അങ്ങനെ കാത്തിരിപ്പിനൊടുവിൽ ദൃശ്യം മൂന്നു ഉറപ്പിച്ചു! മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലായി റീമേക്ക് ചെയ്തിരുന്നു. 2013 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം തന്നെ വൻ ഹിറ്റായി. അതുകൊണ്ട് തന്നെ അത്രയും വലിയ പ്രതീക്ഷയോടെയാണ് 2021 ൽ ദൃശ്യം 2 ന് വേണ്ടി കാത്തിരുന്നത്. അതും നിരാശപ്പെടുത്തിയില്ല. സമാധാനപരമായി പോകുന്ന തന്റെ കുടുംബത്തിലേക്ക് കയറി വന്ന ക്ഷണിക്കപ്പെടാത്ത അതിഥിയെ ജോർജ് കുട്ടിയുടെ ഭാര്യ കൊലപ്പെടുത്തി. ആ കൊലപാതകം ഒന്നാം ഭാഗത്ത് വിജയകരമായി മറച്ചുവച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം (കഥയിൽ) കേസ് വീണ്ടും റീ ഓപ്പൺ ചെയ്യുന്നതായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗം. അത്രയും കഷ്ടപ്പെട്ട് ഗീത പ്രഭാകർ കേസിന് പിന്നാലെ പോയെങ്കിലും മകൻ വരുണിന് എന്ത് സംഭവിച്ചു എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല.





  ശേഷക്രിയകൾ ചെയ്യാൻ അസ്തി നൽകി രണ്ടാം ഭാഗം അവസാനിച്ചു. മലയാള സിനിമയ്ക്ക് ലോക സിനിമകൾക്കിടയിൽ അത്രയും വലിയ സ്ഥാനം നേടിക്കൊടുത്ത ചിത്രമാണ് ദൃശ്യം ഒന്നും രണ്ടും.ബൈ ദ ബൈ, ദൃശ്യം 3 യിൽ എങ്കിലും വരുണിന്റെ കൊലപാതകിയെ കണ്ടെത്തുമോ. ദൃശ്യം മോഡൽ കൊലപതാകം എന്ന് പറഞ്ഞ് കേരളത്തിൽ നിരവധി ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, തെറ്റ് ചെയ്തയാളെ നിയമത്തിന് മുന്നിലെത്തിക്കുക എന്ന ധാർമിക ഉത്തരവാദിത്വം എഴുത്തുകാരൻ കാണിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. എന്തൊക്കെ ചെയ്താലും, എത്ര വലിയ കേമനാണെങ്കിലും കൊലപാതക കുറ്റത്തെ ന്യായീകരിക്കാൻ കഴിയില്ല.





 എത്ര മൂടി വച്ചാലും സത്യം ഒരുകാലം പുറത്തുവരും എന്ന പ്രപഞ്ച സത്യത്തെ മൂന്നാം ഭാഗത്തിൽ ജീത്തു ജോസഫ് എങ്ങനെ ന്യായീകരിക്കും എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്‌. ഇതിപ്പോൾ എന്താ സംഭവം എന്നാണ് ആരാധകരുടെ ചോദ്യം. ബാക്ക് ടു ബാക്ക് മോഹൻലാൽ സിനിമ പ്രഖ്യാപിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇന്നലെയാണ് അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രഖ്യാപനം വന്നത്. തൊട്ടു പിന്നാലെ ദൃശ്യം 3 യും. ഇന്നലത്തെ പ്രഖ്യാപനം അല്പം നിരാശയായിരുന്നുവെങ്കിലും, ഇത് ആവേശമാണെന്ന് ആരാധകർ പറയുന്നു.




ദൃശ്യത്തിന് മൂന്നാം ഭാഗം വരും എന്ന് ജീത്തു ജോസഫും മോഹൻലാലും ആന്റണി പെരുമ്പാവൂരും പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് കൺഫോം ചെയ്തിരിക്കുകയാണ് മോഹൻലാൽ. മൂവെരും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ലാലിന്റെ പോസ്റ്റ്. 'ഭൂതകാലം ഒരിക്കലും നിശബ്ദമാകുന്നില്ല, ദൃശ്യം 3 സ്ഥിരീകരിച്ചു' എന്ന അടിക്കുറിപ്പോടെ വന്ന പോസ്റ്റ് നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാവുന്നത്.

Find out more: