എവിടെയൊക്കെയോ ഒളിച്ചു വെച്ച അവരുടേത് മാത്രമായ സങ്കടങ്ങളും സ്വപ്നങ്ങളും; വൈറലായി സിൽക്ക് സ്മിതയെക്കുറിച്ചുള്ള കുറിപ്പുകൾ! 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ ആയിരുന്നു സ്മിത അഭിനയിച്ചത്. അവരുടെ ആ മാദക സൗന്ദര്യം കൊണ്ടുതന്നെ എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കിവാണ സ്മിത മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്ന ഒരാൾ ആയിരുന്നു. നായികയായും ഗ്ലാമറസ് താരമായും സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ അവരുടെ അപ്രതീക്ഷിത മരണ വാർത്ത ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ കഴിഞ്ഞ സെപ്തംബർ 23 നു ആ താരസുന്ദരി വിടപറഞ്ഞിട്ട് 27 വർഷങ്ങൾ പൂർത്തിയായായിരിക്കുകയാണ്. സ്മിതയെ ഇന്നും ഓർത്തിരിക്കുന്ന ആരാധകർ എഴുതിയ കുറിപ്പുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ സ്വപ്ന സുന്ദരി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഒരാൾ ആയിരുന്നു സിൽക്ക് സ്മിത.




 ആ വിടർന്ന കണ്ണുകളും ആരെയും മയക്കുന്ന ചിരിയും ഉൾപ്പെടുന്ന ആ ജ്വലിക്കുന്ന സൗന്ദര്യം എന്നൊക്കെ വിശേഷിപ്പിച്ചാലും മതിയാവാത്ത ഒരാൾ ആയിരുന്നു സ്മിത. "സിൽക്ക് സ്മിത. ഞാൻ ആദ്യമായി സിൽക്കിന്റെ ഒരു മുഴുനീള സിനിമകാണുന്നത് തുളസിദാസിന്റെ "ലയനം" ആണ്. സിനിമ നടി ഉർവ്വശി ചേച്ചിയുടെ സഹോദരൻ ആയിരുന്നു നായകൻ. പിന്നീട് അദ്ദേഹം മരണപെടുകയായിരുന്നു. സിൽക്കും അതുപോലെ തന്നെ മരണപെട്ടു. ഞാൻ വീണ്ടും സിൽക്കിന്റെ സിനിമകൾ തേടിപിടിച്ചു കണ്ടു. അന്ന് തമിഴ് സിനിമയിൽ സിൽകിന്റ ഒരു ഐറ്റം ഡാൻസ് മുഖ്യമായിരുന്നു. വണ്ടിചക്രം എന്ന തമിഴ് സിനിമയിലെ "സിൽക്‌ " എന്ന വേഷമാണ് പേരിന്റെ കൂടേ ചേർത്ത് സിൽക്ക് സ്മിതയായതു. ഇന്നത്തെ മുഖ്യനായികമാർ കാണിക്കുന്നതിൽ കൂടുതലോ കുറവോ അന്ന് സിൽക്ക് കാണിച്ചില്ല. എന്നിട്ടും പുതു തലമുറവരെ അവരെ "സെക്സ് ബോംബ്" എന്ന് വിളിച്ചു, വിളിക്കുന്നു ഇപ്പോഴും. സ്ഫടികത്തിലെ വേഷത്തിനേക്കാൾ എനിക്കിഷ്ടമുള്ള സിനിമ അഥർവ്വമാണ്, കാട്ടുപെണ്ണ്. വീണ്ടും കുറച്ചു ഗ്ലാമർ വേഷങ്ങളിൽ സിൽക്കിനെ കണ്ടു.





സ്മിതയുടെ നല്ല വേഷങ്ങൾ ആരും വാഴ്ത്താറില്ല... ഗ്ലാമർ മാത്രം മീഡിയ ഹൈലൈറ്റ് ചെയ്തു. ഒരുമുഴം കയറിൽ സ്മിത ചെന്നൈയിലെ ഫ്ലാറ്റിൽ തൂങ്ങിയാടിയപ്പോൾ കേരളത്തിലെ വൃത്തികെട്ട സിനിമാ ഡിസ്ട്രിബ്യുട്ടെഴ്സ് ആ ശരീരത്തിന്റെ ചൂട് പോകുന്നതിനു മുന്നേ ബിറ്റ് കയറ്റി ധാരാളം പഴയ സ്മിത സിനിമകൾ കേരളത്തിലെ തിയേറ്ററിൽ എത്തിച്ചു. പ്രബുദ്ധ മലയാളികൾ അത് കാണുകയും ചെയ്തു. സ്മിതയെ വീണ്ടും ഓർക്കുമ്പോൾ ആ കണ്ണുകളിൽ എനിക്ക് ആ പഴയ വശ്യത കാണാൻ കഴിയുന്നില്ല... പകരം... ഒരു വിഷാദരാഗമാണ് കാണാൻ കഴിയുന്നത്" - സിനിഫയൽ എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ഗൗതം രാജീവ് എന്ന പ്രൊഫൈലിൽ നിന്നും കുറിച്ച വാക്കുകളാണിവ. "സിൽക്ക് സ്മിത. ഏറ്റവും വിദഗ്ദമായി വിപണനം ചെയ്യപ്പെട്ട ഒരു താര ശരീരം. അതിനുള്ളിൽ എവിടെയൊക്കെയോ ഒളിച്ചു വെച്ച അവരുടേത് മാത്രമായ സങ്കടങ്ങൾ... സ്വപ്‌നങ്ങൾ.. പിന്നെയൊരിക്കൽ അവരായിട്ട് തന്നെ അതൊക്കെ അങ്ങവസാനിപ്പിച്ചു.





ഏറ്റവും ഭീകരമായി ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരാവും സ്വയം ഒടുക്കി മറഞ്ഞു കളയുന്നത്... ഇല്ലാതായിട്ട് ഇന്നേക്ക് 27 വർഷങ്ങൾ പൂർത്തിയാകുന്നു. ഓർമ്മകൾക്കില്ല, ചാവും ചിതയും ഊന്നു കോലും, ജരാനര ദുഖവും" - ലത്തീഫ് മെഹ്ഫിൽ എന്നയാൾ കുറിച്ചത് ഇങ്ങിനെയാണ്‌. വൈറലായ ഈ പോസ്റ്റിനു താഴെ നിരവധിയാളുകൾ ആണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ജയരാജിന്റെ തുമ്പോളി കടപ്പുറത്തിലെ കടലോര പെണ്ണായി അവൾ വന്നു, നല്ലൊരു വേഷമായിരുന്നു അത്. ലാലേട്ടന്റെ കൂടെ വീണ്ടും നാടോടി. 1979 ൽ പുറത്തിറങ്ങിയ ഇണയെ തേടിയാണ് സിൽക് സ്മിതയുടെ ആദ്യ മലയാള ചിത്രം. വിടർന്ന കണ്ണുകളുമായി വിജയലക്ഷ്മി എന്ന സ്മിത ആന്ധ്രയിലെ എലുറ യിൽ നിന്നും സൗത്തിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ മദ്രാസ്സിൽ എത്തുകയും എക്സ്ട്രാ നടിയിൽ നിന്നും ഐറ്റംഡാൻസിലൂടെ പ്രേക്ഷകന്റെ ഉള്ളിലേക്ക് കടന്നുകയറി ഒരുകാലത്തു സൗത്ത്ഇന്ത്യ മുഴുവൻ വ്യാപിച്ച നടിയായി മാറുകയും ചെയ്തു. മനോഹരമായ കണ്ണുകളുടെ വശ്യതയിൽ കുരുങ്ങിക്കിടന്ന പുരുഷന്മാരിൽ പ്രായം ഒരു ഘടകമേയല്ലായിരുന്നു





. അനുരാധ, അഭിലാഷ എന്നീ ഗ്ലാമർ നടിമാർക്കൊന്നും ഇല്ലാത്ത പ്രത്യേകത സ്മിതയുടെ ദൈവം കനിഞ്ഞു നൽകിയ ശാരീരിക ഘടനയായിരുന്നു."മരണം വരെ ലോകരുടെ സദാചാര ചോദ്യങ്ങളുടെ ഇരയായവൾ. മരിച്ചു കഴിഞ്ഞപ്പോൾ വാഴ്ത്തി പാടലുകൾ കേട്ടവൾ. ജീവിക്കാനാകാതെ മരണത്തെ പുല്കിയവൾ. ഇന്ന് സ്മിതയുടെ ഫോട്ടോയിട്ട് വാഴ്ത്തി പാടുമ്പോൾ അന്ന് സ്മിതയെ നിങ്ങടെ ലൈംഗിക ആഹ്ലാദങ്ങൾക്ക് ഉപയോഗിക്കുകയും അതുപോലെ തന്നെ സദാചാര വിരുദ്ധയാക്കുകയും ചെയ്തു. വല്ലാത്ത ലോകം തന്നെ. ഒരിക്കലെങ്കിലും അവർക്ക് ഒരു സ്നേഹ സാന്ത്വനമാകാൻ ആർക്കുമായില്ല. അവരുടെ ജീവൻ പോകും വരെ ആവേശത്തോടെ പുറത്ത് നിറുത്തിയവരാണ് നമ്മൾ. ഇപ്പോൾ ഈ അകത്ത് നിറുത്തൽ എല്ലാവർക്കും ഒരു മനസുഖം. അന്നും ഇന്നും ഒരു നൊമ്പരമായി മനസ്സിലേക്ക് വരുന്നവൾ, സിൽക്ക് സ്മിത" - എന്നാണ് അഡ്വക്കേറ്റ് കുക്കു ദേവകി എഴുതിയത്.

Find out more: