കടലിന്റെ കഥയുമായി കൊണ്ടൽ! കടലോര ഗ്രാമത്തിൽ നിന്നും കഥ കടലിലേക്കും മീൻ പിടിക്കാൻ പോകുന്നവരിലേക്കും നീളുന്ന സിനിമയാണ് നവാഗതനായ അജിത് മാമ്പള്ളി സംവിധാനം നിർവഹിച്ച ആന്റണി വർഗ്ഗീസ് പെപ്പെ നായകനായ കൊണ്ടൽ. സ്വതവേ അത്ര പരിചിതമല്ലാത്തൊരു പേര് അത്ര പരിചിതമല്ലാത്തൊരു വിഷയത്തിന് സ്വീകരിച്ചത് വെറുതെയായിരിക്കാൻ വഴിയില്ല. പല അർഥങ്ങളുള്ള വാക്കാണ് കൊണ്ടലെന്നത്. കൃഷിയുമായി ബന്ധപ്പെട്ടവർ നെൽകൃഷി ഒഴികെയുള്ളവയെ പൊതുവെ വിശേഷിപ്പിക്കുന്ന പേരാണ് കൊണ്ടലെന്നത്. മഴക്കാറിനും മഴക്കാലത്തെ മേഘത്തിനും കൊണ്ടലെന്ന് പറയാറുണ്ട്. കിഴക്കൻ കാറ്റിനും ഇതേ വിശേഷണമാണ് നൽകാറുള്ളത്. സിനിമ മീൻ പിടിക്കാൻ പോകുന്നവരുമായി ബന്ധപ്പെട്ടതിനാൽ മഴക്കാറും കാറ്റുമായിരിക്കാം ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. സിനിമയുടെ ട്രെയിലറിൽ പല തരത്തിലുള്ള കാറ്റിനെ കുറിച്ചാണ് പറയുന്നതെന്നതുകൊണ്ടു തന്നെ കിഴക്കൻ കാറ്റിനെയായിരിക്കണം പ്രധാനമായും ഉദ്ദേശിക്കുന്നത്.





  എന്നാൽ സിനിമയിൽ കടലിൽ ഇടിവെട്ടിപ്പെയ്യുന്ന കൊടുംമഴയും പല തവണ വന്നു നിറയുന്നുണ്ട്. പ്രേക്ഷകർക്ക് തീർത്തും അന്യമായൊരു കാഴ്ചയാണ് കൊണ്ടലിൽ അജിത് മാമ്പള്ളി ഒരുക്കിവെച്ചിരിക്കുന്നത്. സംവിധായകനോടൊപ്പം റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചത്. വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ സിനിമ നിർമിച്ചിരിക്കുന്നു. കടലും കടലിന്റെ മക്കളുടെ പരുക്കൻ സ്വഭാവവും നിറഞ്ഞു നിൽക്കുന്ന സിനിമയിലെ ചില ദൃശ്യങ്ങൾ വല്ലാതെ ഭയപ്പെടുത്തും. അത്രയും തന്മയത്വത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു മീൻപിടുത്ത ബോട്ടിൽ എങ്ങനെ ഇത്രയും സാഹസികമായി രംഗങ്ങൾ ചിത്രീകരിച്ചുവെന്ന് പ്രേക്ഷകന് തോന്നിക്കുന്നതാണ് പല രംഗങ്ങളും. പരിചയമില്ലാത്തവർക്ക് താങ്ങാനാവാത്ത കടൽ പ്രതിഭാസം തന്നെയാണ് കടൽ ജീവിതങ്ങളുമായി കൊണ്ടൽ വരച്ചു കാട്ടുന്നത്.




 സംവിധായകന്റെ നാടായ തിരുവനന്തപുരത്തെ കടൽ ഗ്രാമം അഞ്ചുതെങ്ങിന്റെ പശ്ചാതലത്തിൽ വികസിക്കുന്ന കഥ പിന്നീട് എറണാകുളത്തേക്കും അവിടുന്നങ്ങോട്ട് കടലിലേക്കുമാണ് വളരുന്നത്. സിനിമയുടെ ആദ്യഘട്ടത്തിലെ കുറച്ചു സമയം കഴിയുന്നതോടെ പിന്നീടെല്ലാം കടലും മീൻ പിടുത്ത ബോട്ടും അതിനകത്തെ തൊഴിലാളികളും മാത്രമായി മാറുന്നു.സിനിമയിലെ മറ്റു കഥാപാത്രങ്ങളെല്ലാം അസാരം മദ്യപിക്കുകയും ഓരോ മിനുട്ടിലും പുകവലിക്കുകയും ചെയ്യുമ്പോൾ സ്രാങ്ക് ബീഡി ചുണ്ടിൽ വെക്കുക മാത്രമാണ് ചെയ്യുന്നത്. ഇയാളൊരു വേറിട്ട കഥാപാത്രമാണെന്ന സൂചന നൽകാൻ ആ അവതരണം മാത്രം മതിയാകും. അധികം സംസാരിക്കില്ലെങ്കിലും തനിക്ക് പറയാനുള്ളതെല്ലാം സ്രാങ്ക് കണ്ണിന്റെയോ മുഖത്തിന്റെയോ ചലനങ്ങൾ കൊണ്ട് താനുമായി ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കുന്നുണ്ട്. വളരെ അനായാസമായി മത്സ്യബന്ധന ബോട്ട് ഓടിക്കുന്ന സ്രാങ്കിനെ നന്ദു അതിമനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു.




ബോട്ടിനെ മാത്രമല്ല സിനിമയെയും നയിക്കുന്നത് സ്രാങ്കിന്റെ പെരുമാറ്റമാണ്. ചുണ്ടിന്റെ ഒരു കോണിൽ ചിരിയൊളിപ്പിച്ച് ഇയാൾ നടത്തുന്നൊരു ആംഗ്യപ്രകടനമുണ്ട്, നന്ദു എന്ന നടന്റെ എക്കാലത്തേയും മികച്ച ഭാവങ്ങളിലൊന്നായിരിക്കുമത്. ആന്റണി വർഗ്ഗീസ് പെപ്പെ അതിഗംഭീരമായി അഭിനയിച്ച ചിത്രമാണ് കൊണ്ടൽ. എന്നാൽ സ്പിരിറ്റിന് ശേഷം നന്ദു അവതരിപ്പിച്ച ഏറ്റവും ശക്തമായ കഥാപാത്രം എന്ന തലത്തിൽ കൂടി കൊണ്ടലിനെ വായിക്കേണ്ടതുണ്ട്. എല്ലാ സമയത്തും തീ കൊളുത്താത്ത ഒരു ബീഡി ചുണ്ടിന്റെ വലത്തേ കോണിൽ കടിച്ചു പിടിക്കുന്ന നന്ദുവിന്റെ സ്രാങ്ക് ഒരിക്കൽ പോലും സിനിമയിൽ പുകവലിക്കുന്ന രംഗമില്ല. ടർബോയ്ക്ക് ശേഷം ആർ ബി ഷെട്ടി അഭിനയിച്ച മലയാള സിനിമയാണെങ്കിലും ടർബോയിലെ കൊടുംവില്ലൻ കൊണ്ടലിലെത്തുമ്പോൾ നായകനോളം പ്രാധാന്യമുള്ള രൂപത്തിലാണ് വരുന്നത്. സിനിമയിൽ ഗൗതമി നായരുണ്ടെങ്കിലും ഒരു സംഭാഷണം പോലുമില്ലാതെ കുറച്ചു സമയം മാത്രം വരികയും ദുഃഖപുത്രിയാണ് അവരെന്ന് പടം പാതിയെത്തുമ്പോൾ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. എന്നാലവരെ തോറ്റുപോയിട്ടില്ലാത്തൊരു വേഷമായി കൊണ്ടുവന്നിട്ടുമുണ്ട്.





ആൺകോയ്മകളുടെ പോരാട്ടത്തിന്റെ കഥയാണെന്നതിനാൽ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ റോളൊന്നുമില്ല. എന്നാൽ പ്രത്യക്ഷപ്പെടുന്ന വനിതകളെയെല്ലാം വളരെ ശക്തരായി അവതരിപ്പിക്കാൻ തിരക്കഥാകൃത്തും സംവിധായകനും ശ്രദ്ധിച്ചിട്ടുണ്ട്. മീൻ കമ്പനി ഉടമ, നായകന്റെ അമ്മയും ഭാര്യയും, നായകന്റെ സഹോദര ഭാര്യ തുടങ്ങിയവരെല്ലാം തങ്ങളുടെ വികാരം ശക്തമായി പ്രതിഫലിപ്പിക്കുന്നവരാണ്. സ്വഭാവത്തിലെ പരുക്കനും തൊഴിലിലെ കൈക്കരുത്തും ഒത്തുചേരുന്നവരാണ് കഥാപാത്രങ്ങളെല്ലാവരും. അതുകൊണ്ടുതന്നെ ഇഷ്ടം പോലെ സംഘട്ടനങ്ങൾ സിനിമയിലുണ്ട്. ബാലൻസ് ഒപ്പിക്കാൻ പാട്ടും സെന്റിമെൻസും കൂടി മേമ്പൊടിയായി ചേർത്തിട്ടുമുണ്ട്.


Find out more: