സെയ്ഫ് അലി ഖാൻ വധശ്രമം; ഷരീഫുൾ ഇസ്‌ലാം എന്ന ബംഗ്ലാദേശി സ്വദേശി പിടിയിൽ! വിജയ് ദാസ് എന്ന വ്യാജ പേരിൽ മുംബൈയിൽ തങ്ങിയ ബംഗ്ലാദേശ് ഝാൽകോട്ടി സ്വദേശി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) ആണ് സെയ്ഫ് അലി ഖാൻ്റെ മുംബൈ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. കെട്ടിടത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് 30 സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. ബാന്ദ്ര ഹോളിഡേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ആറു മാസം മുൻപ് പശ്ചിമ ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച ബംഗ്ലാദേശി പൗരൻ.ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് 54കാരനായ സെയ്ഫ് അലി ഖാന് വീട്ടിൽ കയറിയ അക്രമിയിൽനിന്ന് ഒന്നിലധികം കുത്തേറ്റ് ഗുരുതര പരിക്കേറ്റത്.
മുംബൈയിലെ ബാന്ദ്രയിലുള്ള കെട്ടിടത്തിൻ്റെ 12-ാം നിലയിലുള്ള വീട്ടിലായിരുന്നു സംഭവം. നട്ടെല്ലിനും കഴുത്തിനും കൈയ്ക്കും പരിക്കേറ്റ സെയ്ഫ് അലി ഖാനെ ഉടൻതന്നെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സെയ്ഫ് അലി ഖാൻ്റെ ശരീരത്തിൽ തുളച്ചുകയറിയ അക്രമിയുടെ കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പരിക്കേറ്റ ചികിത്സയിൽ തുടരുന്ന സെയ്ഫ് അലി ഖാൻ ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഇദ്ദേഹം.അതേസമയം താൻ കയറിയത് സെയ്ഫ് അലി ഖാൻ്റെ വീട്ടിലാണെന്ന് അറിയില്ലായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. എന്നാലിത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കെട്ടിടത്തിന് ഉള്ളിലേക്ക് കയറാനായി പിൻഭാഗത്തെ സ്റ്റെയർകെയ്സും എസി ഡക്ടും ഉപയോഗിച്ചുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.താനെയിലെ വിജനമായ റോഡിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് വളയുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. വാർത്താ ചാനലുകളിൽ തൻ്റെ ചിത്രങ്ങൾ കണ്ടതോടെയാണ് താനെയിലേക്ക് മുങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. തുടർന്ന് ഫോൺ സ്വിച്ച് ഓഫാക്കി ലേബർ ക്യാംപിന് സമീപം ഒളിവിൽ കഴിഞ്ഞു. എന്നാൽ ഇയാളുടെ മൊബൈലിന്റെ അവസാന ലൊക്കേഷൻ താനെയിലാണെന്ന് കണ്ടെത്താനായത് പോലീസിന് നിർണായക തുമ്പായി. ഷെരീഫുളിൽനിന്ന് ഇന്ത്യൻ രേഖകൾ കണ്ടെത്താനായില്ലെന്നും ഇയാൾ ബംഗ്ലാദേശി പൗരനാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.
ബിഎൻഎസ് പ്രകാരം, പ്രതിക്കെതിരെ ഗുരുതര ആക്രമണത്തിനും ഭവനഭേദനത്തിനും ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനത്തിനും ഉള്ള കുറ്റങ്ങൾ ചുമത്തി.പ്രതിയെ പിടികൂടാനായി നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. അന്ധേരിയിലെ ഡിഎൻ നഗറിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തെ പ്രതിയിലേക്ക് എത്തിച്ചത്. പ്രതി ബൈക്കിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളായിരുന്നു സിസിടിവിയിൽ പതിഞ്ഞത്. ബൈക്കിൻ്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിൽ എത്തിനിന്നത്. സമാന്തരമായി, വോർലിയിലെ ഖോലിവാഡയിൽ പ്രതി മൂന്നുപേർക്കൊപ്പം താമസിച്ചിരുന്ന സ്ഥലവും പോലീസ് കണ്ടെത്തി. സ്ഥലത്തെത്തിയ പോലീസ് പ്രതിക്കൊപ്പമുണ്ടായവരിൽനിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ചു. ഫോൺ ലൊക്കേഷൻ നിരീക്ഷിച്ച പോലീസ് പ്രതിയുള്ള സ്ഥലവും കണ്ടെത്തി. ഹൗസ്കീപ്പിങ് ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ ഒന്നിലധികം വ്യാജ പേരുകൾ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.
Find out more: