പ്രണയം എന്ന അനുഭവത്തിന് പല കൈവഴികളുണ്ടാകും. പ്രണയം എല്ലായ്‌പോഴും അനശ്വരമാകുന്നത് നഷ്ടത്തിലൂടെയാണെന്നാണ് വെയ്പ്. ഈ സിനിമയിലും അങ്ങനെ തന്നെ. പലരുടെ പ്രണയാനുഭവങ്ങളെ പല കൈവഴികളിലൂടെ യാത്ര ചെയ്യിച്ച് ഒരിടത്തേക്ക് സംഗമിപ്പിക്കുന്നു. അതാവട്ടെ നീ തന്നെയാണ് ഞാനെന്നോ ഞാൻ നീയാകുന്നു എന്നോ ഒക്കെയുള്ള അർഥങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. നായകൻ തന്റെ പല കാലങ്ങൾ പറയുന്നുണ്ടെങ്കിലും അതിലൊന്നൊഴികെ മറ്റൊന്നും അയാളാകാനുള്ള സാധ്യതയുമില്ല. പ്രേക്ഷകന് ചിന്തിക്കാനോ കൺഫ്യൂഷനാകാനോ ഉള്ള അവസരങ്ങൾ ഒരുക്കിവെച്ചാണ് സംവിധായകൻ സിനിമയെ കാഴ്ചക്കാരിലേക്ക് ഉപേക്ഷിക്കുന്നത്. മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ സംവിധാനം നിർവഹിച്ച ചിത്രമാണ് കഥ ഇന്നുവരെ. വിഷ്ണു മോഹൻ സ്‌റ്റോറീസിന്റെ ബാനറിൽ സംവിധായകൻ വിഷ്ണുമോഹനും ക്യാമറാമാൻ ജോമോൻ ടി ജോണും എഡിറ്റർ ഷമീർ മുഹമ്മദും ഹാരിസ് ദേശവും അനീഷ് പി ബിയും കൃഷ്ണമൂർത്തിയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഹക്കീം ഷാജഹാൻ ഈ സിനിമയിലും തന്റെ വേഷം കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു.
അപ്പുണ്ണി ശശിയുടെ ശിൽപി കഥാപാത്രവും സാധാരണ ചലച്ചിത്രങ്ങളിൽ കാണാത്ത വേഷമാണ്. ഒരു ശിൽപമോ വിഗ്രഹമോ ഉണ്ടാക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും അപ്പുണ്ണി ശശിയുടെ ശിൽപി കടന്നു പോകുന്നുണ്ട്. തീരെ പ്രതീക്ഷിക്കാത്ത ഒരു കഥാതന്തുവാണ് സംവിധായകൻ വിഷ്ണു മോഹൻ തെരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹമത് കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.ഗുരുവായൂരമ്പല നടയിലും നുണക്കുഴിയിലും കൂടുതൽ സംഭാഷണങ്ങളൊന്നുമില്ലാതെ വേഷമിട്ട നിഖില വിമലിന് ഉമയെന്ന നിറയെ സംഭാഷണങ്ങളുള്ള ശക്തമായൊരു കഥാപാത്രം അവതരിപ്പിക്കാൻ കഥ ഇന്നുവരെയിൽ കഴിഞ്ഞിരിക്കുന്നു. അടുത്ത കാലത്ത് നിഖിലയെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയായിരിക്കും കഥ ഇന്നുവരെ.നാൽപ്പത്തിയൊൻപതാം വയസ്സിലും വിവാഹം കഴിച്ചിട്ടില്ലാത്ത സർക്കാർ ഓഫിസിലെ പ്യൂൺ രാമചന്ദ്രനായി ബിജു മേനോനാണ് വരുന്നത്. ഇതേ ഓഫിസിൽ സ്ഥലം മാറിയെത്തുന്ന ഗസറ്റഡ് ഓഫിസർ ലക്ഷ്മിയായി മേതിൽ ദേവികയുമുണ്ട്. നർത്തകി മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയാണ് കഥ ഇന്നുവരെയ്ക്കുള്ളത്. ബാക്കിയെല്ലാം പതിവു പോലെ തന്നെ.