അല്ലു അർജുന് പുറത്തിറങ്ങാനായില്ല; രാത്രി ജയിലിൽ കഴിഞ്ഞു താരം! പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ  അറസ്റ്റിലായ അല്ലു അർജുൻ ഇന്നലെ രാത്രി കഴിഞ്ഞത് ജയിലിൽ. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ജയിലിൽ എത്താൻ വൈകിയതോടെയാണ് താരത്തിന് ജയിലിൽ കഴിയേണ്ടി വന്നത്. ശനിയാഴ്ച രാവിലെ തന്നെ അദ്ദേഹം ജയിൽ മോചിതനാകും. അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ തന്നെ അല്ലുവിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പോലീസ് അന്വേഷണം തടസപ്പെടുത്തരുതെന്ന് നിർദേശത്തോടെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.




അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുതെന്നും ഉപാധി വെച്ച കോടതി 50000 രൂപയും ആൾജാമ്യവും വേണമെന്ന് ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കിയിരുന്നു.കോടതിയിൽ നിന്ന് ജ‍‍ഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിൻറെ പകർപ്പ് രാത്രി വൈകിയാണ് ജയിലിലെത്തിയത്. ഉത്തരവ് ലഭിക്കാത്തതിനാൽ രാത്രിയിൽ ജയിൽ മോചനം സാധ്യമാകില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചിരുന്നു. ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലാണ് അല്ലു കഴിയുന്നത്. ഇടക്കാല ജാമ്യ ഉത്തരവ് രാത്രി വൈകിയാണ് ചഞ്ചൽഗുഡ ജയിൽ സൂപ്രണ്ടിന് ലഭിച്ചത്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാൻ ജയിൽ ചട്ടം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഇന്നലെ രാത്രി മുഴുവൻ അല്ലുവിന് ജയിലിൽ കഴിയേണ്ടിവന്നത്. ജയിലിലെ എ1 ബാരക്കിലാണ് അല്ലു അർജുൻ ഉണ്ടായിരുന്നത്.





 താരം മോചിതനാകില്ലെന്ന് അറിഞ്ഞതോടെ ജയിലിന് പുറത്ത് ആരാധക‍ർ പ്രതിഷേധിച്ചിരുന്നു. ഇതോട പോലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. അല്ലു അർജുൻ രാത്രി ജയിൽ മോചിതനാകില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിൻറെ അച്ഛൻ അല്ലു അരവിന്ദ് തിരികെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
ജില്ലാ ജയിലിൻറെ റിസപ്ഷനിൽ ടാസ്‌ക് ഫോഴ്‌സ് പോലീസിൻറെ കസ്റ്റഡിയിലാണ് അല്ലു ഉണ്ടായിരുന്നത്. തിയേറ്ററിനുമുന്നിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധിക മരിച്ച കേസിൽ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.






വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹിൽസിലെ വീട്ടിലെത്തിയാണ് അല്ലു അർജുനെ പോലീസ് അറസ്റ്റുചെയ്തത്. അതിനിടെ അല്ലു അർജുനെതിരായ പരാതി പിൻവലിക്കുമെന്ന് മരിച്ച യുവതിയുടെ ഭർത്താവ് ഭാസ്കർ പറഞ്ഞു. ഇയാളുടെ പരാതിയിൽ അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പ്രതികരണം.'പുഷ്പ 2 കാണണമെന്ന മകൻറെ ആഗ്രഹപ്രകാരമാണ് തിയറ്ററിലെത്തിയത്. ആ സമയം തിയറ്റർ സന്ദർശിച്ചത് അല്ലു അർജുൻറെ കുഴപ്പമല്ല. പരാതി പിൻവലിക്കാൻ തയ്യാറാണ്. അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ദുരന്തത്തിൽ അല്ലു അർജുന് പങ്കില്ല' എന്നാണ് ഭാസ്കർ പറഞ്ഞത്.

Find out more: