ഗെറ്റ് സെറ്റ് ബേബി തിയറ്ററുകളിൽ വിജയത്തോടെ കുതിക്കുന്നു! അടുത്തിടെ റിലീസായ ഏതാനും ചിത്രങ്ങളിൽ അധികം സംഭാഷണങ്ങളോ അഭിനയിക്കാൻ പ്രത്യേക അവസരമോ ഇല്ലാതിരുന്നതിന് ട്രോളർമാരുടെ നിശിത വിമർശനം കേട്ട നിഖില വിമൽ എല്ലാ ആരോപണങ്ങളേയും പൊട്ടിച്ചെറിയുന്നു ഈ ചിത്രത്തിൽ. സ്ത്രീ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിക്കുകയെങ്കിലും ഗെറ്റ് സെറ്റ് ബേബി എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടമാകും. ഉണ്ണിമുകുന്ദനെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന രൂപത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയാണ് ഗെറ്റ് സെറ്റ് ബേബിയിൽ. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ചാർജെടുക്കുന്ന ഡോ. അർജുന് ഗർഭിണികളെ പരിശോധിക്കുന്നത് ഒഴികെയുള്ള എല്ലാ ജോലിയും ചെയ്യേണ്ടി വരുന്നത് ഇതേ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്.
പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത പ്രസവമുറിയിൽ പ്രസവമെടുക്കുന്നത് 336 കുട്ടികളെ പുറത്തെടുത്ത കൈപുണ്യമുള്ള വയറ്റാട്ടിയാണ്!ആദ്യകാലത്ത് കുട്ടികളില്ലാത്തവർക്ക് മുമ്പിൽ ദൈവദൂതനെ പോലെ ചിരിച്ചവതരിച്ച ഡോ. അർജുൻ തൊട്ടിൽ സ്വപ്‌നം കാണുന്നവരുടെ ആശുപത്രിയിലേക്ക് വളരുകയും താൻ വന്നവഴി വളരെ എളുപ്പത്തിൽ മറന്നുപോവുകയും ചെയ്യുന്നുണ്ട്. മെഡിക്കൽ രംഗത്തെ ചൂഷണങ്ങളേയും വ്യാപാര കിടമത്സരങ്ങളേയും വളരെ ശക്തിയോടെയല്ലെങ്കിലും സിനിമ വരച്ചു കാട്ടുന്നുണ്ട്.കുട്ടികളില്ലാത്തവർക്ക് മാത്രമല്ല, പ്രസവിക്കാൻ താത്പര്യമില്ലാത്ത എന്നാൽ കുട്ടികൾ വേണമെന്ന് കരുതുന്നവരേയും ഈ സിനിമ പരിചയപ്പെടുത്തുന്നു. അഭിനയത്തിന്റേയും മോഡലിംഗിന്റേയും പരസ്യത്തിന്റേയും ഉദ്ഘാടനത്തിന്റേയും തിരക്കിൽ അലിയുന്ന ചലച്ചിത്ര നടിക്ക് പ്രസവിക്കാനുള്ള പത്തുമാസം നീക്കിവെക്കുകയെന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്.
കല്ല്യാണം കഴിക്കാൻ താത്പര്യമില്ലാത്ത യുവതിക്കാകട്ടെ ഗർഭിണിയാകണമെന്നുണ്ട്, പക്ഷേ, അതിന് പ്രമുഖ ചലച്ചിത്ര താരത്തിന്റെ ബീജമാണ് കിട്ടേണ്ടത്.ഒരുപക്ഷേ, സാധാരണക്കാർക്ക് അറിയാത്ത കുറേ കാര്യങ്ങൾ ഈ രംഗത്ത് നടക്കുന്നുണ്ടെന്ന് ഗെറ്റ് സെറ്റ് ബേബി പറയുന്നു. ലക്ഷങ്ങൾ മുടക്കിയാലും കുട്ടികളില്ലാതിരിക്കുന്നവരും വേണ്ടെന്ന് വിചാരിച്ചിരിക്കുമ്പോൾ ഗർഭിണികളാകുന്നതുമൊക്കെ സർവ സാധാരണമായ സംഗതികളാണല്ലോ.
വാടക ഗർഭപാത്രം എന്ന രീതി ഇന്ത്യൻ നിയമം അനുവദിക്കുന്നില്ലെങ്കിലും അതൊക്കെ അറിഞ്ഞും അറിയാതെയും സംഭവിക്കുന്നുണ്ട്. ഈ പ്രമേയം കേന്ദ്രമാക്കി 1989ൽ മോഹൻലാലിനെ നായകനാക്കി ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ ദശരഥം എന്ന സിനിമ സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഈ അടുത്ത് റിലീസായ അൻപോട് കൺമണി എന്ന സിനിമ കുട്ടികളില്ലാത്ത ദമ്പതികളെയാണ് ഏറിയും കുറഞ്ഞും അവതരിപ്പിച്ചിരിക്കുന്നത്.
നാളും മുഹൂർത്തവുമൊക്കെ നോക്കി ചേരുംപടി ചേർന്നാലും കുട്ടികൾ ജനിക്കണമെന്നില്ല. യാന്ത്രിക പ്രവർത്തനങ്ങളും ഫലം കാണാനുള്ള വഴിയാകണമെന്നില്ല. ആഗ്രഹം, സ്വപ്‌നം, പ്രവർത്തനം, ചികിത്സ എന്നിവയോടൊപ്പം ദൈവത്തിന്റെ പാതിയും കൂടി ഉണ്ടാകേണ്ടിയിരിക്കുന്നു ബീജവും അണ്ഡവും ചേർന്ന് കുഞ്ഞായി പിറക്കാൻ.കുഞ്ഞുങ്ങളില്ലാതിരിക്കുകയെന്നത് എക്കാലവും ദുഃഖം മാത്രമല്ല അപരാധവും കൂടിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതിൽ ഐ വി എഫ് ക്ലിനിക്കുകൾക്ക് വലിയ പങ്ക് വഹിക്കാനായിട്ടുണ്ട്. എന്നാൽ ഇത്തരം ക്ലിനിക്കുകൾ അത്തരം സാഹചര്യങ്ങളെ മുതലെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നതും പലപ്പോഴും പുറത്തു വരാറുമുണ്ട്. ഈ സാധ്യതകളെല്ലാം ചേർത്താണ് ഗെറ്റ് സെറ്റ് ബേബി പിറന്നിരിക്കുന്നത്.
Find out more: