ബിരേൻ സിങ്ങിൻ്റെ അപ്രതീക്ഷിത രാജിയുടെ കാരണമെന്ത്? തിങ്കളാഴ്ച ആരംഭിക്കുന്ന 12-ാം മണിപ്പൂർ നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് മണിപ്പൂരിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി കൂടിയായ ബിരേൻ സിങ് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. ശനിയാഴ്ച വൈകുന്നേരം ഡൽഹിയിൽ എത്തിയ ബിരേൻ സിങ് ഞായറാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഡൽഹിയിലേക്ക് പുറപ്പെട്ടത്. മണിപ്പൂർ മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള എൻ ബിരേൻ സിങ്ങിൻ്റെ അപ്രതീക്ഷിത രാജിക്ക് പിന്നിൽ അവിശ്വാസ പ്രമേയ ഭീഷണി.
2022ൽ 32 സീറ്റുകൾ പിടിച്ചാണ് ബിജെപി ബിരേൻ സിങ്ങിൻ്റെ നേതൃത്വത്തിൽ മണിപ്പൂരിൽ സർക്കാർ രൂപീകരിച്ചത്. 60 അംഗ നിയമസഭയിൽ ബിജെപി സഖ്യകക്ഷികളായ എൻപിപിക്ക് ഏഴ്, ജെഡിയുവിന് ആറ്, നാഗ പീപ്പിൾസ് ഫ്രണ്ടിന് അഞ്ച്, കുക്കി പീപ്പിൾസ് അലയൻസിന് രണ്ട് എന്നിങ്ങനെയാണ് അംഗ സംഖ്യ. ജെഡിയുവിൻ്റെ അഞ്ച് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ ബിജെപിയുടെ അംഗസംഖ്യ 37 ആയി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൻപിപിയും ജെഡിയുവും കുക്കി പീപ്പിൾസ് അലയൻസും ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. സഭയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങളും മൂന്ന് സ്വതന്ത്രന്മാരും ഉണ്ട്. മുൻ ഫുട്ബോൾ താരവും മാധ്യമപ്രവർത്തകനുമായ ബിരേൻ സിങ് 2000ത്തിലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.
കോൺഗ്രസ് സർക്കാരിൽ മന്ത്രിസ്ഥാനം വഹിച്ചിട്ടുള്ള ബിരേൻ സിങ് 2016ലാണ് ബിജെപിയിലേക്ക് എത്തുന്നത്. 2017ൽ ബിജെപി മണിപ്പൂരിൽ ആദ്യമായി അധികാരത്തിലേറിയതിന് പിന്നിൽ ബിരേൻ സിങ് നിർണായക പങ്ക് വഹിച്ചു. തുടർന്ന് ആദ്യ ബിജെപി മുഖ്യമന്ത്രിയായി അധികാരമേറ്റു. 2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതോടെ മുഖ്യമന്ത്രിസ്ഥാനത്ത് ബിരേൻ സിങ് തുടർന്നു. മണിപ്പൂരിൽ 2023 മെയ് മാസം പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങിൻ്റെ രാജിക്കായി മുറവിളി ഉയർന്നിരുന്നു. കലാപം തുടങ്ങിയ രണ്ട് വർഷം പിന്നിടുമ്പോഴാണ് ബിരേൻ സിങ് പടിയിറക്കം.
ബിരേൻ സിങ്ങിനോട് അസംതൃപ്തിയുള്ള ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.ഞായറാഴച വൈകുന്നേരം 5:30നാണ് ബിരേൻ സിങ് ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് കൈമാറിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ എ ഷാർദ, ബിജെപി നോർത്ത് ഈസ്റ്റ് മണിപ്പൂർ ഇൻ ചാർജ് സംപിത് പാത്ര, എംഎൽഎമാർ തുടങ്ങിയവർ ബിരേൻ സിങ്ങിനൊപ്പം രാജ്ഭവനിൽ എത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രി രാജിവെച്ചതോടെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമായി. ഗവർണർ അജയ് കുമാർ ഭല്ല തിങ്കളാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടേക്കുമെന്ന റിപ്പോർട്ടുണ്ട്.
Find out more: