പാലും പഴവും കൈ കളിലെന്തി ...മുപ്പത്തിമൂന്നുകാരി യുവതി ഇരുപത്തി മൂന്നുകാരൻ പയ്യനെ കല്ല്യാണം കഴിക്കുന്നത് സാധാരണമല്ലല്ലോ.സാധാരണമല്ലാത്തതാണ് അസാധാരണം. ആ അർഥത്തിൽ വി കെ പ്രകാശിന്റെ പാലും പഴവും അസാധാരണമാണ്. ചേരേണ്ടതേ ചേരൂ എന്ന് പഴമക്കാർ പറയാറില്ലേ. പാലും പഴവും ഇങ്ങനെ ചേരേണ്ടതാണല്ലേ. പാലും പഴവും വേറെ വേറെയായി മറ്റു പലതിനോടൊപ്പവും ചേരുമെങ്കിലും അതിന്റെയൊരു രുചിയും രസവും മാത്രമല്ല മൃദുലത പോലും ഇവ രണ്ടും ഒന്നിച്ചു ചേരുമ്പോഴാണ് അനുഭവിക്കാനാവുക. ഗ്രാമഫോണും കസ്തൂരിമാനും പാഠം ഒന്ന് ഒരു വിലാപവും സ്വപ്‌നക്കൂടും പെരുമഴക്കാലവും അച്ചുവിന്റെ അമ്മയും രസതന്ത്രവും ഒരേകടലും വിനോദയാത്രയും ഇന്നത്തെ ചിന്താവിഷയവും മിന്നാമിന്നിക്കൂട്ടവും കൽക്കട്ടാ ന്യൂസും മീരയുടെ കരിയറിലെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ വേഷങ്ങളായിരുന്നു.
അത്തരത്തിൽ ഏകദേശം ഒന്നരപ്പതിറ്റാണ്ടിനു ശേഷം മീരയുടേതായി വരുന്ന ശ്രദ്ധേയമായ കഥാപാത്രമായിരിക്കും പാലും പഴവും സിനിമയിലെ സുമി.സൂത്രധാരനിൽ തുടങ്ങി ക്വീൻ എലിസബത്ത് വരെയുള്ള മീരാ ജാസ്മിന്റെ സിനിമാ ഗ്രാഫിൽ ശ്രദ്ധേയമായ നിരവധി സിനിമകളുണ്ട്. കുടുംബത്തിനു വേണ്ടി തന്റെ സ്വപ്‌നങ്ങളും ജോലിയും മോഹങ്ങളുമെല്ലാം മാറ്റിവെക്കേണ്ടി വന്നൊരു പെൺകുട്ടി പിന്നെ ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതും താൻമൂലം മറ്റാരൊക്കെയോ ബുദ്ധിമുട്ടിലാകുന്നതറിഞ്ഞ് തന്റെ നിലപാടുകൾ മാറ്റാൻ തയ്യാറാകുന്നതുമൊക്കെയാണ് സിനിമയുടെ കഥ. നല്ലത് ആഗ്രഹിക്കുകയും നല്ലത് ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്നവരെ പിന്നീടെപ്പോഴെങ്കിലുമൊരിക്കൽ നന്മ തേടിയെത്തുമെന്ന് പലപ്പോഴായി എല്ലാവരും അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടാകും. അതിനുപക്ഷേ, കുറേ തീയും കനലുമൊക്കെ ചവിട്ടിപ്പോകേണ്ടി വന്നേക്കാം.
ഫേസ്ബുക്കിന്റെ പുഷ്‌കല കാലത്തും ഇൻസ്റ്റാഗ്രാം അരങ്ങുവാഴാനെത്തുന്നതിനും മുമ്പുള്ള കാലത്താണ് സിനിമയുടെ കഥ നടക്കുന്നത്. ഫേസ്ബുക്കിൽ അക്കൗണ്ടില്ലെങ്കിൽ അതൊരു കുറച്ചിലാണെന്ന് കരുതിയ, സ്മാർട്ട് ഫോണുകൾ ഏത് സാധാരണക്കാരിലേക്കും എത്തിത്തുടങ്ങിയ 2016കൾ. ആ പഴയ മീരയെ മലയാള സിനിമയ്ക്ക് തിരികെക്കിട്ടിയെന്നതാണ് പാലും പഴവുമിലെ സുമിയുടെ പ്രധാന പ്രത്യേകത. വളരെ ഗ്രാമീണമായൊരു അന്തരീക്ഷവും അവിടെ ഗ്രാമീണയായൊരു പെൺകുട്ടിയുമായി മീര ജാസ്മിൻ തന്റെ സുമിയെ മികവുറ്റതാക്കിയിട്ടുണ്ട്.പത്ത് വയസ്സു പ്രായവ്യത്യാസമുള്ള പെണ്ണും ചെറുക്കനും കല്ല്യാണം കഴിച്ചാൽ എങ്ങനെയിരിക്കും? സ്വാഭാവികയും കുറേ പുലിവാലുകൾ പിടിക്കാനുള്ള സാധ്യതയുണ്ട്. ചെക്കനെ കണ്ടാൽ അവളുടെ അനിയനാണെന്ന് പറഞ്ഞേക്കാം, അറിയുന്നവർ കളിയാക്കി ചിരിച്ചേക്കാം, കുടുംബക്കാർക്ക് പ്രശ്‌നങ്ങളുണ്ടായേക്കാം അങ്ങനെ പലതും അവരുടെ ജീവിതത്തിൽ പ്രതിസന്ധികളായി കടന്നുവന്നേക്കാം.
സ്വാഭാവികമായും അത്തരം നിരവധി പ്രതിസന്ധികൾ അവരേയും തേടിയെത്തുന്നുണ്ട്. പാലും പഴവും സിനിമ അതിന്റെ അവസാന ഇരുപത് മിനുട്ടിലാണ് കുഴച്ച് പരുവപ്പെടുത്തി രുചിയോടെ വായിലേക്കെത്തുന്നത്. അതുവരെ ചെറിയ തമാശകളും സാധാരണ കുടുംബത്തിലെ കാഴ്ചകളുമൊക്കെയായി പോകുന്നു. ഒടുവിൽ എല്ലാ പിരിമുറുക്കങ്ങളും പ്രേക്ഷകർക്ക് നൽകുകയും ചെയ്യുന്നു. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു അവസാനത്തിലേക്കാണ് സിനിമ എത്തുന്നതെങ്കിലും അവിടെ രചയിതാവും സംവിധായകനും ഒരു ട്വിസ്റ്റ് എടുത്തുവെച്ച് പെട്ടെന്നൊരു മാറ്റം കൂടി കൊണ്ടുവന്നിട്ടുണ്ട്. ആഷിഷ് രജനി ഉണ്ണികൃഷ്ണൻ രചന നിർവഹിച്ച പാലും പഴവും വി കെ പ്രകാശാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. വി കെ പിയുടെ മുൻസിനിമ ഒരുത്തീയിൽ നവ്യാ നായരെ തിരികെ കൊണ്ടുവന്നതുപോലെ പാലും പഴവും മീരാ ജാസ്മിനും തിരികെ വരാനുള്ള അവസരമായിരിക്കും.
തന്റെ സിനിമയിൽ ഏതെങ്കിലും തരത്തിൽ പരീക്ഷണങ്ങൾ നിർവഹിക്കാറുള്ള വി കെ പ്രകാശ് ഈ സിനിമയിലും മനോഹരമായൊരു പരീക്ഷണം നിർവഹിച്ചിട്ടുണ്ട്. സിനിമയിലെ മുപ്പത്തിമൂന്നുകാരിയായ സുമിയെ പത്തു വർഷം മുമ്പുള്ള 23കാരിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അവതരിപ്പിക്കുന്നു പാലും പഴവുമിൽ. പഴയകാല മീര ജാസ്മിൻ വളരെ തെളിച്ചത്തോടെയും ആ പഴയ സംഭാഷണ ചാതുരിയോടെയും കുറച്ചു സമയത്തേക്കെങ്കിലും വെള്ളിത്തിരയിൽ വരുമ്പോൾ കാഴ്ചക്കാരന് താൻ സിനിമ കാണുന്ന കാലം മാറിപ്പോയോ എന്ന് തോന്നിയേക്കാം. സ്വന്തമായി അക്കൗണ്ടെടുക്കാനറിയില്ലെങ്കിലും ആരെങ്കിലുമൊക്കെ സഹായിച്ച് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിക്കൊടുക്കുകയും ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അത് ആക്‌സപ്റ്റ് ചെയ്യുകയും ഫോട്ടോകൾ അപ്‌ലോഡ് ചെയ്തും മെസഞ്ചറിൽ ചാറ്റ് ചെയ്യുകയും ചെയ്യുന്ന കാലത്ത് വികസിക്കുന്ന പല പ്രണയങ്ങളിലൊന്നായിരുന്നു സുമിയുടേയും സുനിലിന്റേയും.
പത്ത് വയസ്സു പ്രായവ്യത്യാസമുള്ള പെണ്ണും ചെറുക്കനും കല്ല്യാണം കഴിച്ചാൽ എങ്ങനെയിരിക്കും? സ്വാഭാവികയും കുറേ പുലിവാലുകൾ പിടിക്കാനുള്ള സാധ്യതയുണ്ട്. ചെക്കനെ കണ്ടാൽ അവളുടെ അനിയനാണെന്ന് പറഞ്ഞേക്കാം, അറിയുന്നവർ കളിയാക്കി ചിരിച്ചേക്കാം, കുടുംബക്കാർക്ക് പ്രശ്‌നങ്ങളുണ്ടായേക്കാം അങ്ങനെ പലതും അവരുടെ ജീവിതത്തിൽ പ്രതിസന്ധികളായി കടന്നുവന്നേക്കാം. സ്വാഭാവികമായും അത്തരം നിരവധി പ്രതിസന്ധികൾ അവരേയും തേടിയെത്തുന്നുണ്ട്.
സുഹയിൽ കോയ, നിധീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ തങ്കച്ചൻ എന്നിവരെഴുതിയ സാഹിത്യ ഭംഗിയുള്ള വരികൾ സിനിമയുടെ മികവാണ്.
സമീർ സേഠും വിനോദ് ഉണ്ണിത്താനും ചേർന്ന് 2ക്രിയേററീവ് മൈൻഡ്‌സിന്റെ ബാനറിലാണ് പാലും പഴവും നിർമിച്ചിരിക്കുന്നത്.
Find out more: