വിവാദങ്ങൾക്കിടയിൽ എമ്പുരാൻ! മലയാളം സിനിമയ്ക്ക് ആലോചിക്കാനാവാത്ത ഭാവന, നിർമാണ രീതി, അതിനെല്ലാമപ്പുറം ശക്തമായ പ്രമേയം- ശരാശരി സിനിമാ പ്രേമികളെ എംപുരാൻ നിരാശപ്പെടുത്തില്ല.തിരക്കഥാ രചനയിൽ മുരളി ഗോപിയുടെ ഭാവന സഞ്ചരിക്കാത്ത വഴികളില്ല. മുരളി എഴുതിയതിന് മുകളിലേക്ക് മേക്കിംഗിലും സംവിധാനത്തിലും മികവ് കാണിച്ച് പൃഥ്വിരാജ് സുകുമാരനും. ഇതിനെയെല്ലാം പിന്തുണക്കുന്ന നിർമാതാക്കളുടെ പിന്തുണ കൂടിയാണ് എംപുരാൻ സംഭവിച്ചത്.
അഭിനവ ഇന്ത്യൻ രാഷ്ട്രീയത്തിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നതെങ്കിലും അത് കേരള രാഷ്ട്രീയത്തിലേക്കുമെത്തുന്നു. സമകാലിക രാഷ്ട്രീയത്തെ ഇഴമുറിച്ചാണ് സംഭാഷണത്തിൽ മുരളി ഗോപി രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. പ്രതിദിന രാഷ്ട്രീയ ശ്രദ്ധിക്കുന്ന ആർക്കും പെട്ടെന്ന് തിരിച്ചറിയുന്ന തരത്തിലുള്ള സംഭാഷണങ്ങൾ എത്രയോ സിനിമയിൽ കടന്നു വരുന്നു.
അതോടൊപ്പം ബൈബിൾ വാക്യങ്ങൾ കൂടി സംഭാഷണത്തിൽ ചേർന്നു വരുമ്പോൾ സിനിമ പേരിന് അനുസരിച്ചുള്ള ഒഴുക്ക് സൃഷ്ടിക്കുന്നു.ലൂസിഫറെന്നും ഇബ്‌ലീസെന്നും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയവനെന്നും അറിയപ്പെടുന്ന അതേ ആളിന് ദൈവത്തിന്റെ അവതാരമാകാൻ സാധിക്കുമോ. പറ്റുമായിരിക്കും. അതുകൊണ്ടാണല്ലോ ലൂസിഫർ ഉടയതമ്പുരാനെന്ന എംപുരാനാകുന്നത്.ഇന്ത്യയിൽ രാഷ്ട്രീയവും വർഗ്ഗീയതയുമാണ് സിനിമയിലെ വിഷയമെങ്കിൽ അന്താരാഷ്ട്ര തലത്തിലെത്തുമ്പോൾ അത് കള്ളക്കടത്തും ചാരപ്പണിയുമൊക്കെയായി മാറുന്നു. ഇവയെല്ലാം ചേർത്ത് കൃത്യമായ അളവിൽ തിരക്കഥയിൽ കൊണ്ടുവരാനായി എന്നതാണ് എഴുത്തിന്റെ മികവ്.
വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഒരുക്കിവെക്കുന്നില്ല എംപുരാൻ. അതുകൊണ്ടുതന്നെ മോഹൻലാലിനോ മഞ്ജുവാര്യർക്കോ അവരുടെ റേഞ്ചിന് അനുസരിച്ച് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്നില്ല. പക്ഷേ, സിനിമ ഓരോ നിമിഷത്തിലും ആകാംക്ഷയെന്ന അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. ഒരിക്കൽ കാണികൾ കാണുന്ന ഒരു സംഭവത്തിലേക്ക് വളരെ കൃത്യമായി സംഭവങ്ങളെ കൂട്ടിയിണക്കുന്നുണ്ട്. എവിടേയും സംശയത്തിന്റെ നിഴൽ വീഴാതെ കഥയും കഥാപാത്രങ്ങളും മുമ്പോട്ടു പോകുന്നു.
തിരക്കഥയും സംവിധാനവും പോലെ എംപുരാനെ പ്രേക്ഷകനിലെത്തിക്കുന്ന ഘടകങ്ങളാണ് സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിംഗും ദീപക് ദേവിന്റെ സംഗീതവും. ഇവയിൽ ഏത് പാളിപ്പോയാലും പ്രതീക്ഷിക്കുന്ന അനുഭവം ലഭിക്കാതെ പോകുമായിരുന്നു. ലൈക്ക പ്രൊഡക്ഷൻസും ശ്രീഗോകുലം മൂവീസും ആശിർവാദ് സിനിമാസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിന് പുറമേ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും നിർമിച്ചിരിക്കുന്നത്.
വലിയ രംഗങ്ങൾ പലതും കാണുമ്പോൾ മലയാളമല്ല ഹോളിവുഡ് മൂവിയാണ് കാണുന്നതെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കാനായത് അണിയറ പ്രവർത്തകരുടെ വലിയ വിജയമാണ്. തിരക്കഥാ രചനയിൽ മുരളി ഗോപിയുടെ ഭാവന സഞ്ചരിക്കാത്ത വഴികളില്ല. മുരളി എഴുതിയതിന് മുകളിലേക്ക് മേക്കിംഗിലും സംവിധാനത്തിലും മികവ് കാണിച്ച് പൃഥ്വിരാജ് സുകുമാരനും. ഇതിനെയെല്ലാം പിന്തുണക്കുന്ന നിർമാതാക്കളുടെ പിന്തുണ കൂടിയാണ് എംപുരാൻ സംഭവിച്ചത്.
Find out more: