രേഖപോലെ ഒരു രേഖാചിത്രം! സിനിമയും സിനിമക്കുള്ളിലെ സിനിമയും മാത്രമല്ല ഒരു കാലഘട്ടത്തിലെ സിനിമകൾ വെച്ചൊരു സിനിമ ചെയ്ത് കൗതുകത്തെ പല മടങ്ങ് വർധിപ്പിച്ചിരിക്കുകയാണ് രേഖാചിത്രം. ഒരുപക്ഷേ, മലയാളത്തിലിന്നോളം പരീക്ഷിച്ചിട്ടില്ലാത്തൊരു രീതിയിലൊരു ചലച്ചിത്രം വരക്കാനാണ് രേഖാചിത്രം ശ്രമിച്ചിരിക്കുന്നത്.സിനിമ തന്നെ കൗതുകമാണ്. അതിനേക്കാൾ കൗതുകമാണ് സിനിമയ്ക്കുള്ളിലെ സിനിമ. ഭരതൻ, ജോൺപോൾ തുടങ്ങിയ മലയാളത്തിലെ ഇതിഹാസങ്ങളെ പുനഃസൃഷ്ടിച്ചതിനോടൊപ്പം സരിത, ലിസി, നെടുമുടി വേണു, മുകേഷ് തുടങ്ങിയവരെ പഴയ കാലത്തിലും ജഗദീഷ് പുതിയ കാലത്തിലും സംവിധായകൻ കമൽ പഴയ കാലത്തിലും പുതിയ കാലത്തിലും പ്രത്യക്ഷപ്പെടുന്നു ഈ ചിത്രത്തിൽ. മമ്മൂട്ടി ഉൾപ്പെടെ എല്ലാവരും സ്വന്തം പേരുകളിൽ തന്നെയാണ് കഥാപാത്രങ്ങളായിരിക്കുന്നത്. ഭരതന്റെ അസോസിയേറ്റ് ഡയറക്ടറായ കമലും മലയാളത്തിലെ ഹിറ്റ് മേക്കറായ കമലും ഒരേ രീതിയിൽ വരുന്നത് സിനിമയുടെ കൗതുകക്കാഴ്ചകളിലൊന്നാണ്.





  തന്റെ അസോസിയേറ്റായ കമലിന്റെ ഹെയർ സ്‌റ്റൈൽ കണ്ടാണ് സംവിധായകൻ ഭരതൻ തന്റെ കാതോടു കാതോരത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആ രീതിയിലുള്ള ഹെയർ സ്റ്റെൽ വിഗ്ഗ് രൂപപ്പെടുത്തിയതെന്ന വെളിപ്പെടുത്തലും സിനിമ പറയുന്നു.1985ൽ ജോൺപോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം നിർവഹിച്ച് മമ്മൂട്ടിയും സരിതയും പ്രധാന വേഷം ചെയ്ത കാതോടു കാതോരം എന്ന ചലച്ചിത്രത്തിന്റെ മറയിലൂടെ മറ്റൊരു അന്വേഷണ കഥയാണ് രേഖാചിത്രം. കാതോടു കാതോരം മാത്രമല്ല ആ സിനിമയിലെ പാട്ട് ദേവദൂതർ പാടി ഉപയോഗിച്ച് കുഞ്ചാക്കോ ബോബൻ നൃത്തം ചെയ്യുന്ന രതീഷ് ബാലകൃഷ്ണൻ സംവിധാനം നിർവഹിച്ച 'ന്നാ താൻ കേസ് കൊട്' പോലും രേഖാചിത്രത്തിൽ വരുന്നു. സംഭാഷണങ്ങളിൽ പ്രിയദർശൻ, മോഹൻലാൽ, സരിത, ലിസി, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളുടെ പേര് പറയുന്നതിനോടൊപ്പം മുത്താരം കുന്ന് പി ഒ സിനിമയും റഫറൻസായി കടന്നു വരുന്നു.




മൊത്തത്തിൽ പല സിനിമകൾ ഉപയോഗിച്ച് മറ്റൊരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്നത് മാത്രമല്ല ആ സിനിമകളിലൂടെയെല്ലാം എളുപ്പത്തിൽ കൊണ്ടുപോകുന്നതിനോടൊപ്പം കാലഘട്ടത്തിന്റെ പുനഃസൃഷ്ടിയും നടത്തിയിരിക്കുന്നു.കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ അന്വേഷണാത്മക ഡ്രാമയ്ക്ക് അനുയോജ്യമായ തരത്തിൽ സംഗീതം നിർവഹിക്കാൻ മുജീബ് മജീദിനും ഒരു സെക്കന്റ് പോലും പാഴാക്കാതെ ഷോട്ടുകളേയും സീനുകളേയും കോർത്തിണക്കാൻ ഷമീർ മുഹമ്മദിനും പല കാലത്തെ ക്യാമറയിൽ രേഖപ്പെടുത്താൻ അപ്പു പ്രഭാകറിനും വിജയകരമായി സാധിച്ചിരിക്കുന്നു.





 രേഖാചിത്രത്തിൽ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് കാഴ്ചക്കാരന് അത് അനുഭവിക്കാൻ സഹായിച്ച മൂന്നു ഘടകങ്ങളാണ് ഷാജി നടുവിലിന്റെ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ലിജു പ്രഭാകറിന്റെ കളറിംഗും.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണമാണ് ആദ്യപകുതിയെങ്കിൽ സിനിമാ ചിത്രീകരണവും അന്വേഷണവുമൊക്കെ ചേർന്നാണ് രണ്ടാം പകുതി വരുന്നത്. ഓരോ സംഭവങ്ങളേയും കോർത്തുകോർത്തുവെച്ച് ഒരു സിനിമ ചിത്രീകരണത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിച്ച് വെള്ളിക്കൊലുസണിഞ്ഞ പെൺകുട്ടിയുടെ കഥ അവസാനിക്കുമ്പോൾ ഒരു സസ്‌പെൻസ് കൂടി പ്രേക്ഷകർക്ക് മുമ്പിൽ പൊട്ടിച്ച് പിന്നെയൊരു ട്വിസ്റ്റുകൂടി ഒരുക്കിവെച്ചാണ് അണിയറ പ്രവർത്തകർ സിനിമയെന്ന അത്ഭുതത്തെ കുറിച്ച് അന്തംവിട്ടോർക്കാൻ പ്രേക്ഷകർക്ക് വഴിയൊരുക്കുന്നത്.

Find out more: