സ്നേഹം തുളുമ്പുന്ന വാലാട്ടി! വാലാട്ടിയെന്ന സിനിമ വിധേയരായ പട്ടികളെ കുറിച്ചാണ് പറയുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. സ്വന്തം അസ്തിത്വവും നിലനിൽപ്പും തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഏതാനും പട്ടികളെ അവരുടെ ലോകത്തു നിന്നും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.  വാലാട്ടാട്ടി സ്നേഹം കാണിക്കുന്ന നന്ദിയും അനുസരണയും വിധേയത്വവുമുള്ള, മനുഷ്യനോട് ഏറെ ഇണങ്ങി ജീവിക്കുന്ന പട്ടികളെക്കുറിച്ച് പറയാൻ നൂറ് നാവാണ്. ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ നാലുപട്ടികളാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ടോമിയും അമലുവും കൊഞ്ചിച്ചു വളർത്തുന്ന പട്ടികളാണെങ്കിൽ ബ്രൂണോ വീട്ടിലെ സൗകര്യങ്ങളിൽ നിന്നും പ്രത്യേക സാഹചര്യങ്ങളിൽ ക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന പട്ടിയാണ്. കരിദാസനാകട്ടെ അനുഭവങ്ങളെ കരുത്തായി കാണുകയും സാഹചര്യങ്ങളോട് എങ്ങനെ ഇണങ്ങി ജീവിക്കാമെന്നും പഠിച്ച പഴയ 'ബ്ലാക്കി'യാണ്.





ഹരിദാസനെന്ന പുതിയ പേരിനെ ആളുകൾ കരിദാസനെന്ന് പരിഹസിച്ച് വിളിക്കുമ്പോൾ പോലും ഒട്ടും അനിഷ്ടം കാണിക്കാില്ല അവൻ. മാത്രമല്ല ആരെങ്കിലും പിറകിൽ നിന്ന് ബ്ലാക്കിയെന്ന് വിളിച്ചാൽ തിരിഞ്ഞു നോക്കാനും മടിയില്ലെന്ന് പറയുന്നുമുണ്ട്. അതിജീവിക്കാനറിയുന്നവനാണ് കരിദാസൻ. ഈ സിനിമയിലെ അതിശക്തമായ കഥാപാത്രവും കരിദാസൻ തന്നെ.  പട്ടികളുടേത് മാത്രമല്ല, കോഴി, പൂച്ച തുടങ്ങിയവയുടെ ചെറിയ ലോകത്തിന്റെ ഏതാനും വിശേഷങ്ങളും കൂടി പട്ടികളോടൊപ്പം പറയാൻ ശ്രമിക്കുന്നുണ്ട്. സിനിമയുടെ ചില ഭാഗങ്ങളിൽ മുതിർന്നവർക്കു മാത്രം മനസ്സിലാകുന്ന കാര്യങ്ങളുണ്ടെങ്കിലും കുട്ടികളെയാണ് ഈ സിനിമ ലക്ഷ്യമിടുന്നത്. അവർക്കിത് ആസ്വദിച്ച് കാണാനാവും. പുതുതലമുറയിലെ സരസ്വതിക്ക് പാട്ടി ജാതിയും മതവും നോക്കുന്നത് തീരെ ഇഷ്ടമാകുന്നില്ലെങ്കിലും കടുത്തും എതിർത്തും പറയാനുള്ള അവസരം അധികമില്ല. ടോമിയുമായി അമലു കൂട്ടുകൂടുന്നതിൽ സരസ്വതിക്ക് എതിർപ്പില്ലെങ്കിലും 'നസ്രാണി' പട്ടിയോടൊപ്പം രാത്രി ആരുമറിയാതെ അമലു നടത്തുന്ന കറങ്ങലുകൾ പാട്ടി കണ്ടെത്തുന്നതോടെയാണ് കളി കാര്യമായത്.


അമലുവിനേയും ടോമിയേയും അവരുടെ ഉടമകൾ പൂട്ടിയിടുന്നു. അതിനിടയിലാണ് അമലു ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്. വാലാട്ടി, ഉടമസ്ഥരെ അനുസരിച്ച് ജീവിക്കുന്നതിന് പകരം തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിൽ ഇരവരും പൂട്ടുകൾ തകർത്ത് രക്ഷപ്പെടുകയാണ്. ഗർഭിണിയായ അമലുവുമായുള്ള ടോണിയുടെ യാത്രകളാണ് പിന്നീട് രസകരമായും സാഹസികമായും ചിത്രീകരിച്ചിരിക്കുന്നത്. തെരുവും അവിടെ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും സഹായത്തിനെത്തുന്നവരുമെല്ലാമായി പട്ടികളുടെ ലോകമാണത്. നമ്മൾ മനുഷ്യർ തെരുവുപട്ടികൾ എന്നു വിശേഷിപ്പിക്കുമ്പോഴും ഇവർക്കെല്ലാം വീട്ടിലും കൂട്ടിലുമായി നല്ലൊരു ഭൂതകാലമുണ്ടായിരുന്നുവെന്ന് അവർ ഓർമിപ്പിക്കുന്നുണ്ട്. നാലു വയസ്സുകാരനെ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച തെരുവു നായ്ക്കളുടെ വാർത്തകൾ ടെലിവിഷനിൽ നിറയുന്നതും അതിനെതിരെ പോരാടാൻ രംഗത്തെത്തുന്ന ചിലരുടെ ഉദ്ദേശ്യ ശുദ്ധികളുമെല്ലാം സിനിമ പറയുന്നുണ്ട്.






 പട്ടികളോടൊപ്പം ഏതാനും മനുഷ്യരും വേഷമിട്ട വാലാട്ടിയിൽ പട്ടികൾക്കും പക്ഷി മൃഗാദികൾക്കുമെല്ലാം ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ ചലച്ചിത്ര താരങ്ങളാണ്. പട്ടികൾ ക്യാമറയ്ക്ക് മുമ്പിൽ അഭിനയിച്ചപ്പോൾ താരങ്ങൾ മൈക്കിനു പിന്നിൽ ശബ്ദംകൊണ്ട് അഭിനയിച്ചു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. നായകൻ ടോമിക്ക് റോഷൻ മാത്യുവാണ് ശബ്ദം നൽകിയിരിക്കുന്നത്. നായിക അമലുവിന് രവീണ രവിയുടെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. കരിദാസന് സൗബിൻ ഷാഹിറും ബ്രൂണോയ്ക്ക് സണ്ണിവെയ്‌നും പ്രായമായ പട്ടിക്ക് ഇന്ദ്രൻസും ഡോബർമാന് സൈജു കുറുപ്പും അമ്മപ്പട്ടിക്ക് സുരഭി ലക്ഷ്മിയും ശബ്ദം കൊടുത്തപ്പോൾ സിനിമയിലെ പൂവൻ കോഴി അജു വർഗ്ഗീസിന്റെ ശബ്ദത്തിലാണ് സംസാരിക്കുന്നത്. നാടൻ നായ്ക്കളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 'മാർഗരറ്റ്' എന്ന രാജാമണി 'മദാമ്മ' നായയ്ക്ക് രഞ്ജിനി ഹരിദാസുമാണ് ശബ്ദം കൊടുത്തിരിക്കുന്നത്.







മനുഷ്യർ നന്ദി കെട്ടവരാണെന്ന് ചില പട്ടികൾ ഉറക്കെ പറയുമ്പോഴും അവരിലും ചിലരൊക്കെ നല്ലവരുണ്ടെന്ന് ചില പട്ടികൾ തിരുത്തുന്നുണ്ട്. തെരുവു നായ ശല്യത്തെ തുടർന്ന് അവയെ പിടികൂടുന്നതിന്റെ മറവിൽ നടക്കുന്ന ചില പരീക്ഷണങ്ങളും മരുന്നു മാഫിയയുടെ ചെയ്തികളുമെല്ലാം ചേരുന്ന ഭാഗം 'പട്ടിക്കഥ' താത്പര്യത്തോടെ കണ്ടിരിക്കുന്ന കുട്ടികൾക്ക് മനസ്സിലാകണമെന്നില്ല. എന്നാൽ അവരോടൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് തീർച്ചയായും മനസ്സിലാകും. നായ്ക്കളെ അഭിനയിപ്പിച്ച സിനിമ ഇതിനു മുമ്പും മലയാളത്തിൽ വന്നിട്ടുണ്ട്. അതിൽ പക്ഷേ, മനുഷ്യർ തന്നെയാണ് പ്രധാന കഥാപാത്രങ്ങൾ. നായ്ക്കൾ കുരക്കുകയല്ലാതെ സംസാരിക്കുകയുമില്ല. വളരെയധികം ശ്രമപ്പെട്ട് നായ്ക്കളെ അഭിനയിപ്പിച്ച് അവയുടെ സംസാരം ഡബ്ബ് ചെയ്‌തെടുത്ത് പുറത്തുവന്നതുകൊണ്ടുതന്നെ കൗതുകത്തിന്റെ പുറത്തെങ്കിലും 'വാലാട്ടി' കാണാവുന്നതാണ്.





എങ്കിലും, കോവിഡാനന്തരം ലോകത്തിലെ ഏറ്റവും മികച്ച ആനിമേഷൻ ചിത്രങ്ങളും കാർട്ടൂൺ സിനിമകളും കാണാൻ അവസരം ലഭിച്ച 'ന്യൂജെൻ' കുട്ടികൾ ഈ ചിത്രത്തെ ഏത് മാനസികാവസ്ഥയോടെയാണ് കാണുകയെന്നതും വിലയിരുത്തേണ്ടതുണ്ട്. ശരിയായ നായകൾക്ക് പകരം ആനിമേഷൻ നായകളെ ഉപയോഗിച്ചാലും ഈ സിനിമ ചെയ്യാനാവും. പക്ഷേ, സിനിമയുടെ കൗതുകം നഷ്ടമായേക്കും.എല്ലാ കാര്യങ്ങളും ശുഭപര്യവസായിയായി കാഴ്ചക്കാർക്കു മുമ്പിൽ കാണിച്ചുകൊടുക്കണമെന്ന നിർബന്ധം സംവിധായകൻ ദേവൻ ജയകുമാറിനുണ്ടെന്ന് തോന്നുന്നു. ഒരുപക്ഷേ കുട്ടികളെ ലക്ഷ്യമാക്കുന്നതിനാൽ അവർക്ക് എല്ലാ കാര്യങ്ങളും വിശദമാക്കിക്കൊടുക്കുക എന്ന സദുദ്ദേശവുമാകാം.






എങ്കിലും ചില കാര്യങ്ങൾ പ്രേക്ഷകന്റെ ഭാവനയ്ക്ക് വിടുന്നതായിരുന്നു ഉചിതം. എല്ലാ നായകൾക്കും നല്ലത് സംഭവിച്ച്, ദുഷ്ടന്മാർക്ക് ശിക്ഷ കിട്ടി സിനിമ അവസാനിക്കുമ്പോൾ രണ്ട് മണിക്കൂറിൽ താഴെ സമയം മാത്രമായിട്ടും കുറച്ചു ഭാഗം അനാവശ്യമായി നീട്ടിവലിച്ചതുപോലെ അനുഭവപ്പെട്ടേക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി പുതുതലമുറയ്ക്കു വേണ്ടി ഒരുക്കിയ പാട്ടുകളും അവയ്‌ക്കൊരുക്കിയ സംഗീതവും ആകർഷണീയമാണ്. പശ്ചാതല സംഗീതവും ഒരു കൗതുക ചിത്രം കാണുന്ന മാനസികാവസ്ഥയ്ക്ക് അനുയോജ്യമായിട്ടുണ്ട്. നായകൾ മാത്രമാണ് കഥാപാത്രങ്ങളെന്നതിനാൽ വെള്ളിത്തിര നിറയാൻ മനോഹരമായ പശ്ചാതലങ്ങൾ തെരഞ്ഞെടുക്കുകയും അത് മനോഹരമായി പകർത്തുകയും ചെയ്തിട്ടുണ്ട് വിഷ്ണു പണിക്കരുടെ ക്യാമറ.

Find out more: