന്ന്, സഞ്ജു സനിച്ചൻ, ഷിൻസ് ഷാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സീരീസിൻ്റെ സംവിധാനം നിർവ്വഹിച്ചത് അഹമ്മദ് കബീറാണ്. ഫീൽഗുഡ് ഴോണറിലുള്ള ജൂൺ, മധുരം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത്തവണ കുറ്റാന്വേഷണ ത്രില്ലറുമായാണ് സംവിധായകൻ എത്തിയിരിക്കുന്നത്. ഓടിടി പ്ലാറ്റ്ഫോമുകളുടെ മുഖ്യധാരയിലുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻ്റെ ആദ്യ മലയാള വെബ്ബ് സീരീസ് 7 ഭാഷകളിലായി പ്രദർശനം ആരംഭിച്ചു. കേരള ക്രൈം ഫയൽസ് എന്ന് പേരിട്ടിരിക്കുന്ന സീരീസിന് 'ഷിജു, പാറയിൽ വീട്, നീണ്ടകര' എന്നൊരു ഉപശീർഷകവും ഉണ്ട്. ഈ പേരും വിലാസവും വിരൽ ചൂണ്ടുന്ന പ്രതിയിലേക്കുള്ള പോലീസിൻ്റെ യാത്രയാണ് സീരീസിൽ കാണാനുള്ളത്. അരമണിക്കൂറിനുള്ളിൽ അവസാനിക്കുന്ന 6 എപ്പിസോഡുകളുള്ള ഒരു മിനി വെബ്ബ് സീരീസാണ് കേരള ക്രൈം ഫയൽസ്. ദൈർഘ്യം കുറവായതിനാൽ തന്നെ ഒരു സിനിമ ആസ്വദിക്കുന്നതുപോലെ ഒറ്റയിരുപ്പിൽ കണ്ടുതീർക്കാനുമാകും. 




കൊല്ലപ്പെട്ട സ്ത്രീ ഒരു സെക്സ് വർക്കറാണ്. ചോദിക്കാനും പറയാനും അവർക്ക് ആരുമില്ല. പ്രതിയെ കണ്ടെത്താനായി പോലീസിന് മേൽ യാതൊരു സമ്മർദ്ദവും ഇല്ല. ഒരുപക്ഷേ തെളിവില്ലാത്ത കേസായി എഴുതിത്തള്ളിയാലും പോലീസ് പ്രതിക്കൂട്ടിലാകില്ലെന്ന് ചുരുക്കം. അവിടെയാണ് കഥ പ്രസക്തി നേടുന്നത്. ഷിജു എന്നൊരു പേരും, ഒരു വ്യാജ മേൽവിലാസവും മാത്രമായിരുന്നു പ്രതിയേക്കുറിച്ചുള്ള സൂചന. വളരെ നിസ്സാരമായി പ്രതിയെ കുടുക്കാമെന്ന് വിചാരിച്ച പോലീസ് വിയർക്കുന്ന രംഗങ്ങളാണ് പിന്നീട്. എസ്ഐ മനോജിൻ്റേയും കൂട്ടരുടേയും അന്വേഷണം നേരായ ദിശയിലാണ് സഞ്ചരിച്ചത് പക്ഷേ, പ്രതി ഇവരുടെ കയ്യിൽ നിന്നും വഴുതി വഴുതി പോകുകയാണ്! 2011-ൽ കൊച്ചിയിലെ ഒരു ലോഡ്ജിൽ നടന്ന കൊലപാതകത്തിൻ്റെ അന്വേഷണമാണ് സീരീസിൻ്റെ കഥ. എസ്ഐ മനോജിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൻ്റെ 6 ദിവസങ്ങളാണ് 6 എപ്പിസോഡുകളിലായി അവതരിപ്പിച്ചിരിക്കുന്നത്.





 സങ്കീർണ്ണമായ കേസുകളും, കണ്ടെത്താനാകില്ലെന്ന് തോന്നുന്ന പ്രതികളുമാണ് സാധാരണ ഇത്തരം കഥകളിൽ ഉണ്ടാകാറുളളത്. അതിൽ നിന്നും വ്യത്യസ്തമായി വളരെ ലളിതമായ ഒരു കേസിനെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. സീരീസ് പിടിമുറുക്കുന്നതും അതിലൂടെയാണ്. തികച്ചും സാധാരണക്കാരനായ പ്രതി, പോലീസിൻ്റെ കയ്യെത്തും ദൂരത്തിലാണ് അയാൾ, അയാളിലേക്ക് ചെന്നെത്താൻ നിരവധി ക്ലൂകളും ഉണ്ട് -എന്നിട്ടും അയാളെ പിടികൂടാൻ കഴിയുന്നില്ല! 6 ദിവസങ്ങൾ കൊണ്ട് പ്രതിയെ പോലീസ് പിടികൂടുമെങ്കിലും, ആ 6 ദിവസങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് 6 മാസങ്ങളേക്കാളും നീണ്ടതായി മാറുകയാണ്.സീരീസിലെ കേസുപോലെ സങ്കീർണ്ണതകളൊന്നും ഇല്ലാതെയാണ് ആഷിഖ് ഐമർ തിരക്കഥ എഴുതിയിട്ടുള്ളതും. എന്തൊക്കെയാണോ പ്രേക്ഷകരിലേക്ക് കൊളുത്തേണ്ടത് അതൊക്കെ കൃത്യമായി തിരക്കഥയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. സീരീസിലെ കഥാപാത്ര സൃഷ്ടികൾ ഏറ്റവും മികച്ചതാണെന്ന് പറയാനാകില്ലെങ്കിലും, എല്ലാവർക്കും കൃത്യമായൊരു സ്പേസ് നൽകിയിരുന്നു.




 പൊതുവേ സീരീസുകളിൽ കഥാപാത്രങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കാറുണ്ടെങ്കിലും, ഇവിടെ ഒരു പരിധിക്കപ്പുറം അവരേക്കുറിച്ച് പ്രേക്ഷകർക്ക് മനസ്സിലാകില്ലെന്നത് ചെറിയൊരു പോരായ്മയാണ്. 6 ദിവസങ്ങളിൽ ഒതുങ്ങുന്ന കഥയായതിനാൽ അതിൻ്റേതായ പരിമിതികൾ ഉണ്ടായിരുന്നു. സംഭാഷണങ്ങൾ കഥാപാത്രങ്ങളോടും പശ്ചാത്തലത്തോടും നന്നായി യോജിച്ചുപോയിട്ടുണ്ട്. ഇടയ്ക്ക് ഒരു കോൺസ്റ്റബിൾ തനിക്ക് ജോലി ലഭിക്കുന്നതിന് മുന്നേയുള്ള അവസ്ഥ പങ്കുവയ്ക്കുന്നത് ഉൾക്കൊള്ളാൻ കഴിയുമെങ്കിലും, അതിന് മുൻപുള്ള സംഭാഷണങ്ങളോ സാഹചര്യമോ അതിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചില്ല. മലയാളം ഇൻഡസ്ട്രിയിൽ നിന്നും നമ്മളും അന്യഭാഷ പ്രേക്ഷകരും എന്താണോ പ്രതീക്ഷിച്ചത് അതുതന്നെയാണ് സീരീസ് നൽകിയത്. നല്ലൊരു ആശയം മികച്ച താരങ്ങൾക്കൊപ്പം മികച്ച നിർമ്മാണ നിലവാരത്തോടെ അണിയിച്ചൊരുക്കാൻ സംവിധായകന് കഴിഞ്ഞതിനാൽ സീരീസ് ഒട്ടും മുഷിച്ചിലില്ലാതെ കണ്ടിരിക്കാം. വളരെ വലിയൊരു പ്രേക്ഷക സമൂഹത്തിന് മുന്നിക്ക് എത്തിക്കുമ്പോഴും, സീരീസിൻ്റെ വേരുകൾ കേരളത്തിൻ്റെ മണ്ണിൽ ആഴത്തിൽ ഇറങ്ങിയിട്ടുണ്ടെന്നത് അഭിനന്ദനാർഹമായ കാര്യമാണ്.

Find out more: