ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം, കാക്കനാട് ജില്ലാ ജയിലിൽ എത്തിക്കും! ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ എത്തിക്കും.നടിയുടെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ജാമ്യം നിഷേധിച്ച കോടതി ഉത്തരവ് കേട്ട ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രക്തസമ്മർദം ഉയർന്നതാണ് കാരണം. ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സാഹചര്യത്തിൽ വൈദ്യപരിശോധന നടത്തിയ ശേഷമാണ് ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ എത്തിക്കുക. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം കോടതിയിൽ തെളിയിക്കുമെന്നും ഇന്നലെ കൊച്ചിയിൽ എത്തിച്ച ശേഷം ബോബി ചെമ്മണ്ണൂർ പ്രതികരിച്ചിരുന്നു.ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ രാത്രി ഏഴ് മണിയോടെയാണ് കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് ബോബിയുടെ നിർണായക അറസ്റ്റുണ്ടായത്. പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിട്രേറ്റ് കോടതിയിൽ എത്തിയാണ് നടി കേസിൽ നിർണായകമാകുന്ന മൊഴി നൽകിയത്.
ബോബി ചെമ്മണ്ണൂരിനായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി. പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകർ വ്യക്തമാക്കി. നാളെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ ഹർജി തള്ളിയത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജഡ്ജി എ അഭിരാമിയാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്.
രണ്ടുമണിക്കൂറോളം നീണ്ടുനില്ല വാദത്തിന് ശേഷമാണ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ച കോടതിയുടെ ഉത്തരവ് കേട്ടയുടനെ ബോബി ചെമ്മണ്ണൂർ പ്രതിക്കൂട്ടിൽ തളർന്നിരുന്നു. തുടർന്ന് കോടി മുറിയിൽ വിശ്രമിക്കാൻ നിർദേശം നൽകി. ബോബി ചെമ്മണ്ണൂർ നിയമത്തിൽ നിന്ന് ഒളിച്ചോടുന്ന ആളല്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. ഒന്നരമണിക്കൂറോളം കോടതി നടപടികൾ നീണ്ടു.
Find out more: