കാലം മായ്ക്കാത്ത മുറിവുകളില്ല; പക്ഷേ, ആ വേദന ഇപ്പോഴും അതേപോലെ തന്നെ! ജീവിതത്തിൽ എല്ലാമെല്ലാമായ അച്ഛനെ നഷ്ടമായതിന്റെ വേദനയിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലെന്ന് ഭാവന പറയുന്നു. കാലം മുറിവുണക്കുമെന്നാണ് പൊതുവെ പറയാറുള്ളത്, പക്ഷേ, യാഥാർത്ഥ്യം അങ്ങനെയാവണമെന്നില്ല. ജീവിതത്തിൽ ഓരോനിമിഷവും, സന്തോഷവും സങ്കടവും വരുമ്പോഴുമെല്ലാം അച്ഛനെ മിസ്സ് ചെയ്യുന്നു. എപ്പോഴും ഹൃദയത്തിലുണ്ട് അച്ഛൻ എന്നുമായിരുന്നു ഭാവന കുറിച്ചത്. അച്ഛൻ കൂടെയില്ലാതായിട്ട് 9 വർഷമായെന്നും താരം കുറിച്ചിട്ടുണ്ട്. പൊതുവെ സങ്കടങ്ങൾ അങ്ങനെ പുറത്ത് കാണിക്കുന്ന ആളല്ല ഞാൻ എന്ന് മുൻപ് ഭാവന പറഞ്ഞിരുന്നു. ആളുകൾ എങ്ങനെയാണ് അതിനെ വിലയിരുത്തുന്നതെന്ന് പറയാനാവില്ല. അതിനാൽത്തന്നെ അങ്ങനെയുള്ള കാര്യങ്ങളൊന്നും പറയാറില്ല.
എന്റെ ജീവിതത്തിലെ വേദനകളും മുറിവുകളുമെല്ലാം മരണം വരെ അവിടെയുണ്ടാവും. അച്ഛന്റെ വിയോഗം ഏറെ വേദനിപ്പിച്ച കാര്യമാണ്. മനസിലൊരു വേദനയായി അതിപ്പോഴുമുണ്ട്. മരിക്കുന്നത് വരെ അത് മാറുമെന്ന് തോന്നുന്നില്ലെന്നും മുൻപ് ഭാവന പറഞ്ഞിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളിൽ പോലും കരുത്തോടെ നിന്ന വ്യക്തിയാണ് ഭാവന. പുറമെ കാണുന്നത് പോലെയല്ല, എന്റെ മനസിലും സങ്കടങ്ങളുണ്ടാവാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. 2015 സെപ്റ്റംബറിലായിരുന്നു ഭാവനയുടെ അച്ഛൻ വിടവാങ്ങിയത്. ക്യാമറാമാനായിരുന്നു അദ്ദേഹം. മകൾ സിനിമയിലെത്തണമെന്ന് ഏറെ ആഗ്രഹിച്ചതായിരുന്നു അദ്ദേഹം. നമ്മളിലൂടെ ഭാവന അഭിനയജീവിതത്തിന് തുടക്കം കുറിച്ചപ്പോൾ പിന്തുണയുമായി അച്ഛൻ ഒപ്പമുണ്ടായിരുന്നു.
പരിമളം എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ചത്. സഹനടിയായി തുടങ്ങി പിന്നീട് നായികയായി മാറുകയായിരുന്നു ഭാവന. മലയാളത്തിന് പുറമെ അന്യഭാഷയിൽ നിന്നുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. നീണ്ട ഇടവേള അവസാനിപ്പിച്ച് അടുത്തിടെ താരം മലയാള സിനിമ ചെയ്തിരുന്നു. കന്നഡ സിനിമാ നിർമ്മാതാവായ നവീനാണ് ഭാവനയെ വിവാഹം ചെയ്തത്. റോമിയോ എന്ന ചിത്രത്തിനിടയിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹ ശേഷവും താരം സിനിമയില് സജീവമാണ്.
അഭിനയ രംഗത്ത് തുടരാനായിരുന്നു നവീനും പറഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് വൈറലായിരുന്നു. അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും ഭാവന പറഞ്ഞിരുന്നു. സത്യസന്ധമായ സ്‌നേഹം എന്താണെന്ന് പഠിച്ചത് നിങ്ങളിൽ നിന്നാണ്. മകളെന്ന നിലയിൽ എന്നും നിങ്ങളെ ഓർത്ത് അഭിമാനം തോന്നിയിട്ടുണ്ട്. കൂടെ ഇല്ലെങ്കിലും അച്ഛനോടുള്ള സ്‌നേഹത്തിന് മരണമില്ലെന്നായിരുന്നു മുൻപൊരിക്കൽ ഭാവന കുറിച്ചത്.
Find out more: