മോഹൻലാലിനെ കാണാനും കഴിഞ്ഞില്ല; ടിപി മാധവൻ അത്രയും ആഗ്രഹിച്ചിട്ടും അത് നടന്നില്ല! ഗുരുതരാവസ്ഥയിലായതോടെയായിരുന്നു വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. സിനിമയിൽ പല തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത സൗഹൃദവുമുണ്ടായിരുന്നു. രണ്ട് ആഗ്രഹങ്ങൾ മനസിൽ ബാക്കി വെച്ചാണ് അദ്ദേഹം വിടവാങ്ങിയത്. മോഹൻലാലിനെ കാണണമെന്ന് എപ്പോഴും പറയുമായിരുന്നു. അതുപോലെ തന്നെ മകനെ കാണണമെന്നും ആഗ്രഹിച്ചിരുന്നു ടിപി മാധവൻ. അതിന് വേണ്ടി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം എന്ന് ഗാന്ധിഭവൻ സെക്രട്ടറി പറയുന്നു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി ഗാന്ധി ഭവനിൽ കഴിഞ്ഞുവരികയായിരുന്നു ടിപി മാധവൻ. ആരോഗ്യം മോശമായതോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമയിൽ കാണുന്ന പോലെയുള്ള രംഗങ്ങൾ എന്റെ ജീവിതത്തിൽ അരങ്ങേറിയിട്ടുണ്ടെന്ന് അദ്ദേഹം മുൻപൊരിക്കൽ തുറന്നുപറഞ്ഞിരുന്നു. സമ്പന്നമായൊരു കുടുംബത്തിലെ പെൺകുട്ടിയായിരുന്നു ഭാര്യയായി വന്നത്. കല്യാണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുന്നതിനിടയിലായിരുന്നു സിനിമയിൽ അഭിനയിക്കാൻ അവസരം വന്നത്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങി തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ഡിവോഴ്‌സ് നോട്ടീസായിരുന്നു കിട്ടിയത്. സിനിമയിൽ അഭിനയിക്കാനാണോ പ്ലാൻ എന്നായിരുന്നു അവരുടെ ചോദ്യം.
വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ മകനും കറങ്ങിത്തിരിഞ്ഞ് സിനിമയിലെത്തി. തികച്ചും അവിചാരിതമായാണ് താൻ സിനിമയിലെത്തിയതെന്നായിരുന്നു മകനായ രാജകൃഷ്ണൻ പറഞ്ഞത്. അമ്മയാണ് ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിയതെന്ന് മകൻ പറഞ്ഞിരുന്നു. മകനെ ഒന്ന് കാണണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. അതിനുള്ള ശ്രമങ്ങളും ഞങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടു, അത് ഞങ്ങൾക്കും സങ്കടമുള്ള കാര്യമാണ്. അതുപോലെ തന്നെ മോഹൻലാലിനെ കാണണമെന്നും പറഞ്ഞിരുന്നു. ഇടയ്ക്ക് ഗണേഷ് കുമാർ വന്നപ്പോഴും അതേക്കുറിച്ചും പറഞ്ഞിരുന്നു. സിനിമാമേഖലയിലുള്ളവർ തന്നെ അവഗണിച്ചിരുന്നു എന്ന പരാതിയൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ആരേയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല അദ്ദേഹം എന്നുമായിരുന്നു സെക്രട്ടറി പറഞ്ഞത്.
ഗാന്ധി ഭവനിൽ കഴിയുമ്പോഴും ടിപി മാധവന്റെ മനസിൽ സിനിമയായിരുന്നു. എട്ടര വർഷത്തോളമായി അദ്ദേഹം ഇവിടെയുണ്ടായിരുന്നു. കഴിഞ്ഞ ഒരുവർഷമായി അദ്ദേഹത്തിന് ഓർമ്മക്കുറവുണ്ടായിരുന്നു. എങ്കിലും ആളുകളെ കണ്ടാൽ തിരിച്ചറിയുകയും പഴയ സംഭവങ്ങളുമൊക്കെ ഓർത്തെടുക്കുകയും ചെയ്യുമായിരുന്നു. ഇവിടെ വരാൻ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമാണ്. ഇപ്പോഴാണ് ഞാൻ ജീവിതത്തിൽ സുഖം അനുഭവിക്കുന്നത്. എനിക്ക് മനുഷ്യരെ മനസിലാക്കാൻ കഴിഞ്ഞു. അടിച്ചുപൊളിച്ച് ജീവിക്കുകയായിരുന്നു ഞാൻ. ഇപ്പോഴാണ് സമാധാനം എന്താണെന്ന് അറിഞ്ഞത് എന്നൊക്കെ പറയാറുണ്ടായിരുന്നു അദ്ദേഹം.
Find out more: