മച്ചാന്റെ മാലാഖ:മച്ചാനും മാലാഖയുടെ സൗബിനും,നമിത പ്രമോദും! ഗ്രാമീണ അന്തരീക്ഷത്തിൽ, വ്യത്യസ്തമായ രീതിയിൽ കെ എസ് ആർ ടി സി കണ്ടക്ടറുടെ കഥ പറയാൻ നടത്തുന്ന ശ്രമം- മച്ചാന്റെ മാലാഖ തുടക്കം മികച്ച പ്രതീക്ഷ നൽകുന്നതായിരുന്നു. ഒരു സമയത്തിന് ശേഷം കാഴ്ചക്കാരന്റെ പ്രതീക്ഷകളിലേക്ക് വളാരാൻ സാധിച്ചില്ലെങ്കിലും വ്യത്യസ്തമായൊരു കുടുംബ കഥ പറയാൻ മച്ചാന്റെ മാലാഖ ശ്രമിക്കുന്നുണ്ട്. പേരിൽ പൈങ്കിളിയുണ്ടെങ്കിലും മച്ചാനും മാലാഖയും പൈങ്കിളികളല്ല. വിഷയത്തിൽ ഗൗരവമുണ്ടെങ്കിലും സിനിമ ലളിതമായി കണ്ടിരിക്കാം. പതിവ് എറണാകുളം കെ എസ് ആർ ടി സിയും നഗരത്തിലെ വഴികളും കാണിക്കുന്നതിന് പകരം എറണാകുളം- കോട്ടയം അതിർത്തി ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളും പകർത്തി കഥയ്ക്കും കാഴ്ചയ്ക്കുമെല്ലാം പുതിയ തെളിച്ചം നൽകാനുള്ള ശ്രമം അണിയറ പ്രവർത്തകരിൽ നിന്നുമുണ്ടായിരുന്നു.




 അതുകൊണ്ടുതന്നെയാണ് സിനിമ ആദ്യം പ്രതീക്ഷയുടെ കാഴ്ച സമ്മാനിച്ചത്. ഒരു ബസ് യാത്രക്കിടയിൽ ഉടക്കിത്തുടങ്ങിയ മെഡിക്കൽ ഷോപ്പ് ജീവനക്കാരി പിന്നീട് കണ്ടക്ടറുടെ ജീവിതത്തിലേക്ക് വരികയാണ്. ഏക ആൺതരി ആത്മഹത്യ ചെയ്ത പട്ടാളക്കാരന്റെ കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന സജീവന്റെ ജീവിതം വല്ലാതങ്ങ് മാറിപ്പോവുകയാണ്. പെൺഭരണമുള്ള വീട്ടിലെ ആൺ കാഴ്ചകളാണ് സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. കെ എസ് ആർ ടി സിയിലെ കണ്ടക്ടർമാരായ സജീവനും ചന്ദ്രികയും പ്രണയികളും വിവാഹിതരാകാൻ ആഗ്രഹിച്ചവരുമായിരുന്നു. രണ്ടു ദിവസം ചന്ദ്രിക ജോലിക്ക് വരാതാവുമ്പോൾ ആരും അറിഞ്ഞില്ല അവളുടെ വിവാഹമാണെന്ന്! അതോടെയാണ് മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ സജീവനും തയ്യാറാവുന്നത്.




ഇടവേള വരെ സൗബിൻ ഷാഹിറിന്റെ സജീവനും നമിതയുടെ ബിജി മോളും ദിലീഷ് പോത്തന്റെ ദാസേട്ടനും ശാന്തികൃഷ്ണയുടെ അമ്മയും മനോജ് കെ യുവിന്റെ അച്ഛനും ശ്രുതിയുടെ അനിയത്തിയും വിനീത് തട്ടിലും ആര്യയും പിന്നൊരു പോത്തുമാണ് കഥാപാത്രങ്ങളെങ്കിൽ ഇടവേളക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കൂടി വന്ന് കൊഴുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.മനോജ് കെ യുവിന് മികച്ച രീതിയിൽ സ്‌ക്രീൻ സ്‌പേസ് കിട്ടിയ സിനിമ കൂടിയാണ് മച്ചാന്റെ മാലാഖ. സംഗീത സംവിധായകൻ ഔസേപ്പച്ചൻ വക്കീലായി അതിഥി താരമായും സിനിമയിൽ വരുന്നു.
കഥ പോകുന്നത് ജീവിതത്തിലെ പ്രത്യേക നിഴൽ പ്രദേശങ്ങളിലൂടെയാണെങ്കിലും ക്യാമറയുടെ കാഴ്ചയ്ക്ക് നല്ല തെളിച്ചവും വ്യത്യസ്തതയും കൊണ്ടുവരാൻ ഛായാഗ്രാഹകൻ വിവേക് മേനോന് കഴിഞ്ഞിട്ടുണ്ട് എന്നത് സിനിമയുടെ പ്ലസ് പോയിന്റാണ്.





കഥാപാത്രങ്ങൾ നെഗറ്റീവാണെങ്കിലും ശാന്തികൃഷ്ണയുടെ കുഞ്ഞുമോൾ എന്ന അമ്മയും (അമ്മായിയമ്മ) നമിതാ പ്രമോദിന്റെ ബിജി മോളും തങ്ങളുടെ വേഷം മികവുറ്റ രീതിയിൽ തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. സംഭാഷണങ്ങളേക്കാൾ നമിത കണ്ണുകളും ചുണ്ടുകളും മാത്രം ഉപയോഗിച്ചു പോലും ബിജി മോളായി മാറിയിട്ടുണ്ട്.
 കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ട സിനിമയായതിനാൽ തന്നെ ഒരു വർഷത്തിനിടയിൽ വന്ന കാഴ്ചയിലെയും പ്രേക്ഷകരുടെ അഭിരുചിയുടേയും മാറ്റങ്ങൾ മച്ചാന്റെ മലാഖയെ ബാധിച്ചേക്കാം.

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് മച്ചാന്റെ മാലാഖ നിർമിച്ചിരിക്കുന്നത്.സിനിമയുടെ ഗ്രാമീണ കാഴ്ചയ്ക്ക് അനുസരിച്ച് എഴുതിയ ഗാനങ്ങളും അതിന്റെ സംഗീതവും പാട്ടുകൾക്ക് നൽകിയ ശബ്ദവും കൂടി എടുത്തുപറയേണ്ടതുണ്ട്.

Find out more: