ഉള്ളൊഴുക്ക്; നടിമാരായ പാർവതിയും, ഉർവശിയും ഒഴുക്കിൽ പെടുമ്പോൾ... ക്രിസ്‌റ്റോ ടോമിയുടെ മികവുറ്റ രചനയും സംവിധാനവുമാണ് ഉള്ളൊഴുക്കിന്റെ ഏറ്റവും മികച്ച പോസിറ്റീവ്. ഒരു വീട്ടിനുള്ളിൽ ഉർവശിയുടെ ലീലാമ്മയും പാർവതിയുടെ അഞ്ജുവും ചേർന്നുണ്ടാക്കുന്ന മികവ് ചലച്ചിത്രത്തെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു. കാണുമ്പോൾ വലിയ സെറ്റപ്പൊന്നും ആവശ്യമില്ലെന്ന് തോന്നുമെങ്കിലും കുട്ടനാടും അവിടുത്തെ മഴയും പ്രളയജലമുയരുന്ന അവസ്ഥയും ഉൾപ്പെടെ ചിത്രീകരിക്കാൻ പൂർണ പിന്തുണ നൽകിയ റോണി സ്‌ക്രൂവാലയുടെ ആർ എസ് വി പി പ്രൊഡക്ഷനും ഈ സിനിമയുടെ പശ്ചാതലം മുഴുവനുമൊരുക്കിയിരിക്കുന്നു. സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നത് എല്ലായ്‌പോഴും തർക്ക വിഷയമാകാറുണ്ട്.





തിരക്കഥയാണ് രാജാവെന്ന് ചിലർ പറയും, സംവിധായകന്റെ കലയാണ് സിനിമയെന്നു മറ്റൊരു കൂട്ടർ പറയും, അഭിനേതാക്കൾ മികവുറ്റവരാണെങ്കിൽ അവരുടെ കഴിവുകൊണ്ട് ഏതൊരു സിനിമയും കാഴ്ചക്കാരുടെ ഉള്ളിലേക്കിറങ്ങുമെന്നായിരിക്കും ചിലരുടെ വാദം, നല്ല നിർമാതാക്കളുണ്ടെങ്കിൽ സിനിമ പാതി വിജയിച്ചുവെന്നും പറയുന്നവരുണ്ട്. ഇതെല്ലാം ചേർന്നുവരുമ്പോഴോ? ഉള്ളൊഴുക്ക് സംഭവിക്കും. ദക്ഷിണേന്ത്യൻ സിനിമകളിലെ എണ്ണം പറഞ്ഞ രണ്ട് അഭിനേത്രികൾ സിനിമയുടെ ദൈർഘ്യത്തിന്റെ ഏകദേശം സമയത്തും ഒന്നിച്ചുണ്ടാവുക, രണ്ടുപേരുടേയും മികച്ച പ്രകടനം കാഴ്ചക്കാരിലേക്ക് പകരുക- അത്ര സാധാരണമായൊരു സംഭവമല്ലത്. എന്നിട്ടും സംഭവിച്ചു- ഉള്ളൊഴുക്ക് എന്ന ക്രിസ്റ്റോ ടോമി ചിത്രത്തിലൂടെ.





മലയാളത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് സാധ്യതയില്ലാത്ത സിനിമകളാണ് അടുത്തിറങ്ങിയ പല വിജയ ഫോർമുലകളിലുമെന്ന പരാതിക്കുള്ള പരിഹാരം കൂടിയാണ് ഉള്ളൊഴുക്ക്. അലൻസിയറിന്റെ ജോർജും അർജുൻ രാധാകൃഷ്ണന്റെ രാജീവും പ്രശാന്ത് മുരളിയുടെ തോമസുകുട്ടിയുമുണ്ടെങ്കിലും ഉർവശിയുടെ ലീലാമ്മയും പാർവതിയുടെ അഞ്ജുവുമാണ് കളം നിറഞ്ഞു നിൽക്കുന്നത്. മറ്റു കഥാപാത്രങ്ങളെല്ലാം തങ്ങളുടെ ഭാഗങ്ങൾ അതിമനോഹരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ലീലാമ്മയ്ക്കും അഞ്ജുവിനും മുമ്പിൽ അവർ നിഷ്പ്രഭരാണ്. കുട്ടനാട്ടിൽ പെയ്യുന്ന മഴയും ഉയരുന്ന വെള്ളവും കായലുമായി ബന്ധപ്പെട്ട ജീവിതവും ലീലാമ്മയ്ക്കും അഞ്ജുവിനും തോമസുകുട്ടിക്കും മാത്രമല്ല ഉള്ളൊഴുക്കുണ്ടാക്കുന്നത്.





 ലീലാമ്മയുടെ ഉള്ളിലുള്ള ഒഴുക്കല്ല അഞ്ജുവിന്റെ ഉള്ളിലൂടെ പോകുന്നത്, ആ ഒഴുക്കുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊന്നാണ് ലീലാമ്മയുടെ മകനും അഞ്ജുവിന്റെ ഭർത്താവുമായ തോമസുകുട്ടിയുടെ ഉള്ളിലുള്ളത്, കാമുകൻ രാജീവിന്റെ ഉള്ളിൽ വേറെ ചിലതാണ് ഒഴുകുന്നത്, അഞ്ജുവിന്റെ അച്ഛൻ ജോർജ്ജിന്റെയുള്ളിലും അമ്മയുടെ ഉള്ളിലും ഒഴുകുന്ന തീവ്രതയെല്ലാം ചേർന്ന് കാഴ്ചക്കാരന്റെയുള്ളിൽ മറ്റൊരു ഒഴുക്കാണ് സൃഷ്ടിക്കുന്നത്. ഇതൊന്നുമറിയാതെ കുട്ടനാടൻ കായലും തോടുമൊക്കെ ഉള്ളിൽ ഒഴുക്കൊളിപ്പിച്ച് ജീവിതത്തിനു മുമ്പിൽ നിൽക്കുന്നുണ്ട്.കഥാപാത്രങ്ങളോടൊപ്പം കാഴ്ചക്കാരും കുട്ടനാട്ടിലെ മഴപ്പെയ്ത്തിലും വെള്ളപ്പൊക്കത്തിലും ജീവിക്കുകയാണെന്ന് തോന്നിക്കുന്ന ഷഹനാദ് ജലീലിന്റെ ക്യാമറയും കിരൺ ദാസിന്റെ എഡിറ്റിംഗും ലിജു പ്രഭാകറിന്റെ കളറിംഗും മഴപ്പെയ്ത്തുപോലെ പ്രേക്ഷകരിലേക്കിറങ്ങി വരുന്ന സുഷിൻ ശ്യാമിന്റെ സംഗീതവും ചേരുന്നതോടെ മലയാളത്തിലെ മികവുറ്റ സിനിമകളിലൊന്നാകും ഉള്ളൊഴുക്ക്.

Find out more: