മധ്യ കേരളത്തിന്റെ മന്ദാകിനി! ചെക്കന്റെ വീട്ടിലെ ടെറസിൽ കയറി നോക്കിയാൽ കാണുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളുടെ പശ്ചാതലത്തിൽ കല്ല്യാണ ഫോട്ടോ എടുക്കാം! അത്രേ ഉണ്ടാകൂ? അല്ലെന്നാണ് മന്ദാകിനി പറയുന്നത്.വൈപ്പിൻകാരി പെണ്ണിനെ നെടുമ്പാശ്ശേരിക്കാരൻ ചെക്കൻ കല്ല്യാണം കഴിച്ചാൽ എന്തുണ്ടാകും? വളരെ ചെറുപ്പത്തിലേ വിധവയായ രാജലക്ഷ്മി അക്കാരണം കൊണ്ടുതന്നെ അതിശക്തയായ വനിതയുമാണ്. ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജീപ്പെടുത്ത് നന്നാക്കി ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ച രാജലക്ഷ്മി തന്റേടിയും എന്തിനും പോന്നവളുമാണ്. അതുകൊണ്ടാണ് അവർ മകന്റെ ഭാര്യയേയും മകളേയും ബന്ധുക്കളായ രണ്ടുപേരേയും കൂട്ടി രാത്രി ജീപ്പുമെടുത്ത് വൈപ്പിനിലേക്ക് മുപ്പതിലേറെ കിലോമീറ്റർ സഞ്ചരിക്കുന്നത്. അതിനിടയിൽ അവരെ പൊലീസും പിടിക്കുന്നുണ്ട്.





നെടുമ്പാശ്ശേരിയിൽ നിന്നും വൈപ്പിനിലേക്ക് അർധരാത്രി അഞ്ച് സ്ത്രീകൾ മാത്രം ജീപ്പോടിച്ചു പോകുന്നതും കല്ല്യാണാഘോഷത്തിനിടെ ആണുങ്ങൾക്ക് മാത്രമല്ല പെണ്ണുങ്ങൾക്കും കള്ളുകുടിക്കാനാവുമെന്നുമൊക്കെ രാജലക്ഷ്മിയും സംഘവും കാണിച്ചു തരുന്നുണ്ട്.വളരെ സാധാരണമായ ഒരു കുടുംബത്തിലെ കല്ല്യാണവും തുടർന്നുള്ള സംഭവഗതികളുമൊക്കെയാണ് സിനിമയിൽ പറയുന്നത്. രാജലക്ഷ്മി ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന രാജലക്ഷ്മിയുടെ മകൻ ആരോമലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന അമ്പിളിയും തമ്മിലുള്ള വിവാഹത്തിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമ മുമ്പോട്ടു കൊണ്ടുപോകുന്നത്.അതിഥികളെല്ലാം പോയിക്കഴിഞ്ഞ കല്ല്യാണ വീട്ടിൽ ആദ്യരാത്രിക്കു മുമ്പേ നടക്കുന്ന കുറേ കാര്യങ്ങൾ തമാശയുടേയും ഗൗരവത്തിന്റെയുമെല്ലാം മേമ്പൊടി ചേർത്താണ് സംവിധായകൻ വിനോദ് ലീല അവതരിപ്പിച്ചിരിക്കുന്നത്.





ഒരു കല്ല്യാണവുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം നടക്കുന്ന സംഭവങ്ങളാണ് മന്ദാകിനിയിൽ രസകരമായി പറഞ്ഞു പോകുന്നത്. ആദ്യ ഭാഗത്ത് കല്ല്യാണവും സദ്യയും അതിഥികളുമൊക്കെയായി സിനിമ കാണാനെത്തിയവരും കല്ല്യാണം കൂടാനെത്തിയവരാണെന്ന് തോന്നും. രണ്ടാം പകുതിയിലാണ് കഥ മുഴുവൻ വരുന്നത്.ആദ്യ രാത്രി നവവധു മറ്റൊരു യുവാവിന്റെ പേര് പറഞ്ഞാൽ ഏതൊരു വരനും പകച്ചു പോകുന്നത് സ്വാഭാവികം. വരൻ മാത്രമല്ല അയാളുടെ കുടുംബവും വേവലാതിപ്പെടും. തന്റെ പഴയ കാമുകനെ കാണണമെന്ന് നവവധു നിർബന്ധം പിടിച്ചാൽ പിന്നെയുണ്ടാകുന്ന പുകിലൊന്നും പറയുകയും വേണ്ട. 




കാര്യം മുഴുവനുമറിയാതെ കഥ മെനയാൻ പോയാൽ എങ്ങനെയിരിക്കുമെന്നും പറഞ്ഞുവെക്കുന്നുണ്ട് മന്ദാകിനി.സാധാരണക്കാരായ പ്രേക്ഷകരെ ഉദ്ദേശിച്ച് ചെയ്ത മന്ദാകിനിയിൽ രസകരമായി കണ്ടിരിക്കാനും കേട്ടിരിക്കാനുമാവുന്ന നിരവധി തമാശ സംഭാഷണങ്ങളും തമാശ രംഗങ്ങളുമുണ്ട്. ഇടയിൽ ഒന്നുരണ്ടിടത്ത് ദ്വയാർഥ പ്രയോഗങ്ങൾ വരുന്നുണ്ടെന്നതൊഴിച്ചാൽ നിർദ്ദോശമായ തമാശകളാണ് ഭൂരിഭാഗവും.ആളുമാറി മദ്യം കുടിച്ചാലുണ്ടാകുന്ന പൊല്ലാപ്പുകൾ പലപ്പോഴായി പറഞ്ഞു പോയിട്ടുണ്ടെങ്കിലും മന്ദാകിനിയിൽ മദ്യമുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. പ്രധാന കഥാപാത്രങ്ങളോടൊപ്പം മദ്യവും പ്രധാന വേഷം ചെയ്തിട്ടുണ്ട് മന്ദാകിനിയിൽ.


Find out more: