സൂക്ഷ ദർശനവുമായി 'സൂക്ഷദര്ശിനി'! പ്രേക്ഷകർ പ്രതീക്ഷിക്കാതിരുന്നതെന്തോ അത് മുഴുവൻ സിനിമ തരികയും ചെയ്യും. തുടക്കം മുതൽ അവസാനം വരെ കൗതുകവും സസ്‌പെൻസും ആകാംക്ഷയും നിലനിർത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്നു സൂക്ഷ്മദർശിനി. കാഴ്ചയുടെ സൂക്ഷ്മവശങ്ങൾ പ്രേക്ഷകർ കാത്തുസൂക്ഷിച്ചില്ലെങ്കിൽ ആകാംക്ഷയുടേയും ആസ്വാദനത്തിന്റേയും കണിക വിട്ടുപോകാനും സാധ്യതയുണ്ട്. സൂക്ഷ്മദർശിനി കാണാൻ തിയേറ്ററിലേക്ക് കയറുമ്പോൾ എന്താണോ പ്രേക്ഷകർ പ്രതീക്ഷിച്ചിട്ടുണ്ടാവുക, അവയൊന്നും ഈ സിനിമയിൽ കിട്ടില്ല.കുറ്റാന്വേഷണ സിനിമ കണ്ട് പരിചയമുള്ളവർ കഥയുടെ ഒടുക്കമെന്തെന്ന് ആദ്യമേ ചിന്തിച്ചു വെക്കുകയും ജയിച്ചുവെന്ന് കരുതുകയും ചെയ്യുമെങ്കിലും ഒടുവിലെത്തുമ്പോൾ സകല പ്രേക്ഷക പ്രതീക്ഷകളും തെറ്റിച്ച് കഥയും കളിയും കാര്യവുമെല്ലാം മാറിമറിയും. അത്ര നേരംവരെ ഒരു സൂചനയും തരാതിരുന്ന ചില നിമിഷങ്ങളിലേക്ക് സിനിമ പ്രവേശിക്കുമ്പോഴാണ് ആകെയൊരു അന്ധാളിപ്പ് അനുഭവപ്പെടുക.





 സിനിമയുടെ മുക്കാൽഭാഗം പിന്നിടുവോളം ഇതെന്തൊരു തിരക്കഥയെന്നും കെട്ടുറപ്പില്ലെന്നുമൊക്കെ സൂക്ഷ്മമായി കാണുന്നവർക്ക് തോന്നിയേക്കാം. പിന്നീടാണ് തിരിച്ചറിയുക, അത്രയും നേരം തിരക്കഥാകൃത്തുക്കളും സംവിധായകനും ചേർന്ന് പ്രേക്ഷകരെ കബളിപ്പിക്കുകയായിരുന്നുവെന്ന്.നസ്റിയയും ബേസിലും ഒന്നിക്കുന്നു എന്ന ഹൈലറ്റാണ് സൂക്ഷ്മദർശിനിയുടേത്. അവർ രണ്ടുപേരുമായതിനാൽ നിറയെ തമാശകളായിരിക്കുമെന്നാണ് സ്വാഭാവികമായും കരുതുക. എന്നാൽ ഒരു തമാശപോലും അവർക്കിടയിൽ സംഭവിക്കുന്നേയില്ല. മാത്രമല്ല, രണ്ടുപേരും അവരുടെ കാര്യങ്ങളിൽ 'കട്ട സീരിയസു'മാണ്.നസ്റിയയ്ക്ക് കൂട്ടായി അഖില ഭാർഗ്ഗവനേയും പൂജ മോഹൻരാജിനേയും കൊണ്ടുവന്നിട്ടുണ്ട്. സമാന്തരമായി മെറിൻ ഫിലിപ്പും സഞ്ചരിക്കുന്നു. പ്രേമലുവിലെ കാർത്തികയിൽ നിന്നും സൂക്ഷ്മദർശിനിയിലെ സുലുവിലെത്തുമ്പോൾ അഖിലയ്ക്ക് മുമ്പിൽ വെല്ലുവിളികൾ ധാരാളമുണ്ട്. എങ്കിലും നസ്റിയയോടൊപ്പം അഖില മികച്ച രീതിയിൽ വേഷമിട്ടിരിക്കുന്നു.





ആവേശത്തിൽ നിന്നും സൂക്ഷ്മദർശിനിയിലെ അസ്മയിലേക്കെത്തുമ്പോൾ കോമഡി രംഗങ്ങൾ തനിക്ക് കൂടുതൽ വഴങ്ങുമെന്ന് പൂജ മോഹൻരാജും തെളിയിക്കുന്നു. അയൽവാസിയായും വീട്ടിലെ കുട്ടിയായും കൂടെ പഠിച്ചയാളായും മണ്ടനായും ബുദ്ധിമാനായുമൊക്കെ വ്യത്യസ്ത രൂപങ്ങളിൽ വന്നിട്ടുള്ള ബേസിലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹമല്ലെങ്കിൽ സൂക്ഷ്മദർശിനിയിലെ മാന്വലിനെ ആളുകൾ അത്രയ്ക്കങ്ങ് ഉൾക്കൊണ്ടെന്നു വരില്ല. വളരെ സാധാരണക്കാരന്റെ രൂപവും ഭാവവുമുള്ളതു തന്നെയാണ് ബേസിലിന്റെ വിജയം! ബേസിൽ അല്ലായിരുന്നുവെങ്കിൽ വിനീത് ശ്രീനിവാസൻ മാത്രമാണ് ഇത്തരമൊരു കഥാപാത്രത്തിന് യോജിക്കുക. മറ്റാരെങ്കിലുമാണെങ്കിൽ എന്തെങ്കിലുമൊക്കെ അത്ഭുതങ്ങളും ട്വിസ്റ്റുകളുമുണ്ടാകുമെന്ന് പ്രേക്ഷകർ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചേക്കും. 




അത് നിരാശയ്ക്കും വഴിവെക്കും.
അപ്പുറത്ത് ബേസിലിനോടൊപ്പമാണ് മനോഹരി ജോയിയും കോട്ടയം രമേശും സിദ്ധാർഥ് ഭരതനുമുള്ളത്. സിനിമയിൽ അനുയോജ്യമല്ലാത്തൊരു കഥാപാത്രത്തെ നൽകി എന്ന തോന്നലുണ്ടാക്കിയത് സിദ്ധാർഥ് ഭരതന്റേത് മാത്രമാണ്. സിദ്ധാർഥിനെ പോലൊരാൾക്ക് നൽകേണ്ടതായിരുന്നില്ല പ്രസ്തുത റോൾ. സിനിമയിൽ അദ്ദേഹം തന്റെ വേഷം മോശമാക്കി എന്നല്ല അതിനർഥം. അദ്ദേഹം തന്റേതായ രീതിയിൽ പ്രസ്തുത കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് അനുയോജ്യമായ നടൻ ആയിരുന്നില്ല. കൂടെ നിന്ന് ആടാനുള്ള ദീപക് പറമ്പോലിന്റെ കഴിവ് സൂക്ഷ്മദർശിനിയിലുമുണ്ട്. നസ്റിയയോടൊപ്പമുള്ള ജോഡി റോൾ മികവുറ്റതാക്കി.

 

Find out more: