പടച്ചോനേ ഇങ്ങള് കാത്തോളീ; താമരശ്ശേരിയിൽ നിന്ന് തലശ്ശേരി രാഷ്ട്രീയത്തിലേക്കൊരു കഥ!
പുതിയ കാലത്ത് താമരശ്ശേരി ചുരമിറങ്ങി വരുന്ന സിനിമ നേരെ തലശ്ശേരിയിലെ പാർട്ടി ഗ്രാമത്തിലേക്കാണ് ലാൻ്റ് ചെയ്യുന്നത്. നിഷാന്ത് മാവിലവീട്ടിലിൻ്റെ 'ഗം' പരിപാടിയിലൂടെ അവതരിപ്പിച്ചു തുടങ്ങുന്ന കഥ ചിന്തമംഗലം പാർട്ടി ഗ്രാമത്തിലെ പ്രധാന കൃഷിയായ ബോംബിലൂടെയാണ് രസകരമായി വികസിക്കുന്നത്. കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അരങ്ങേറുന്ന കൗതുകകരമായ കാഴ്ചകളിലൂടെ സമകാലിക യാഥാർഥ്യങ്ങളിലേക്കാണ് ക്യാമറ ചലിപ്പിക്കുന്നത്. സിനിമയുടെ കഥയോടൊപ്പം സഞ്ചരിക്കുന്ന ഷാൻ റഹ്മാന്റെ സംഗീതവും പ്രേക്ഷകരെ ചലച്ചിത്രത്തിൽ പിടിച്ചിരുത്തും. മൂന്നു മണിക്കൂർ നേരമാണ് പടച്ചോനേ ഇങ്ങള് കാത്തോളീയുടെ സമയമെങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട് സിനിമ.മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പാണ് കുതിരവട്ടം പപ്പു റോഡ് റോളറുമായി താമരശ്ശേരി ചുരമിറങ്ങിയത്.






  പടച്ചോനേ ഇങ്ങള് കാത്തോളീന്നും പറഞ്ഞ് കൊക്കയിൽ വീഴാതെ ഇറക്കിക്കൊണ്ടു വന്ന ആ സാധനത്തെ പുതിയ കേരളത്തിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ബിജിത്ത് ബാലയും സംഘവും അതേ പേരിൽ. ഇങ്ങള് സുലൈമാനല്ല ഹനുമാനാണെന്നും പറഞ്ഞാണ് അന്ന് പി ഡബ്ല്യു ഡി കുതിരവട്ടത്തുകാരൻ പപ്പുവിനെ ആദരിച്ചതത്രെ. അന്ന് പപ്പു മാത്രമായിരുന്നു കുതിരവട്ടത്തെങ്കിൽ ഇന്നിപ്പോൾ കേരളം തന്നെ കുതിരവട്ടമായിരിക്കുകയാണോയെന്ന ആശങ്കകൾ തന്നെയാണ് ഈ സിനിമ അവതരിപ്പിക്കുന്ന സംശയങ്ങൾ.ഒരുപക്ഷേ, അതുവരെ വീട്ടിലെ ശുണ്ഠിക്കാരിയോ ശാഠ്യക്കാരിയോ ആയി പ്രത്യക്ഷപ്പെട്ട അച്ഛമ്മ എന്തൊരു കഥാപാത്രമാണെന്ന് നായകൻ ദിനേശനെ പോലെ പ്രേക്ഷകരും ചിന്തിച്ചുപോയേക്കും.





   കണ്ണൂർ രാഷ്ട്രീയം പറയുന്ന ഒരു സിനിമയിൽ രാഷ്ട്രീയ ആക്രമണങ്ങളോ വെട്ടോ കുത്തോ ബോംബ് സ്‌ഫോടനമോ ഇല്ലെന്നത് ഏറെ കൗതുകകരമാണ്. എന്നാലാവട്ടെ ബോംബിൽ നിരന്തരം പരീക്ഷണം നടത്തുകയും കീശയിൽ സ്റ്റീൽ ബോംബിട്ട് നടക്കുന്ന വിജിലേഷ് കാരയാടിന്റെ കഥാപാത്രം കാണികളെ ചിരിപ്പിക്കുന്നുമുണ്ട്. കണ്ണൂർ രാഷ്ട്രീയത്തെ ഇത്രയും ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കാനാകുമെന്ന് പടച്ചോനോട് കാക്കാൻ പറഞ്ഞ സിനിമ തെളിയിക്കുന്നുണ്ട്.പാർട്ടി ഗ്രാമത്തിലെ 'വിപ്ലവ നക്ഷത്ര'ങ്ങളുടെ കഥ പറയുമ്പോൾ അതിനു ബലം നൽകിയെത്തുന്നത് ഒടുവിൽ ഫ്‌ളാഷ്ബാക്കിലൂടെ പറയുന്ന പഴയ വിപ്ലവവും അതിലെ കാൽപ്പനിക നിറങ്ങളുമാണ്. ആ കഥയും അത് അവതരിപ്പിച്ച കളർടോണും അന്നേരം കൊണ്ടുവന്ന പാട്ടും പടച്ചോനേ ഇങ്ങള് കാത്തോളീയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.




   രാഷ്ട്രീയം പറയുന്ന സിനിമകളിലൊന്നും സ്ത്രീകൾക്ക് കാര്യമായ റോൾ ഉണ്ടാകാറില്ലെങ്കിലും ഈ സിനിമയിൽ മുഴുസമയ രാഷ്ട്രീയക്കാരായ ദിനേശനും കേരളകുമാരനും സഖാവ് ഗിരിക്കുമൊപ്പം ഗ്രേസ് ആന്റണിയുടെ സഖാവ് ഇന്ദുവും രംഗത്തുണ്ട്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രംഗങ്ങളിൽ മാത്രമല്ല നാൽവർ സംഘത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും ഏത് പാതിരാത്രിയിലും സഖാവ് ഇന്ദു കൂടെ നിൽക്കുന്നുണ്ട്. ഗ്രേസ് ആന്റണിയുടെ 'ബോൾഡി'നെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയിട്ടുണ്ട് പടച്ചോനിൽ. ലെനിനിന്റേയും മാർക്‌സിന്റേയും പാത പിന്തുടരുന്ന യുവാവ് അതേ പാതയിലുള്ള യുവതികളിൽ നിന്നും വിവാലോചന ക്ഷണിക്കുന്നതും പാർട്ടി പതാക കൈയിൽ പിടിച്ച് സേവ് ദി ഡേറ്റ് ചിത്രീകരിച്ച് വൈറലാക്കാമെന്ന് മോഹിക്കുന്നതുമൊക്കെ പാർട്ടി ഗ്രാമം എത്രമാത്രം ആഴത്തിലാണ് പാർട്ടി ജീവിതം നയിക്കുന്നതെന്നും കാണിക്കുന്നു.


Find out more: