അമ്പാന്റെയും അൻസ്വാരിയുടെയും "പൈങ്കിളി"! അനശ്വരയാകട്ടെ രേഖാചിത്രത്തിന്റെയും എന്നു സ്വന്തം പുണ്യാളന്റേയും ഹാങ്ഓവറിൽ നിൽക്കുന്ന പ്രേക്ഷകർക്കു മുമ്പിലേക്ക് ആ കഥാപാത്രങ്ങളേയല്ല താനെന്ന് ഉറക്കെയുറക്കെ വിളിച്ചു പറയുന്നു ഷീബ ബേബിയിലൂടെ. സജിൻ ഗോപുവിന്റേയും അനശ്വര രാജന്റേയും അഴിഞ്ഞാട്ടമാണ് പൈങ്കിളി. അമ്പാനേയും മാരിയായോയേയും കണ്ട് അത്ഭുതംപൂണ്ടവർക്കു മുമ്പിലേക്കാണ് പൈങ്കിളിയിൽ സുകു സുജിത് കുമാറായി സജിൻ വീണ്ടും വിളയാടാൻ എത്തിയിരിക്കുന്നത്. സംവിധായകൻ ശ്രീജിത്ത് ബാബു സിനിമയിലെ കഥാപാത്രങ്ങളെ വളരെ സാധാരണക്കാരെന്ന് തോന്നുന്നവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ളിത്തിരയിൽ വന്നുപോകുന്നവരിൽ വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് പ്രേക്ഷകർക്ക് പരിചയമുണ്ടാവുക. പക്ഷേ, കടന്നു പോകുന്ന മറ്റെല്ലാ കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ളവരാണെന്ന് തോന്നിയേക്കും. 






തിമിരം ബാധിച്ച അമ്മൂമ മാത്രമല്ല നാട്ടുകാരുമെല്ലാം അങ്ങനെ തന്നെ. ചോക്ലേറ്റ് നായകനെന്നത് പതിവ് നായക സങ്കൽപ്പത്തിന് നൽകുന്ന വിശേഷണമാണെങ്കിലും പൈങ്കിളിയിലെ നായകന്റെ നിറം ചോക്ലേറ്റു പോലുള്ളതാണ്. സുകുവാണ് ശരിയായ ചോക്ലേറ്റ് നായകൻ. സുകുവിന് ചുറ്റും വരുന്നവരെല്ലാം ഏകദേശം ആ നിറത്തിലുള്ളവർ തന്നെ. പതിവ് സിനിമാ സങ്കൽപങ്ങളെ പൊളിച്ചെഴുത്ത് നടത്തിയ കഥാപാത്ര വിന്യാസം. ഒരു സാധാരണ മലയാളിയുടെ നിറമെന്നതിനാൽ കാഴ്ചക്കാരന്റെ/ കാഴ്ചക്കാരിയുടെ കൂട്ടത്തിലുള്ളവർ പെട്ടെന്ന് വെള്ളിത്തിരയിലേക്ക് നടന്നു കയറിയതാണെന്ന് തോന്നും. അനശ്വര രാജൻ ഷീബ ബേബിയായും അശ്വതി നക്ഷത്രമായും മികച്ച അഭിനയം എടുത്തു കാട്ടിയിട്ടുണ്ട്. എന്നു സ്വന്തം പുണ്യാളനിൽ സംഘട്ടനം നടത്തി ഞെട്ടിച്ച അതേ അനശ്വര ഈ ചിത്രത്തിലും ശാരീരികമായ വലിയ അധ്വാനങ്ങൾ ചെയ്യുന്നുണ്ട്. 





നായിക നടിയുടെ 'ചോക്ലേറ്റ്' വിട്ടെറിഞ്ഞാണ് അനശ്വര അടുത്തിടെ കഥാപാത്രങ്ങളെ സമീപിക്കുന്നത്.പ്രത്യക്ഷത്തിൽ ഒറ്റ വരിയിൽ പറഞ്ഞു തീർക്കാനുള്ള കഥയൊന്നുമില്ല പൈങ്കിളിക്ക്. ഏതാനും യുവാക്കളും അവരുടെ പലപല വിക്രിയകളും. സമാന്തരമായി ഒരു യുവതിയും തുടർച്ചയായി അവളൊപ്പിക്കുന്ന വ്യത്യസ്ത വിക്രയകൾ. ഇതുരണ്ടും ഒരിടത്ത് ചേരുമ്പോൾ സംഭവിക്കുന്ന കുറേ കാര്യങ്ങൾ.സാധാരണമായൊരു ഗ്രാമവും അവിടുത്തെ തീർത്തും സാധാരണക്കാരായ കുടുംബാംഗങ്ങളുമെല്ലാം ചേർന്ന് രണ്ടേകാൽ മണിക്കൂറിലേറെ നേരെ രസിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുക എന്നതിൽ കവിഞ്ഞ ലക്ഷ്യങ്ങളൊന്നും പൈങ്കിളിക്കില്ല. പേരിൽ പൈങ്കിളിയുണ്ടെങ്കിലും സിനിമ അത്രയ്ക്ക് പൈങ്കിളിയില്ല. വെറും സാധാരണക്കാരായ ഏതാനും പേരുടെ ജീവിതം അത്രയ്ക്കങ്ങ് പൈങ്കിളിയായിരിക്കില്ലല്ലോ.  





പ്രേക്ഷകരെ മുഴുവൻ സമയവും സ്‌ക്രീനിൽ എൻഗേജിംഗ് ചെയ്യിക്കുന്ന ഷോട്ടുകളും സീനുകളുമാണ് ഒന്നിനു പിറകെ ഒന്നായി പൈങ്കിളിയിൽ വരുന്നത്. അടുത്ത രംഗമെന്തെന്ന് പ്രവചിക്കാനും കണക്കുകൂട്ടാനുമൊന്നും പ്രേക്ഷകർക്ക് അവസരം കൊടുക്കാതെ തെന്നിത്തെറിച്ചു പോകുന്ന തിരക്കഥയും മേക്കിംഗുമാണ് പൈങ്കിളി സ്വീകരിച്ചിരിക്കുന്നത്. സിനിമയുടെ ലഘുതമ സാധാരണ ഗുണിതവും ഉത്തമ സാധാരണ ഘടകവുമൊക്കെ തേടിപ്പോയാൽ സങ്കലനത്തിലും വ്യവകലനത്തിലുമൊക്കെ ആകെമൊത്തം തെറ്റിച്ച് പ്രേക്ഷകനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ അവസരം കൊടുക്കാതെ മുന്നേറുന്നൊരു ചിത്രമെന്ന് 'വളരെ ലളിതമായി' വിശേഷിപ്പിക്കാം പൈങ്കിളിയെ.

Find out more: