തിയേറ്ററിൽ പൊട്ടിപ്പൊളിഞ്ഞ്, പിന്നീട് ഹിറ്റായ സിനിമകൾ! സിനിമ ഇറങ്ങി ഏഴ് ദിവസമെങ്കിലും കഴിഞ്ഞേ റിവ്യൂ ഇടാൻ പാടുള്ളൂ എന്നാണ് പറയപ്പെടുന്നത്. നല്ല സിനിമകൾ തിയേറ്ററിൽ പരാജയപ്പെടാൻ കാരണം ശരിക്കും വ്‌ളോഗർമാരാണോ എന്നതാണ് അപ്പോൾ ഉയരുന്ന ചോദ്യം. ഇന്റർനെറ്റും, യൂട്യൂബും വ്‌ളോഗും ഒന്നും ഇല്ലാതിരുന്ന / സജീവമല്ലാതിരുന്ന കാലത്തും നല്ല സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടു പോയിട്ടില്ലേ. എന്നിട്ട് ടിവിയിൽ വന്നപ്പോൾ പ്രേക്ഷകർ ഏറ്റെടക്കുകയും പിന്നീട് എവർഗ്രീൻ ഹിറ്റുകളാകുകയും ചെയ്ത എത്രയോ സിനിമകൾ ഇവിടെയുണ്ട്. അതിൽ ചിലതിനെ കുറിച്ച് പറയാം. സിനിമ റിലീസ് ചെയ്ത ഉടനെ വ്‌ളോഗർമാർ റിവ്യു കൊടുക്കുന്നത് കാരണം സിനിമ പരാജയമെന്ന് വിധിയെഴുതി തിയേറ്ററിൽ നിന്നും എടുക്കുന്നു, അത് നിയന്ത്രിക്കണം എന്നാണല്ലോ ഇപ്പോഴത്തെ വാദം. മോഹൻലാലിനെയും ജയപ്രദയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് ദേവദൂതൻ. സംഗീതത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ഒരു ഹൊറർ ചിത്രമായിരുന്നു.




സിനിമയിലെ പാട്ട് ഇന്നും മലയാളികളുടെ ജുക്ക് ബോക്‌സിലേ ഫേവറൈറ്റിലുണ്ടാവും. മികച്ച തിരക്കഥയായിരുന്നുവെങ്കിലും ആ ജനറേഷന് കഥ മനസ്സിലായില്ല എന്ന കാരണത്താൽ തിയേറ്ററിൽ പരാജയപ്പെട്ടുപോയി. പക്ഷെ പഴക്കം കൂടുന്തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നത് പോലെ വർഷം കഴിയുന്തോറും ആ സിനിമയോടും അതിലെ പാട്ടുകളോടും പ്രേക്ഷകർക്കുള്ള ഇഷ്ടം കൂടിവരികയാണ്. ഇന്ന് മമ്മൂട്ടിയുടെ ബിഗ്ഗ് ബി എന്ന് കേട്ടാൽ ഇതര മമ്മൂട്ടി ഫാൻസിന് പോലും ഒരു ആവേശമുണ്ടാവും. അത്രയ്ക്ക് അങ്ങ് ബിലാലിനെ ഇഷ്ടപ്പെട്ടുപോയവരാണ് മലയാളികൾ. എന്നാൽ അമൽ നീരദ് സംവിധാനം ചെയ്ത സിനിമ തിയേറ്ററിൽ പരാജയമായിരുന്നു. ആക്ഷൻ ക്രൈം ത്രില്ലറായ ബിഗ്ഗ് ബി ഫോർ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം വേർഷനാണ്.





 അതുകൊണ്ട് തന്നെ സിനിമ ഒരു ഹോളിവുഡ് സ്‌റ്റൈലിലാണ് ഒരുക്കിയത്. മാറ്റങ്ങൾ ഉൾക്കൊള്ളാൻ എന്നും സമയമെടുക്കും എന്നാണല്ലോ, അത് ബിഗ്ഗ് ബിയുടെ കാര്യത്തിൽ സംഭവിച്ചു. ആ മാറ്റം അംഗീകരിക്കാൻ അപ്പോൾ സാധിക്കാതിരുന്ന മലയാളികൾ ഇപ്പോൾ ബിഗ് ബി ടുവിന് വേണ്ടി മുറവിളിക്കുകയാണ്.ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ. ഫുൾ കോമഡി പാക്ക് എന്റർടൈൻമെന്റ് എന്നല്ലാതെ മറ്റൊന്നും സിനിമയെ കുറിച്ച് പറയാനില്ല. എന്നാൽ നിലവാരമില്ലെന്ന് പറഞ്ഞ് തിയേറ്ററിൽ നിന്ന് എടുത്ത് മാറ്റിയ സിനിമ, ടെലിവിഷൻ ഹിറ്റാണ്.




ഷാജി പാപ്പൻ എന്ന കഥാപാത്രത്തെ കുട്ടികൾ അങ്ങേറ്റെടുത്തു. അവസാനം വിജയിച്ച സിനിമയുടെ രണ്ടാം ഭാഗം എടുത്ത് മിഥുൻ മാനുവൽ തന്റെ ആഗ്രഹം പൂർത്തിയാക്കുകയായിരുന്നു.മലയാളികൾ ഇന്നും ഇഷ്ടപ്പെടുന്ന എവർഗ്രീൻ ഹിറ്റ് സിനിമയാണ് മോഹൻലാലിന്റെ വന്ദനം. 1989 ൽ റിലീസ് ചെയ്ത സിനിമ പ്രിയദർശൻ സംവിധാനം ചെയ്തതാണ്. ചിത്രത്തിലെ പാട്ടും ഡയലോഗുകളും ഇന്നും പ്രേക്ഷകർ ഓർക്കുന്നു. പക്ഷെ റിലീസ് ചെയ്തിരുന്ന കാലത്ത് സിനിമ പരാജയമായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. നായികയും നായകനും അവസാനം ഒന്നിക്കുന്നില്ല എന്ന കാരണത്താൽ പൊട്ട പടം എന്ന് വിധിയെഴുതി തള്ളിക്കളഞ്ഞ സിനിമ ഇന്ന് മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റ് സിനിമകളുടെ പട്ടികയിലാണ്.

Find out more: